2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അഞ്ചാം മന്ത്രിയും”പതിനൊന്നാം മന്ത്രിയും’

അനൂപ് വി.ആർ

ഒന്നും ഒന്നും ചേർന്നാൽ എപ്പോഴും രണ്ടായിരിക്കണം എന്നില്ലെന്ന് മലയാളിയോട് പറഞ്ഞത് മൺമറഞ്ഞ മഹാസാഹിത്യകാരനാണ്. അന്ന് ഇമ്മിണി വലിയ ഒന്ന് എന്ന സാഹിത്യയുക്തിയിലൂടെ ഗണിതശാസ്ത്ര യുക്തിയെ മറിച്ചിടുകയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. എന്നാൽ ഇപ്പോൾ അഞ്ചാണോ പതിനൊന്നാണോ വലുതെന്ന് ന്യായമായും സംശയിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് ശരാശരി രാഷ്ട്രീയ മലയാളിക്ക് മുന്നിൽ.

അഞ്ചാം മന്ത്രിയെന്ന പ്രയോഗമുണ്ടായതും അതിലേക്ക് നയിച്ച സാഹചര്യങ്ങളും മറക്കാൻ മാത്രം അധികനാളായിട്ടില്ല. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയിൽനിന്ന് അഞ്ചുപേർ മന്ത്രിസ്ഥാനത്തേക്ക് കടന്നുവന്നാൽ പുരോഗമന കേരളത്തിന്റെ മതേതര അനുപാതം തകർന്നുപോകുമെന്ന് ആശങ്കപ്പെട്ടവർ അതിന് കാരണമായി പറഞ്ഞത് ആകെ മുസ്‌ലിം മന്ത്രിമാരുടെ എണ്ണത്തിലുള്ള വർധനവായിരുന്നുവെങ്കിൽ, ആ മന്ത്രിസഭയിൽ അപ്പോൾപോലും മുസ്‌ലിം ജനവിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.

   

എന്നാൽ ഇന്ന് ഒരു സാമുദായിക വിഭാഗത്തിൽനിന്ന് പതിനൊന്ന് പേർ – അതായത് മൊത്തം മന്ത്രിമാരുടെ എണ്ണത്തിന്റെ പകുതിയിലേറെ പേർ ആകുന്നതിന്റെ അനൗചിത്യം – അതിലടങ്ങിയ ഇടത് ഇരട്ടത്താപ്പ് ഇനിയും ചർച്ചയാകാത്തത് സൂക്ഷ്മ വിശകലനം അർഹിക്കുന്ന വിഷയമാണ്.


‘മലയാളി മെമ്മോറിയൽ’ തൊട്ട് ഇങ്ങോട്ടാണ് പ്രതിനിധാനം ഒരു മൗലിക പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത്. തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗങ്ങൾ മുഴുവൻ പരദേശി ബ്രാഹ്മണർ കൈയടക്കിവച്ചിരിക്കുകയാണെന്ന പരിവേദനമായിരുന്നു മലയാളി മെമ്മോറിയലിന്റെ പിറവിക്ക് പിന്നിൽ. അന്ന് അതിനുവേണ്ടി തദ്ദേശീയമായ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിന്നു. മലയാളി മെമ്മോറിയിന്റെ വിജയത്തെ തുടർന്ന് പരദേശി ബ്രാഹ്മണാധിക്യത്തിന് കുറവ് സംഭവിച്ചുവെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അധികാരം അപ്പോഴും അപ്രാപ്യമായിരുന്നു. പരദേശി ബ്രാഹ്മണരിൽനിന്ന് അധികാരത്തിന്റെ ബാറ്റൺ ഏറ്റുവാങ്ങിയത് മുന്നോക്ക സമുദായങ്ങളാണ്.

അതിനെത്തുടർന്നാണ് ഈഴവ മെമ്മോറിയൽ അനിവാര്യമായത്.
അധികാരത്തിൽ അന്ന് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതിരുന്ന ഈഴവ/മുസ്‌ലിം/പിന്നോക്ക ക്രിസ്ത്യൻ /ദലിത് വിഭാഗത്തിന്റെ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അതിൽ എക്കാലത്തും ഏറ്റവും പ്രതിലോമകരമായ പങ്കുവഹിച്ചത് ഇവിടത്തെ ഇടതുസർക്കാരുകൾ തന്നെയാണ്. ഇന്ത്യയിൽ ആദ്യമായി സാമുദായികമായ പിന്നോക്കാവസ്ഥയുടെ പേരിലുള്ള സംവരണത്തെ തകർക്കാനുള്ള പ്രത്യക്ഷ നീക്കം നടത്തിയത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. അന്ന് ഇതിനോട് പ്രതികരിച്ച കേരള കൗമുദിയുടെ പത്രാധിപർ സുകുമാരൻ ഉയർത്തിയ പ്രസക്ത ചോദ്യം ഇം.എം.എസ് തന്റെ മന്ത്രിസഭയിലെ സംവരണ സമുദായ അംഗങ്ങളായ ഗൗരിയമ്മയോടും മജീദിനോടും ചാത്തൻ മാസ്റ്ററോടും എന്ത് സമാധാനം പറയുമെന്നായിരുന്നു.

അന്നും മന്ത്രിസഭയിലെ സംവരണ സമുദായ പ്രാതിനിധ്യം നാമമാത്രവും സംവരണേതര വിഭാഗങ്ങൾ ഭൂരിപക്ഷവും ആയിരുന്നു. സുകുമാരന്റെ പ്രസ്താവനയോടുകൂടി ഇ.എം.എസും അദ്ദേഹത്തിന്റെ പാർട്ടിയും പിൻവാങ്ങിയെങ്കിലും അവർ ആ ശ്രമങ്ങൾ തുടർന്നു എന്നത് ഇതുവരെയുള്ള ചരിത്രം.


ദേശീയരാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾകൂടി ഈ പാശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. സംഘ്പരിവാറിന്റെ ഹിന്ദുത്വ ഏകീകരണ പരിശ്രമങ്ങൾക്കുള്ള ഫലപ്രദ ബദലായി ജാതി സെൻസസിനെ ഇതിനോടകം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാട്ടുമ്പോൾ അതിലേക്ക് നയിച്ച ചരിത്ര സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മണ്ഡൽ കമ്മിഷൻ റിപ്പോട്ടിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഉടനീളമുണ്ടായ ആനുപാതിക പ്രാതിനിധ്യത്തിനു വേണ്ടിയുള്ള മുറവിളികളെയാണ് മുസ്‌ലിം വിരുദ്ധതയിലൂടെ സംഘ്പരിവാർ തോൽപ്പിച്ച് കളഞ്ഞത്.

എന്നാൽ അതേ സാമൂഹികനീതിയുടെ മുദ്രാവാക്യമാണ് ഇപ്പോൾ ദശകങ്ങൾക്കുശേഷം സംഘ്പരിവാറിനെതിരേ ഉയർത്തപ്പെട്ടത്. എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം എന്നതാണ് ജാതിസെൻസസ് മുന്നോട്ടുവയ്ക്കുന്ന സാമൂഹികനീതിയുടെ രാഷ്ട്രീയം. ബിഹാറിൽ നിതീഷ് കുമാറും കോൺഗ്രസ് സർക്കാരുകളും അതിനെ പിൻപറ്റിയപ്പോൾ പി

ണറായി വിജയന്റെ സർക്കാർ സമ്പൂർണമായി മുഖം തിരിക്കുകയായിരുന്നു.
പ്രതിനിധാനത്തിന്റ രാഷ്ട്രീയത്തോടുള്ള ഇൗ വിരുദ്ധതയാണ് പിണറായിയുടെ മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിലും പ്രതിഫലിച്ചത്. പിന്നോക്ക ക്രിസ്ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്നുള്ള രണ്ടുമന്ത്രിമാർ ഒഴിവാക്കപ്പെട്ടപ്പോൾ ഇപ്പോൾ തന്നെ അർഹിക്കുന്നതിൽ കൂടുതൽ പ്രാതിനിധ്യമുള്ള മുന്നോക്ക സമുദായത്തിൽ നിന്ന് രണ്ടുപേർ ഉൾപ്പെടുത്തപ്പെട്ടു എന്ന് മാത്രമല്ല,

അതേ മാനദണ്ഡങ്ങൾ എല്ലാമുള്ള ദലിതനായ കോവൂർ കുഞ്ഞിമോന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. ഇത് എന്തുകൊണ്ടെന്ന് പറയാനുള്ള ഉത്തരവാദിത്വം അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരിൽ കേരളം മുഴുവൻ വെറുപ്പ് പടർത്തിയവർക്കാണ്. ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല എന്ന് പറഞ്ഞത് ഭാഷയിലെ ബഷീറിയൻ മാജിക്കായിരുന്നുവെങ്കിൽ, അഞ്ചിനേക്കാൾ ചെറുതാണ് പതിനൊന്ന് എന്ന് സ്ഥാപിക്കുന്നതിൽ പതിവ് ഇടത് ഗിമ്മിക്കുകൾ പരാജയപ്പെടുകതന്നെ ചെയ്യും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.