തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്താനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇക്കുറി കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. എല്ലാവര്‍ക്കും കിറ്റുനല്‍കിയാല്‍ സര്‍ക്കാരിനു കനത്ത ബാധ്യതയുണ്ടാകും. അതിനാല്‍ ഏറ്റവും ദരിദ്രരായവരെമാത്രം പരിഗണിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്.
മഞ്ഞ റേഷന്‍കാര്‍ഡുകാര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാല്‍ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനല്‍കിയാല്‍പ്പോലും 30 കോടിയോളം രൂപ ചെലവേവരൂ. പിങ്കുകാര്‍ഡുകാരെക്കൂടി പരിഗണിച്ചാല്‍ 35.52 ലക്ഷം കിറ്റുകള്‍ നല്‍കേണ്ടിവരും. ചെലവ് 200 കോടി കടക്കും.കൂടാതെ, കഴിഞ്ഞതവണ കിറ്റുവിതരണം തുടങ്ങിയപ്പോള്‍ ഒട്ടേറെ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടായി. തുടര്‍ന്ന് മറ്റിനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റുനല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത്.
മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവര്‍ക്കും മാത്രം കിറ്റ് എത്തിക്കാനാണ് ധാരണ. നിലവില്‍ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാലെ തല്‍ക്കാലം പിടിച്ച് നില്‍ക്കാനാകു എന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്. എന്നാല്‍ ചോദിച്ചതത്രയും കൊടുക്കാനാകുമെന്ന ഉറപ്പ് ധനവകുപ്പ് നല്‍കുന്നതേയില്ല.
സബ്‌സിഡി സാധനങ്ങള്‍ വിതരണംചെയ്ത വകയില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ കോടികള്‍ നല്‍കാനുണ്ട്. പണം കിട്ടാത്തതിനാല്‍ സാധനങ്ങളെത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ തയ്യാറാകാത്തതിനാല്‍ സപ്ലൈകോയും പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ ഇക്കുറി ഓണക്കിറ്റുവിതരണത്തിന്റെ ബാധ്യതകൂടി ഏറ്റെടുക്കാന്‍ സപ്ലൈകോയും തയ്യാറാകില്ല.
Comments are closed for this post.