കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും നടത്തിയതായി കണ്ടെത്തല്‍. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജി.എസ്.ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.
എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ കാസര്‍കോട് കമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജ്വല്ലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ ചെയര്‍മാനായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാരോപിപിച്ച് നിരവധി നിക്ഷേപകരാണ് പരാതിയുമായെത്തിയത്. തുടര്‍ന്ന് എം.എല്‍.എ അടക്കമുള്ളവര്‍ക്കുനേരെ 54 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Comments are closed for this post.