
ദോഹ: കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പർതാരം നെയ്മറില്ലാതെ മുൻ ലോക ചാംപ്യൻമാരായ ബ്രസീൽ രണ്ടാം ജയം തേടി ഇന്നിറങ്ങുന്നു. ഇന്ന് സ്വിറ്റ്സർലൻഡിനെതിരേ രാത്രി 9.30 നാണ് മത്സരം.
നെയ്മറുടെ പൊസിഷനിൽ റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ വരാനാണ് സാധ്യത. എന്നാൽ പകരക്കാരൻ ആരായിരിക്കുമെന്ന് ഇതുവരെ കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടില്ല. നെയ്മറില്ലാതെ കളിച്ചുജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക ടൂർണമെന്റിൽ ടിറ്റെ തെളിയിച്ചിട്ടുണ്ട്. അന്ന് സെമിയിൽ അർജന്റീനയെയും ഫൈനലിൽ പെറുവിനെയും തോൽപ്പിച്ചാണ് ബ്രസീൽ കപ്പുയർത്തിയത്. ടൂർണമെന്റിൽ പരുക്കുമൂലം നെയ്മർക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക. നെയ്മറടക്കം എട്ട് മുന്നേറ്റതാരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്.
ആദ്യകളിയിൽ പ്രതിരോധ ഫുട്ബോൾ കളിച്ച സെർബിയയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സ്ട്രൈക്കർ റിച്ചാലിസൺ നേടിയ ഇരട്ടഗോളാണ് ബ്രസീലിന് സഹായകരമായത്. റിച്ചാർലിസൺ നേടിയ ഗോളുകളിലൊന്ന് ചാമ്പ്യൻഷിപ്പിലെ ഗോളായി ഇതിനകം വാഴ്ത്തപ്പെട്ടുകഴിഞ്ഞു.
സ്വിറ്റ്സർലൻഡും ആദ്യ മൽസരം ജയിച്ചാണ് വരുന്നത്. കാമറൂണിനെ ഒരു ഗോളിന് തോൽപ്പിച്ച ഷെർദാൻ ഷാക്കിരിയുടെ ടീം ആത്മവിശ്വാസത്തിലാണ്. ഈ മൽസരം ജയിക്കുന്നവർ പ്രീക്വാർട്ടറിലെത്തും.
FIFA World Cup 2022 Brazil takes on Switzerland without Neymar
Comments are closed for this post.