ഭരണപക്ഷ തൊഴിലാളി
സംഘടനകളും സമരത്തില്‍
ആലപ്പുഴ:
സംസ്ഥാനത്തെ കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍.കോടികളുടെ ഉത്പ്പന്നങ്ങളാണ് വിവിധ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നത്.കയര്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത് 45 കോടി രൂപയുടെ കയറുത്പ്പന്നങ്ങളാണ്. സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നത് 30 കോടി രൂപയുടേതും. കോര്‍പറേഷന്‍ ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ക്ക് നല്‍കാനുള്ള കുടിശിക 50 കോടി രൂപയോളമാണ്.
അഴിക്കുന്തോറും മുറുകുന്ന കുരുക്കായി മാറുന്ന കയര്‍ വ്യവസായത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം. മതിയായ ഓര്‍ഡറില്ലാത്തതും കൂലിയിലും ഉത്പ്പന്ന വിലയിലും വര്‍ധനവില്ലാത്തതും പ്രതിസന്ധിയാകുന്നു. ഇതോടെ ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പടെ ശക്തമായി സമര രംഗത്തുണ്ട്. കേരള സ്റ്റേറ്റ് സ്‌മോള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്‌ചേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), ചെറുകിട കയര്‍ ഫാക്ടറി അസോസിയേഷന്‍ (സി.ഐ.ടി.യു), കയര്‍ ഗുഡ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) തുടങ്ങിയ തൊഴിലാളി സംഘനകളാണ് ദിവസങ്ങളായി പണിമുടക്കുന്നത്.
ഓര്‍ഡറുകള്‍ കുറഞ്ഞതോടെ മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.കയറ്റുമതിക്കാരില്‍ നിന്നും ഓര്‍ഡര്‍ വാങ്ങുന്നതോടൊപ്പം കോര്‍പറേഷന്‍ സ്വന്തം നിലയ്ക്ക് വിദേശ ഓര്‍ഡര്‍ സമ്പാദിക്കണമെന്നാണ് മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. ഫാക്ടറി തൊഴിലാളികളുടെ കൂലി അഞ്ചു വര്‍ഷമായി 400 രൂപ മാത്രമാണ്. കയര്‍ പിരി തൊഴിലാളികളുടെ കൂലി 360 രൂപയും. കയര്‍ മേഖലയെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ് , ഫോംമാറ്റിങ്‌സ് എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനകളുടെ പരാതി.
കയറ്റുമതിക്കാരെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വലിയ തോതിലുള്ള സബ്‌സിഡിയും സൗകര്യങ്ങളും കയറ്റുമതിക്കാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
Comments are closed for this post.