2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

ഓരോ പനിക്കാലവും പേടിയില്ലാകാലമാവട്ടെ


കാലവർഷം വിടവാങ്ങുന്നതോടനുബന്ധിച്ച് കാലാവസ്ഥയിൽ വരുന്ന മാറ്റം കേരളത്തിൽ പനിബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയിരിക്കുകയാണ്. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇത്തവണ പനിയും പകർച്ചവ്യാധികളും വീണ്ടും തലപൊക്കി തുടങ്ങിയത് ആശങ്ക പരത്തുന്നുണ്ട്. പനിയുടെ സ്വഭാവത്തിൽ വന്ന മാറ്റവും പനിക്കൊപ്പം കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. 3.3 ലക്ഷം പേരാണ് സെപ്റ്റംബറിൽ പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 14,583 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയെത്തിയെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് പനി പടരുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലുമാണ്. പ്രതിദിനം ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 24 ന് 1448 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ പനി കണക്കുകളിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എങ്കിലും പനി പടരുന്ന സാഹചര്യങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ടുനിൽക്കുന്നത് നല്ലതാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ പ്രതിരോധിക്കുന്നത്.

സംസ്ഥാനത്തെ പനിക്കണക്കുകൾ സർക്കാർ ആശുപത്രികളിലെ കണക്കു മാത്രം വച്ച് തിട്ടപ്പെടുത്താനാകില്ല. സർക്കാർ ആശുപത്രികളിലേക്കാൾ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളെത്തുന്നുണ്ട്. ഇതിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്താൻ സംവിധാനമില്ലാത്തത് ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ്. രോഗത്തിന്റെ വ്യാപന തോത് പ്രദേശത്ത് എത്രയുണ്ടെന്ന് അറിയാൻ ഈ കണക്കുകളുടെ അഭാവം കാരണമാകുന്നു.

രോഗം പടരാൻ പ്രധാന കാരണം കാലാവസ്ഥാ മാറ്റമാണെന്ന് ആരോഗ്യവകുപ്പും കണക്കുകൂട്ടുന്നു. മഴക്ക് ശേഷം പെട്ടെന്ന് ചൂടുള്ള കാലാവസ്ഥ പനിക്ക് കാരണമാകാറുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിനു അനുസരിച്ച് ശരീരം പ്രതികരിക്കാൻ കഴിയാത്തതാണിതിനു കാരണം. പകൽ സമയത്ത് നല്ല ചൂടും രാത്രിയിൽ തണുപ്പുമുള്ള കാലാവസ്ഥയും രോഗത്തിന് ഇടയാക്കാറുണ്ട്. ഇത്തവണ കാലവർഷത്തിന്റെ ഭാഗമായ മഴ പിൻവാങ്ങാൻ ഒരുങ്ങവെ അത്തരമൊരു കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. വെള്ളം കെട്ടിനിന്നും മറ്റും കൊതുകുകൾ കൂടിയതിനാൽ ഡെങ്കിപ്പനിയും വ്യാപകമായി. 1,017 പേരാണ് കഴിഞ്ഞ ദിവസം ഡെങ്കി ബാധിച്ച് ചികിത്സയ്ക്ക് എത്തിയത്. മലിനജലത്തിലും മറ്റും പകരുന്ന എലിപ്പനിയും കൂടുന്നുണ്ട്. കഴിഞ്ഞ മാസം 244 കേസുകൾ എലിപ്പനി റിപ്പോർട്ട് ചെയ്തു. വൈറസ് രോഗമായ ചിക്കൻപോക്‌സും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ഇടവിട്ട് പനി പിടിക്കുന്നതും കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന വൈറൽ പനിയുമാണ് ഇത്തവണത്തെ പ്രത്യേകത. ലോക്ക്ഡൗണും മറ്റും മൂലം കുട്ടികളിൽ ഉൾപ്പെടെ രോഗപ്രതിരോധ ശേഷി കുറഞ്ഞോ എന്ന പഠനവും നടക്കേണ്ടതുണ്ട്.

ഭീതിദമല്ലെങ്കിലും ഓരോ പനിക്കാലവും സർക്കാരും പൊതുജനങ്ങളും ജാഗ്രതയോടെ കരുതേണ്ട സമയമാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് രോഗവ്യാപനം എളുപ്പമാണ്. ആരോഗ്യശീലങ്ങൾ ജനങ്ങൾ പിന്തുടരുകയാണ് രോഗത്തെ ചെറുക്കാനുള്ള പ്രധാന വഴി. വൈറൽ പനിയും മറ്റും കൊവിഡ് മാനദണ്ഡം പാലിച്ച് തടയാനാകും. കൊവിഡ് പോയെന്ന് കരുതി കൈകൾ സോപ്പിട്ട് കഴുകുന്നതോ സാനിറ്റൈസർ ഉപയോഗിക്കുന്നതോ ഈ പനിക്കാലത്ത് നിർത്തിവയ്‌ക്കേണ്ടതില്ല. പുറത്തുപോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകി വീട്ടിൽ കയറുക. പുറത്തുനിന്നുള്ള രോഗാണുക്കളെ വീട്ടിലേക്ക് കയറ്റാതിരിക്കുക. വീട്ടിലൊരാൾക്ക് രോഗം വന്നാൽ എല്ലാവരിലേക്കും പടരുകയാണ് ഇപ്പോൾ. രോഗം വന്നയാളുമായി അടുക്കളയിലും മറ്റും സമ്പർക്കം പുലർത്തുന്നത് മൂലമാണിത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുകയും അയാളെ താൽക്കാലികമായി ഏതാനും ദിവസം മാറ്റിനിർത്തുകയും ചെയ്താൽ മറ്റാരിലേക്കും രോഗം പടരില്ല. ഇതു മൂലം ചികിത്സാ ചെലവും സമയനഷ്ടവും മറ്റുള്ളവർക്കും ലാഭിക്കാം.
നമ്മുടെ നാട്ടിൽ പതിവായുണ്ടാകുന്ന രോഗങ്ങൾ എങ്ങനെ പടരുന്നുവെന്നും എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള അറിവുകൾ രോഗങ്ങളില്ലാത്ത വീടിനെ സൃഷ്ടിക്കാനാകും. കാലാവസ്ഥാവ്യതിയാനവും മറ്റും തടഞ്ഞുനിർത്താൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയേക്കാൾ വേണ്ടത് സ്വയം പ്രതിരോധമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാതിരിക്കാൻ ആഴ്ചയിലൊരിക്കൽ വീടിനു സമീപത്തെ പാഴ് വസ്തുക്കളിൽ കെട്ടിനിൽക്കുന്ന വെള്ളവും മറ്റും ഒഴിച്ചുകളയുക. ഡ്രൈ ഡേ ചെയ്യാൻ ആരോഗ്യവകുപ്പുകാർ വരട്ടെ എന്ന് കാത്തിരിക്കേണ്ടതില്ല. വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക. രോഗം വന്നാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രങ്ങളിലെത്തുക.

കഴിഞ്ഞ വർഷങ്ങളിലെ പനിക്കാലത്ത് നിരവധി പേരാണ് നമ്മെ വിട്ടുപിരിഞ്ഞതെന്ന് വിസ്മരിക്കരുത്. കൃത്യമായ ആരോഗ്യശീലങ്ങളും പരിപാലനങ്ങളിലൂടെയും നാടിന്റെ ആരോഗ്യം കാക്കാനാകും. അതിൽ മുഖ്യ പങ്കുവഹിക്കാൻ പൊതുജനങ്ങൾക്കാണ് കഴിയുക. സർക്കാരോ ആരോഗ്യവകുപ്പോ മാത്രം ശ്രമിച്ചാൽ നമ്മുടെ വീടുകളിലെ രോഗം ഇല്ലാതാക്കാനാകില്ല. നാം വിചാരിച്ചാൽ അത് എളുപ്പം നടക്കുകയും ചെയ്യും. ഒപ്പം രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ ആശുപത്രികളിൽ മരുന്നും മറ്റും സർക്കാർ ഉറപ്പുവരുത്തണം. രോഗികളുടെ എണ്ണം കുറഞ്ഞാൽ മികച്ച ചികിത്സ നൽകാനാകും. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ച് സർക്കാർ ആതുരാലയങ്ങൾ രോഗീ സൗഹൃദമാക്കുകയും വേണം. ഒാരോ പനിക്കാലവും പേടിയില്ലാത്ത കാലമായി മാറട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.