വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ അച്ഛനെ മുൻകാമുകനും സംഘവും ചേർന്ന് കൊലപ്പെടുത്തി. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവർ പിടിയിലായി.
വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടിയാണ് ദാരുണ സംഭവം നടന്നത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സമീപവാസിയായ ജിഷ്ണുവും സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവർ ശ്രീലക്ഷ്മിയുടെ വീട്ടിൽ വരികയും രാജുവുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കം മൂർച്ഛിച്ചതോടെ ജിജിൻ മൺവെട്ടി കൊണ്ട് അടിച്ചും കത്തി കൊണ്ട് വെട്ടിയും രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടി മറ്റൊരു വിവാഹത്തിന് തയാറായി. പ്രണയം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നു.
Comments are closed for this post.