
റിയാദ്: വാട്സ്ആപ്പിൽ വിവരങ്ങൾ ഷെയർ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി ധനകാര്യ മന്ത്രാലയം രംഗത്ത്. മന്ത്രാലയവുമായി നേരിട്ടോ അല്ലാതെയോ ഉള്ള യാതൊരു വിവരങ്ങളും വാട്സ്ആപ്പിൽ കൂടി ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായാണ് സഊദി ധനകാര്യ മന്ത്രാലയം രംഗത്തെത്തിയത്. വ്യക്തിഗത ഉപയോഗത്തിനായി കൂടുതൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ വേറെയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സേവനം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉപയോക്താക്കളെ അവരുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കിടുമെന്നും അതിനുള്ള എഗ്രിമെന്റ് ചെയ്യാത്തവർക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധ്യമാകില്ലെന്നും അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു .
ഐപിഅഡ്രസ് (ഇന്റർനെറ്റ് പ്രോട്ടോക്കോൾ), സ്ഥാനം എന്നിവ വ്യക്തമാക്കുന്നതിനൊപ്പം, ഫോൺ നമ്പർ, അകൗണ്ട് ഇമേജുകൾ, ആപ്ലിക്കേഷനിലെ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്ന് വ്യക്തമാക്കി സ്വകാര്യതാ നയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചാണ് അടുത്തിടെ വാട്സ്ആപ്പ് രംഗത്തെത്തിയത്. ഇത്തരം വിവരങ്ങൾ അവരുടെ മാതൃ സ്ഥാപനമാണ് ഫേസ്ബുക്കിന് കൈമാറുമെന്നാണ് സന്ദേശം. ഇതേ തുടർന്ന് ആളുകൾ വാട്സ്ആപ്പ് ഒഴിവാക്കി സിഗ്നൽ പോലെയുള്ള മറ്റു ആപ്ലിക്കേഷനുകളിലേക്ക് മാറുകയാണ്. വാട്സ്ആപ്പിനേക്കാൾ കൂടുതൽ സുരക്ഷിതമാണ് സിഗ്നൽ പോലെയുള്ള ആപുകൾ എന്നാണ് ഈ മേഖലയിലെ വിദഗ്ധർ നൽകുന്ന സൂചന.