2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിയ്ക്ക്; ഫെയർപ്ലേ പുരസ്കാരം ബ്രസീലിന്, വംശവെറിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം

എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിയ്ക്ക്; ഫെയർപ്ലേ പുരസ്കാരം ബ്രസീലിന്, വംശവെറിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം

ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. യുവ താരങ്ങളായ എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കിയാണ് 36 കാരന്റെ നേട്ടം. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെയും ബാർസിലോനയുടെയും താരം അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി.

സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം ബ്രസീൽ ടീം സ്വന്തമാക്കി. വംശവെറിക്കെതിരെ വിനീഷ്യസ് ജൂനിയറിന് സഹതാരങ്ങൾ നൽകിയ ഐക്യദാർഢ്യത്തിനാണ് ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഫെയർ പ്ലേ പുരസ്കാരം സ്വന്തമാക്കിയത്. ബ്രസീലിയൻ ഇതിഹാസ താരങ്ങളായ കഫു, റൊണാൾഡോ, ജൂലിയർ സീസർ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്സൻ സ്വന്തമാക്കി.

മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം സിറ്റി ക്ലബ്ബിന്റെ പരിശീലകൻ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതാണ് ഗ്വാർഡിയോളയെ പുരസ്കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം.

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും താരമായ മേരി ഏർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗയ്ക്കാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം.

അതേസമയം, ലണ്ടനിൽ നടന്ന അവാർഡ് ചടങ്ങിൽ മെസ്സി അവാർഡ് സ്വീകരിക്കാൻ എത്തിയിരുന്നില്ല. പുരസ്‌കാര ഹാളണ്ടും എംബപെയും എത്തിയില്ല. അർജന്റീനയെ ലോകകിരീടത്തിനായുള്ള നയിച്ച പ്രകടനമാണ് പ്രധാനമായും മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ, 4 തവണ ഫിഫ ബലോൻ ദ ഓർ, 3 തവണ ഫിഫ ദ ബെസ്റ്റ് എന്നിവയാണ് മെസ്സിയുടെ നേട്ടം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.