പനജി: ഐ.എസ്.എല്ലിൽ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എവേ മത്സരത്തിൽ എഫ്.സി ഗോവയാണ് ഇന്ന് മഞ്ഞപ്പടയുടെ എതിരാളികൾ. അവസാനമായി മുംബൈ സിറ്റിയോട് എതിരില്ലാത്ത നാലു ഗോളിന്റെ പരാജയം നേരിട്ട ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കനത്ത പരാജയം നേരിട്ടത്. 13 മത്സരത്തിൽ നിന്ന് 25 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോഴുള്ളത്.
സ്ഥാനം നിലനിർത്തി ആദ്യ നാലിൽ ഇടംനേടണമെങ്കിൽ മഞ്ഞപ്പടക്ക് ഇന്ന് ജയിച്ചേ തീരു എന്ന അവസ്ഥയാണ്. 14 മത്സരത്തിൽ നിന്ന് 20 പോയിന്റുള്ള എഫ്.സി ഗോവ പട്ടികയിൽ ആറാം സ്ഥാനത്തും നിൽക്കുന്നു. മുംബൈക്കെതിരേ കളത്തിലിറങ്ങിയ ടീമിൽ കാര്യമായ മാറ്റമില്ലാതെയാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. അറ്റാക്കിങ്ങിന് മുൻതൂക്കം നൽകി പരമാവധി വേഗത്തിൽ സ്‌കോർ ചെയ്യാനാവും ഇവാന്റെയും സംഘത്തിന്റെയും ശ്രമം. പരുക്കേറ്റ ലെസ്‌കോവിച്ച് ഇന്നത്തെ മത്സരത്തിലും കളത്തിലിറങ്ങില്ല. പരുക്ക് കാരണം താരത്തിന് മുംബൈക്കെതിരേയുള്ള മത്സരം നഷ്ടമായിരുന്നു. പരുക്ക് സാരമുള്ളതല്ലെന്നും ഉടൻ തന്നെ ലെസ്‌കോവിച്ച് കളത്തിലേക്ക് തിരിച്ചെത്തുമെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച് വ്യക്തമാക്കി.
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലാണ് ഗോവ കളിക്കാനെത്തുന്നത്. ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാൻ ഗോവക്ക് ജയം അനിവാര്യമായതിനാൽ ഫറ്റോർദ സ്‌റ്റേഡിയത്തിൽ ഇന്ന് തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.
Comments are closed for this post.