ശ്രീനഗർ: സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയ ജനസമ്പർക്ക പ്രചാരണപരിപാടിയായ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം. സ്വതന്ത്ര്യാനന്തരം രാജ്യം ഏറ്റവുമധികം വർഗീയമായി വിഭജിക്കപ്പെടുകയും വിദ്വേഷമുദ്രാവാക്യങ്ങൾ മുഖരിതമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യമന്ത്രങ്ങൾ ഓതി ഭാരത് ജോഡോ (ഇന്ത്യയെ ഒന്നിപ്പിക്കൽ) എന്നപേരിൽ രാഹുൽഗാന്ധി ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് യാത്ര തുടങ്ങിയത്.
ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ കന്യാകുമാരിയിൽ നിന്ന് കാൽനടയായി തുടങ്ങിയ യാത്രയ്ക്ക് പര്യവസാനമായി. സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ പന്താചൗക്കിൽ നിന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 12 മണിയോടെ ലാൽ ചൗക്കിൽ അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് ദേശീയപതാക ഉയർത്തിയത്. ലാൽ ചൗക്കിൽ രാഹുൽഗാന്ധിയുടെ മുത്തച്ചൻ കൂടിയായ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ആദ്യമായി പതാക ഉയർത്തിയത്.
യാത്ര ഇന്നലെ നിർത്തിയെങ്കിലും ഇന്ന് നടക്കുന്ന സമാപനചടങ്ങ് ബി.ജെ.പിയിതര കക്ഷികളുടെ സംഗമവേദികൂടിയായി മാറും. പ്രശസ്തമായ ലാൽ ചൗക്കിലാണ് സമാപനചടങ്ങ്. ഇതിലേക്ക് 22 പാർട്ടികളെയാണ് കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത്. എസ്.പി, തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി എന്നിവർ പങ്കെടുക്കില്ലെന്ന് അറിയിച്ചു. എന്നാൽ ഡി.എം.കെ, എൻ.സി.പി, ആർ.ജെ.ഡി, ജെ.ഡി.യു, ശിവസേ, സി.പി.എം, സി.പി.ഐ, വി.സി.കെ, കേരളാ കോൺഗ്രസ്, പി.ഡി.പി, നാഷനൽ കോൺഫ്രൻസ്, ജെ.എം.എം തുടങ്ങിയ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുക്കും.
സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് ശ്രീനഗറിലെത്തിയത്. 75 ജില്ലകളിലൂടെ ഇതിനകം 4080 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. 145 ദിവസമാണ് യാത്രയ്ക്ക് വേണ്ടിയെടുത്തത്.
Comments are closed for this post.