തുര്‍ക്കി പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ മതപുരോഹിതന്‍ ഫെത്തുല്ല ഗുലെനാണെന്ന വാദവുമായി സര്‍ക്കാര്‍ വൃത്തങ്ങളും വീണ്ടും രംഗത്തെത്തി. അട്ടിമറി ശ്രമത്തില്‍ ഫെത്തുല്ല നേരിട്ട് പ്രവര്‍ത്തിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് തുര്‍ക്കിഷ് സര്‍ക്കാര്‍ അഭിഭാഷകന്‍ റോബര്‍ട്ട് ആംസ്റ്റര്‍ഡാം പറഞ്ഞു. യു.എസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഇയാള്‍ ഒരു വിഭാഗം സൈന്യത്തെ ഉപയോഗിച്ച് ഭരണ അട്ടിമറിക്ക് ശ്രമിക്കുകയായിരുന്നു.
ഫെത്തുല്ലയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന പട്ടാള മേധാവികളെ ഉപയോഗിച്ചാണ് ഇങ്ങനൊരു ശ്രമത്തിന് തുനിഞ്ഞതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളിക്കളയുകയാണ് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെത്തുല്ലയുടെ അനുയായി ഗ്രൂപ്പ്. തുര്‍ക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഏത് സൈനിക നീക്കമുണ്ടായിട്ടുണ്ടെങ്കിലും തങ്ങള്‍ അപലപിക്കുന്നുവെന്ന് ഇവര്‍ പറഞ്ഞു.
തുര്‍ക്കിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായാണ് ഫെത്തുല്ല ഗുലെന്‍ എന്ന മതപുരോഹിതന്‍ അറിയപ്പെടുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉറ്റ സുഹൃത്തായിരുന്നുവെങ്കില്‍ പിന്നീട് ഇവര്‍ തമ്മില്‍ അകല്‍ച്ചയുണ്ടായി. 1999 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതോടെ ഇദ്ദേഹം യു.എസിലേക്ക് നാടുവിട്ടു.
പൊതുപരിപാടിയിലോ ഇടങ്ങളിലോ അത്യപൂര്‍വ്വമായി മാത്രം വരുന്ന തുര്‍ക്കിയിലെ ആത്മീയ നേതാവായ ഫെത്തുല്ല ഗുലെന്റെ പ്രവര്‍ത്തന മേഖല അധികവും വ്യാപിച്ചുകിടക്കുന്നത് യു.എസിലാണ്. അനുയായികളും കൂടുതല്‍ യു.എസിലാണ്. 100 രാജ്യങ്ങളിലധികമായി ആയിരത്തിലധികം സ്‌കൂളുള്‍ ഫെത്തുല്ലയുടെ അനുയായികള്‍ പണിതിട്ടുണ്ട്. യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍, ബാങ്ക് തുടങ്ങി ന്യൂസ്‌പേപ്പര്‍, റേഡിയോ, ടി.വി മേഖലയിലും ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവര്‍ക്ക്.
തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫെത്തുല്ല ശ്രമിക്കുന്നുണ്ടെന്ന് ഉര്‍ദുഗാന്‍ മുന്‍പേ ആരോപിക്കുന്നുണ്ട്. ഈ കുറ്റത്തില്‍ ഫെത്തുല്ലയെ തുര്‍ക്കിയിലെത്തിച്ച് ശക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉര്‍ദുഗാന്‍. ഫെത്തുല്ലയെ തുര്‍ക്കിയിലേക്കയക്കുന്ന കാര്യത്തില്‍ യു.എസ് മൃദുനയമാണ് സ്വീകരിച്ചുപോരുന്നത്.
രാഷ്ട്രീയപ്രേരിതമായാണ് തന്നെ ഉര്‍ദുഗാന്‍ വേട്ടയാടുന്നതെന്ന് യു.എസിന് അറിയാമെന്നാണ് ഫെത്തുല്ല പറയുന്നത്. ഉന്നത ജനാധിപത്യ മൂല്യം പുലര്‍ത്തുന്ന യു.എസ് ഉര്‍ദുഗാന്റെ ലക്ഷ്യം നിറവേറ്റാന്‍ അനുമതി നല്‍കില്ലെന്നും ഫെത്തുല്ല പറഞ്ഞിട്ടുണ്ട്.
Comments are closed for this post.