2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫാസിസത്തിനെതിരേ സര്‍വധര്‍മ സമഭാവന

ജനാധിപത്യത്തിനും മതേതരത്വത്തിനും നേരേ അപകടകരമായ വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞ സംഘ്പരിവാറിന്റെ ഭീഷണി തടയാന്‍ ഒരു പ്രതിരോധമാര്‍ഗവുമായി രംഗത്തുവരികയാണ് കേരളത്തിലെ പ്രമുഖസാഹിത്യകാരന്മാരുള്‍പ്പെട്ട സാംസ്‌കാരിക കൂട്ടായ്മ. ഇതിന്റെ ആദ്യ പടിയായി 'സര്‍വധര്‍മ സമഭാവന' എന്ന പ്രസ്ഥാനത്തിന് അവര്‍ രൂപം നല്‍കിയിരിക്കുന്നു. എം.ടി വാസുദേവന്‍ നായര്‍, എം.കെ സാനു, ഡോ. എം. ലീലാവതി, ഡോ. കെ. എന്‍ പണിക്കര്‍, ബി. രാജീവന്‍, കെ. പി രാമനുണ്ണി, ആറ്റൂര്‍ രവിവര്‍മ, കെ. സച്ചിദാനന്ദന്‍, സക്കറിയ, കെ. ജി ശങ്കരപ്പിള്ള, സേതു, പെരുമ്പടവം ശ്രീധരന്‍, വൈശാഖന്‍, രാജന്‍ ഗുരുക്കള്‍, എം. എന്‍ കാരശ്ശേരി, ലെനിന്‍ രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, റിയാസ് കോമു, ജോയ് മാത്യു, ഹാഫിസ് മുഹമ്മദ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ട്. ഫാസിസ്റ്റ് ശക്തികളാല്‍ മഹാത്മജി വധിക്കപ്പെട്ട ഈ ദിനത്തില്‍ സര്‍വധര്‍മസമഭാവനയുടെ ലക്ഷ്യം പങ്കുവയ്ക്കുകയാണ് അതിന്റെ സാരഥികള്‍.

ഞാന്‍ നല്ല ഹിന്ദുവായതുകൊണ്ട് നല്ല മുസ്‌ലിം കൂടിയാണെന്നു മഹാത്മജിയും എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നും മനുഷ്യര്‍ക്ക് ഒരു ജാതിയും മതവും മാത്രമേയുള്ളൂവെന്നു ശ്രീനാരായണഗുരുവും പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യക്കാര്‍ ഭിന്നിക്കുകയും ആ ഭിന്നത വര്‍ധിപ്പിച്ചു ബ്രിട്ടീഷുകാര്‍ ഈ നാട് അടക്കി ഭരിക്കുകയും ചെയ്തപ്പോഴാണു ഗാന്ധിജിയും ഗുരുവും സര്‍വമതസമത്വമെന്ന ഉന്നതാശയം മുന്നോട്ടുവച്ചത്.
ഇന്ന് ആ ഭിന്നതയുടെയും ചൂഷണത്തിന്റെയും തോത് അന്നത്തേക്കാള്‍ ഭയാനകവും അപകടകരവുമായിരിക്കുന്നു. മതത്തെ ജനവിരുദ്ധമായി രാഷ്ട്രീയവല്‍ക്കരിച്ച് ഭീകരത സൃഷ്ടിച്ചു ജനത്തെ ഇരകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ത്യ ഭരിക്കുന്നത്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഹിന്ദുമതം യഥാര്‍ഥത്തില്‍ ഇരുനൂറു കൊല്ലത്തിലേറെ പഴക്കമില്ലാത്ത പാശ്ചാത്യസൃഷ്ടിയാണ്.
കോളനിമേധാവികള്‍ തങ്ങളുടെ കൊള്ളനികുതി നടപ്പാക്കുന്നതിന് പഴയ ജാതിവ്യവസ്ഥയില്‍ നിന്ന് ഒരു സവര്‍ണചൂഷകവര്‍ഗത്തെ ഇടനിലക്കാരായി ഉയര്‍ത്തിയെടുത്തു. ഈ നവബ്രാഹ്മണ്യം അതിന്റെ ആധികാരികതയ്ക്കും ആധിപത്യത്തിനും വേണ്ടി പാശ്ചാത്യരുടെ സഹകരണത്തോടെ ഇന്ത്യന്‍ ധാര്‍മികജീവിതത്തിന്റെ വൈവിധ്യത്തെയും സമ്പന്നതയെയും മറച്ചുവയ്ക്കുന്ന ചൂഷക ഹിന്ദുമതത്തിനു പിറവി നല്‍കി. രാഷ്ട്രീയസ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ കൃത്രിമഹിന്ദുമതത്തെ സംഘ്പരിവാര്‍ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍നിന്നുള്ള മോചനത്തിലൂടെ മാത്രമേ ഇന്ത്യന്‍ ജനത സ്വാതന്ത്രരാകൂ.
ഇതാണ് രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രാഷ്ട്രീയധാര്‍മിക പ്രതിസന്ധി പരിഹരിക്കുന്നതിനു സകലമതങ്ങളുടെയും സാരം ഒന്നാണെന്ന ഗാന്ധിജിയുടെയും ഗുരുവിന്റെയും ദര്‍ശനം തിരികെക്കൊണ്ടുവരേണ്ടതുണ്ട്. ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരത്തിന് ഡോ. ബി.ആര്‍ അംബേദ്കറുടെ ചിന്തയും തിരികെക്കൊണ്ടുവരേണ്ടതുണ്ട്.
യൂറോപ്പിനെ മാതൃകയാക്കി നമ്മുടെ ഭരണഘടനയില്‍ എടുത്തുചേര്‍ത്ത പദമല്ല മതേതരത്വം. മതനേതൃത്വവും ഭരണകൂടവും പരസ്പരം ഏറ്റുമുട്ടിയ കാലത്ത് ആ സംഘര്‍ഷം ഒഴിവാക്കാന്‍ രൂപപ്പെടുത്തിയതാണ് മതനിരപേക്ഷഭരണകൂടമെന്ന പാശ്ചാത്യ ആശയം. വിവിധ മതങ്ങളിലും ജാതികളിലും ഗോത്രങ്ങളിലും പെട്ട കോടിക്കണക്കിന് ഇന്ത്യക്കാര്‍ ബ്രിട്ടീഷ് അടിമത്തത്തില്‍നിന്നുള്ള മോചനത്തിനായി ഒത്തൊരുമിച്ചു നടത്തിയ രാഷ്ട്രീയസമരത്തില്‍നിന്നു രൂപംകൊണ്ട മഹത്തായ മൂല്യമാണ് ഇന്ത്യയുടെ മതേതരത്വം. അതുകൊണ്ടുതന്നെ അതു കീഴാള ജനതയുടെ ജനാധിപത്യത്തിന്റെ ആത്മാവാണ്.
എന്നാല്‍, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭരണവര്‍ഗങ്ങള്‍ അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ മതേതരത്വത്തിന്റെ മൗലികത ചോര്‍ത്തിക്കളയുകയും ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ച വര്‍ഗീയവല്‍ക്കരണപാത പിന്തുടരുകയും ചെയ്തു. സാമുദായികവിഭാഗങ്ങള്‍ വോട്ടുബാങ്കുകളാക്കി മാറ്റി. ഇന്ത്യന്‍ മതേതരത്വത്തിനു സംഭവിച്ച ഈ മൂല്യത്തകര്‍ച്ചയുടെ സാഹചര്യം ഉപയോഗപ്പെടുത്തിയാണ്, ഗാന്ധിവധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജനത പുറംതള്ളിയ സംഘ്പരിവാര്‍ രാഷ്ട്രീയമുഖ്യധാരയിലേക്ക് എത്തുന്നത്. അതിനാല്‍, ഇന്ത്യന്‍ മതേതരത്വത്തെ അതിന്റെ ബദ്ധശത്രുക്കളില്‍ നിന്നാണു മോചിപ്പിക്കേണ്ടത്.
രാജ്യത്തിന്റെ മതം ഭരിക്കുന്നവരുടെ മാത്രം മതമായിരിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം അടിച്ചമര്‍ത്താനും തളച്ചിടാനുമുള്ള അധീശാധികാരമാണ്. അതേ മതം ഭരിക്കപ്പെടുന്നവരുടെ ചെറുത്തുനില്‍പ്പിന്റെ മതമായിരിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം വിമോചകവും വിധ്വംസകവുമായ കര്‍ത്തൃത്വങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവാധികാരമായി മാറുന്നു. അതിനാല്‍, പ്രത്യയശാസ്ത്രപരമായ ബാഹ്യരൂപത്തിലൂടെയല്ല ഉള്ളടക്കത്തിന്റെ വിരുദ്ധയാഥാര്‍ഥ്യത്തിലൂടെയാണു മതത്തെ തിരിച്ചറിയേണ്ടത്.
കീഴാളമതഭാവനയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ നിലപാടില്‍ നിന്നാണ് എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ദര്‍ശനം രൂപപ്പെടുന്നത്. അങ്ങനെയാണ് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മനുഷ്യര്‍ അവരുടെ വിശ്വാസങ്ങളുടെ ആചാരങ്ങള്‍ക്കും പ്രത്യയശാസ്ത്ര ഭിന്നതകള്‍ക്കുമപ്പുറം സമന്മാരും സഹോദരരും ആയിത്തീരുന്ന അതിരുകളില്ലാത്ത മാനവികതയുടെ മണ്ഡലം രൂപപ്പെടുന്നത്. സര്‍വധര്‍മ സമത്വമെന്ന ആശയം വിപ്ലവകരമായിത്തീരുന്നത് അങ്ങനെയാണ്.
മഹാത്മജിയുടെ വധത്തെ തുടര്‍ന്നുള്ള ഏഴു പതിറ്റാണ്ടു കാലവും ഹിന്ദുത്വരാഷ്ട്രീയത്തെ പ്രത്യയശാസ്ത്രമിഥ്യയെന്ന നിലയിലാണു നാം ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചത്. ആ ഘട്ടത്തില്‍ അവര്‍ ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ഥ്യങ്ങളില്‍, അധികാരത്തില്‍ പിടിമുറുക്കുകയായിരുന്നു. നാം ഭൂതകാലത്തിലേക്കു നോക്കി യുദ്ധം ചെയ്തപ്പോള്‍ അവര്‍ മറ്റൊരു വഴിക്കു മുന്നേറി ഇന്ത്യന്‍ ജനതയെ കീഴടക്കി. അതിനാല്‍, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ മേലാളവര്‍ഗ താല്‍പ്പര്യത്തിനെതിരേ ഇനി നിലക്കൊള്ളേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ആ അധീശത്വത്തിനെതിരായ ജനശക്തിയുടെ ഉണര്‍ച്ചയാണു കണ്ടത്. ഇന്നു ചെറുത്തുനില്‍പ്പിനു പകരം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെയും തെണ്ടികളായി മാറുന്ന കൈവേലക്കാരുടെയും കൂട്ടമായി കുടിയിറക്കപ്പെട്ടു ചേരികളില്‍ അഭയംതേടുന്ന ആദിവാസികളുടെയും കടബാധ്യതകളില്‍ ജീവിതം കുടുക്കിയിടപ്പെട്ട ഇടത്തരക്കാരുടെയും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ജീവിതം പണയപ്പെടുത്തുന്ന യുവാക്കളുടെയും ഇന്ത്യയാണു നമുക്കു മുന്നിലുള്ളത്.
ഭരിക്കപ്പെടുന്ന കീഴാളജനതയെ അടിച്ചമര്‍ത്തുന്ന ഭരണകൂടാധികാരത്തിനുവേണ്ടി മതത്തെ ഉപകരണമാക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമാണു രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മതം.
ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത സാധാരണ മതവിശ്വാസികളെയാണു രാഷ്ട്രീയമതം ആകര്‍ഷിക്കുന്നത്. സമകാല രാഷ്ട്രീയമതമെന്ന ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കു സാധാരണക്കാരെ ‘മതപരിവര്‍ത്തനം’ നടത്തിക്കൊണ്ടിരിക്കുന്ന പ്രവണതയെയാണ് അടിയന്തരമായി ചെറുക്കേണ്ടത്.
ഇതിനു പ്രധാനമായും വേണ്ടത്, എല്ലാ മതങ്ങളിലുമുള്ള മനുഷ്യരുടെ വിശ്വാസം വിലമതിക്കുകയും ബാഹ്യമായ ഇടപെടലുകളില്‍നിന്ന് അവരുടെ വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യര്രാഷ്ട്രീയാന്തരീക്ഷം ശക്തമാക്കുകയും ചെയ്യുകയെന്നതാണ്.
മേലാളവര്‍ഗ താല്‍പര്യത്തിനായി മതവിശ്വാസികളെ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആള്‍ദൈവങ്ങളിലും തളച്ചിട്ടു വോട്ടുബാങ്കാക്കുന്ന യാഥാസ്ഥിതികതയ്‌ക്കെതിരേ വിശ്വാസികളില്‍ നിന്നു തന്നെ ഉയര്‍ന്നുവരേണ്ട സ്വാതന്ത്ര്യപ്രവണതയ്ക്കു ശക്തിപകരുകയും ചെയ്യണം. രാഷ്ട്രീയം ഫാസിസ്റ്റ് ജീര്‍ണതയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു നവോത്ഥാനത്തിനായി നാം ഉണരേണ്ടതുണ്ട്.
കാലവും ജീവിതവും ആവശ്യപ്പെടുന്ന അടിയന്തരമായ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനായി എല്ലാ മതങ്ങളിലും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലുമുള്ള ജനാധിപത്യവാദികളെ ‘സര്‍വധര്‍മ സമഭാവനാ’ യജ്ഞത്തിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ്.
ഏഴു പതിറ്റാണ്ടായി സംഘ്പരിവാറിന്റെ വളര്‍ച്ച തടയാന്‍ നാം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ ജനജീവിതത്തെ സ്വാധീനിക്കാന്‍ കഴിയാതെ പോയ പശ്ചാത്തലത്തില്‍ ഈ ആശയങ്ങള്‍ തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നു കരുതുന്നു.
തുടക്കമെന്ന നിലയില്‍ എല്ലാ പുരോഗമനപ്രസ്ഥാനങ്ങളെയും ജനാധിപത്യവാദികളെയും പങ്കെടുപ്പിച്ച് അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നു. താങ്കളും ഈ സംരംഭത്തില്‍ ഉണ്ടാവുമെന്നു കരുതുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.