2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ഞാന്‍ എവിടെയാണെന്ന് മാതാപിതാക്കള്‍ക്ക് നന്നായി അറിയാം; അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണ്’ ഹേബിയസ് കോര്‍പസ് ഹരജിയില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ

‘ഞാന്‍ എവിടെയാണെന്ന് മാതാപിതാക്കള്‍ക്ക് നന്നായി അറിയാം; അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണ്’ ഹേബിയസ് കോര്‍പസ് ഹരജിയില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ

തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ മണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛന്‍ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തില്‍ നല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”ഹാദിയ പറഞ്ഞു.

അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”സുപ്രിംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണു ചെയ്തത്. സ്വാതന്ത്ര്യം വേണമെന്നാണ് ഞാന്‍ സുപ്രിംകോടതിയില്‍ ചോദിച്ചത്. ഞാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയാണ്. എനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതാണ് കോടതി പൂര്‍ണമായും എനിക്ക് അംഗീകരിച്ചുതന്നിട്ടുള്ളത്. ആ സമയത്ത് ഷെഫിന്‍ ജഹാനെ കല്യാണം കഴിച്ചിരുന്നു. അതു കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തില്‍ രണ്ടുപേരും തീരുമാനിച്ചു പിരിയുകയായിരുന്നു. ഒരു വക്കീലിനെ കണ്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്’ – അവര്‍ വ്യക്തമാക്കി.

താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയുമെന്നും അവര്‍ പറഞ്ഞു. താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

തന്റെ പുനര്‍ വിവാഹത്തെ കുറിച്ച് സമൂഹം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. വേര്‍പിരിയാനും പുനര്‍വിവാഹം ചെയ്യാനും എല്ലാവരെയും ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാന്‍ ചെയ്യുമ്പോള്‍ മാത്രം എല്ലാവരും എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണു ഞാന്‍. എനിക്ക് എന്റേതായ തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയുമായിട്ടുണ്ട്. അതനുസരിച്ചാണു വിവാഹബന്ധം വേര്‍പ്പെടുത്തിയതും പറ്റിയ ഒരാളെ വീണ്ടും വിവാഹം കഴിച്ചതും- അവര്‍ പറഞ്ഞു.

ഞാന്‍ സുരക്ഷിതയായാണു കഴിയുന്നത്. അത് ഏറ്റവും നന്നായി എന്റെ മാതാപിതാക്കള്‍ക്ക് അറിയാം. പൊലിസിനും സ്‌പെഷല്‍ ബ്രാഞ്ചിനുമെല്ലാം അത് അറിയാം. അവരെല്ലാം എന്നെ വിളിക്കുന്നതാണ്. അതില്‍ ഇനി എന്തിനാണു വ്യക്തത ആവശ്യമുള്ളതെന്ന് അറിയില്ല. പുതിയ കുടുംബജീവിതത്തില്‍ സന്തോഷവതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവരും സത്യസന്ധരായി നില്‍ക്കുന്നവരല്ല. മാതാപിതാക്കളുടെ വികാരങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുക്കണമെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് എന്റെ മതത്തില്‍ നിര്‍ബന്ധമായ കാര്യമാണ്. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന അച്ഛന്റെ പുതിയ ഹേബിയസ് കോര്‍പസില്‍ ഒരു വസ്തുതയുമില്ലെന്നും അവര്‍ വ്യക്തമാക്കി. അച്ഛന്‍ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. എല്ലാം വിശദമായി പറയുകയും ഭര്‍ത്താവിന്റെ ഉമ്മ അവരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ മുസ്‌ലിമാണ്. മുസ്‌ലിമാകാനായാണ് ഇത്രയും വര്‍ഷം കഴിഞ്ഞത്. ആദ്യം മുസ്‌ലിമായി. അതിന് ശേഷമാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്. ആദ്യത്തെയും രണ്ടാമത്തെയും വിവാഹങ്ങളെല്ലാം എന്റെ തിരഞ്ഞെടുപ്പുകളാണ്. അതില്‍ വേറെ സംഘടനകളുണ്ടെന്നു പറയുന്നതില്‍ ഒട്ടും വസ്തുതയില്ല. എന്റേതായ ഇടത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ആ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചൂണ്ടിക്കാട്ടി

ലൗജിഹാദ് ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് ഒരുപാട് തവണ പറഞ്ഞതാണ്. കോടതിയില്‍ തന്നെ അതിന്റെ തെളിവുകളുള്ളതാണ്. 2016ല്‍ ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഹൈക്കോടതിയില്‍ ഞാന്‍ ഹാജരായതാണ്. അന്ന് ഞാന്‍ വിവാഹിതയായിരുന്നില്ല. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത്. അതിനും കുറേ വര്‍ഷം കഴിഞ്ഞാണ് രണ്ടാം വിവാഹം. ഇത് പ്രണയവിവാഹമല്ല. ഇസ്‌ലാമികമായ രീതിയിലുള്ള വിവാഹമായിരുന്നുവെന്നും ഹാദിയ പറഞ്ഞു.

ഞാന്‍ സന്തോഷത്തോടെയാണു ജീവിച്ചത്. ജീവിതത്തില്‍ ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യക്കുറവോ സന്തോഷക്കുറവോ ഉണ്ടായിട്ടില്ല. മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന സാഹചര്യം വന്നപ്പോള്‍ രണ്ടുപേരും തീരുമാനിച്ചു വേര്‍പിരിയുക മാത്രമാണുണ്ടായത്. കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്. മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയതു തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആലോചനയുമുണ്ടെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

ഹാദിയ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അവര്‍ പ്രയാസത്തിലാണെന്നും മറ്റുമൊക്കെ പിതാവ് അശോകന്‍ പ്രതികരിക്കുന്ന നിരവധി വീഡിയോകള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെ ഹാദിയക്കെതിരെ ശക്തമായ സൈബര്‍ അറ്റാക്കുകളും നടന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.