2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഈ അനീതി നാമെന്നും ഓര്‍ത്തിരിക്കും,  ചരിത്രത്തെ ഇല്ലാതാക്കാന്‍ ഫാസിസത്തിനാകില്ല

ശ്രീജിത്ത് ദിവാകരന്‍

‘ബി.ജെ.പിയുടെ രാഷ്ട്രീയത്തെ നേരിടാന്‍ എനിക്ക് കഴിയും. പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും’- 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് പൊളിച്ചതിനുശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ അനിയന്ത്രിതമായ ബഹളത്തിനും വൈകാരിക ക്ഷോഭങ്ങള്‍ക്കും മറുപടി പറയാന്‍ എഴുന്നേറ്റ പ്രധാനമന്ത്രി നരസിംഹറാവു നല്‍കിയ മറുപടിയാണിത്. പല ഭാഷകളില്‍ ഇത്തരം ന്യായം ഉന്നയിക്കുകയായിരുന്നു പലകാലങ്ങളില്‍ കോണ്‍ഗ്രസ്. പള്ളി, സംഘ്പരിവാറിന് ഹിന്ദുക്കള്‍ക്ക് വേണ്ടി എന്ന് പറയാനാവില്ല. ഹിന്ദുക്കള്‍ക്ക് പള്ളിയിരിക്കുന്നിടത്ത് ക്ഷേത്രം വേണമെന്ന ആവശ്യമൊന്നും ഉണ്ടായിരുന്നില്ല ആരാധനയ്ക്ക് തുറന്നുകൊടുക്കുമ്പോള്‍ രാജീവ് ഗാന്ധിക്കും ഇത്തരം ന്യായങ്ങളുണ്ടായിരുന്നു. രാമായണ, മഹാഭാരത പരമ്പരകള്‍ ദൂരദര്‍ശനില്‍ വന്നതിനും ന്യായമുണ്ടായിരുന്നു. ബാബരി പള്ളി തകര്‍ത്ത് പത്താം ദിവസം നരസിംഹറാവു ജസ്റ്റിസ് മന്‍മോഹന്‍സിങ്ങ് ലിബര്‍ഹാനെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ചു. അദ്ദേഹമോ പിന്‍ഗാമികളോ ഇതേക്കുറിച്ച് പിന്നീട് ആലോചിച്ചില്ല.
 
ബാബരി മസ്ജിദ് പൊളിക്കുകയെന്ന മതരാഷ്ട്ര ലക്ഷ്യം നിറവേറ്റിയതിനുശേഷം സംഘ്പരിവാര്‍ എല്‍.കെ അദ്വാനിക്ക് അടുത്ത ദൗത്യം നല്‍കി. അധികാരത്തിലേയ്ക്ക് നീങ്ങുന്നതിനുള്ള സഖ്യനിര്‍മാണം. 1990 സെപ്റ്റംബര്‍ 15ന് ഗുജറാത്തിലെ സേമാനാഥില്‍ നിന്ന് ആരംഭിച്ച അദ്വാനിയുടെ രാമക്ഷേത്രത്തിനായുള്ള രഥയാത്ര പിന്നിട്ട വഴികള്‍ നിറയെ കലാപവും മനുഷ്യഹത്യയുമായിരുന്നു. ഒക്ടോബര്‍ 23ന് അന്നത്തെ അവിഭക്ത ബിഹാറിലെ ധന്‍ബാദില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്യുന്നതുവരെയും അതിനുശേഷം ആ നവംബര്‍ അഞ്ചുവരെയും ദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നു. ചോരനിറഞ്ഞ ആ വഴികളാണ് 1992 ഡിസംബറിലെ കര്‍സേവയ്ക്ക് സംഘ്പരിവാറിനെ അയോധ്യയിലെത്തിച്ചത്. രണ്ടാം ദൗത്യമേറ്റെടുത്ത അദ്വാനി പതുക്കെ പതുക്കെ ആദ്യം പതിമൂന്ന് ദിവസത്തെ, പിന്നീട് പതിമൂന്ന് മാസത്തെ എന്നിങ്ങനെയുള്ള സര്‍ക്കാരുകളില്‍ നിന്ന് അഞ്ചുവര്‍ഷം തികച്ചുഭരിച്ച സര്‍ക്കാരിനെ കൊണ്ടുവന്നു. ആ സര്‍ക്കാരിന്റെ കാലത്ത് അദ്വാനിയുടെ പ്രിയശിഷ്യന്‍ ഗുജറാത്തില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കി. കാര്‍ഗില്‍ യുദ്ധത്തിലൂടെ പാകിസ്താനുമായുള്ള വൈര്യം ഊതിക്കത്തിച്ചു. തീവ്രവാദം വലിയ വിഷയമാക്കി നിര്‍ത്തി.
 
പക്ഷേ ആ കാലത്തൊന്നും ബാബരി മസ്ജിദ് വിഷയം അടുത്തഘട്ടത്തിലേയ്ക്ക് വികസിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ പ്രശ്‌നമായിരിക്കുമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. അതിനാല്‍ വികസനത്തിന്റെപേരില്‍ അടുത്ത തെരഞ്ഞെടുപ്പ് നേരിടാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ അവരതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ആ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇടയിലുള്ള ആശയസമരമായി താല്‍ക്കാലികമായി മാറി.
പതിനേഴ് വര്‍ഷത്തിനുശേഷം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യ വര്‍ഷമാണ്, 2009 ജൂണ്‍ 30ന് കേന്ദ്രസര്‍ക്കാരിന് ജസ്റ്റിസ് ലിബര്‍ഹാന്‍ ബാബരി പള്ളി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നത്. ആയിരത്തി ഇരുപത്തിഒന്‍പതു പേജുകളിലായി, പതിനാറു അധ്യായങ്ങളിലും അനുബന്ധങ്ങളിലും മനോഹരമായി ഇംഗ്ലീഷില്‍ കവിയും തത്വചിന്തയും ഉദ്ധരിച്ച് ലിബര്‍ഹാന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നതില്‍ പുതിയതായി എന്താണുണ്ടായിരുന്നത്? അക്ഷരങ്ങള്‍ക്കും വരികള്‍ക്കുമിടയിലെ വെളുപ്പില്‍ ഗൂഢാര്‍ത്ഥങ്ങളുടെ കടലുകളുണ്ടായിരുന്നോ? എന്തുകൊണ്ടാണ് ഒരു അനക്കവും ലിബര്‍ഹാന്‍ കമ്മിഷനെ തുടര്‍ന്ന് രാജ്യത്തുണ്ടാകാതിരുന്നത്? കരിമ്പുകര്‍ഷരുടെ പ്രതിസന്ധിയെ തുടര്‍ന്നുള്ള ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായി സ്തംഭിച്ചുകൊണ്ടിരുന്ന അന്നത്തെ പാര്‍ലമെന്റ് സമ്മേളനത്തെ ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എങ്ങനെയായിരുന്നു നിശബ്ദമാക്കിയത്?
 
അതാണ് ലിബര്‍ഹാന്റെ നാടകീയത. എല്ലാവര്‍ക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍, ഒരു ശുപാര്‍ശയുമുണ്ടായിരുന്നില്ല. ആര്‍.എസ്.എസ്, സംഘ്പരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തതെന്ന് കമ്മിഷന്‍ അടിവരയിട്ട് പറഞ്ഞു. ശസ്ത്രകിയയെക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയാറാക്കപ്പെട്ടതുമായിരുന്നു ഒരോ പദ്ധതികളുമെന്ന് കണ്ടെത്തി. സംഘ്പരിവാര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പം കൊണ്ടുനടക്കുന്നവരാണെന്നും എല്‍.കെ അദ്വാനി, എ.ബി വാജ്‌പേയി, എം.എം ജോഷി എന്നിവര്‍ കപടമിതവാദികളാണെന്നും ചൂണ്ടിക്കാണിച്ചു.
യഥാര്‍ഥത്തില്‍ ഇതെല്ലാം പ്രയോജനപ്പെട്ടത് ബി.ജെ.പിക്കാണ്. രണ്ടാം യു.പി.എ വന്നതിനുശേഷം തളര്‍ന്ന അവസ്ഥയിലായിരുന്ന ബി.ജെ.പിക്കും സംഘ്പരിവാരത്തിനും ബാബരിപള്ളി വിഷയം അണികളെ ഉത്തേജിപ്പിക്കാന്‍ പ്രയോജനപ്പെട്ടു. ശസ്ത്രക്രിയപോലെയോ അതിനേക്കാളേറെയോ ആസൂത്രിതമായി മതേതരത്വത്തെ തുരങ്കംവച്ച് ഹൈന്ദവതയെ സ്ഥാപിക്കാന്‍ കഴിയുന്ന നേതാക്കളാണ് തങ്ങള്‍ക്കുള്ളതെന്ന് അവര്‍ക്ക് സംഘടനയെ ബോധ്യപ്പെടുത്താനായി. തുടര്‍ന്നുള്ള ബി.ജെ.പി യോഗങ്ങളില്‍ രാമജന്മക്ഷേത്രം വീണ്ടും ചര്‍ച്ചയായി. ഗുജറാത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ മാറ്റിനിര്‍ത്തുകയല്ല, മുന്‍നിരയിലേയ്ക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് ആര്‍.എസ്.എസിന് ബോധ്യപ്പെട്ടു. ബാബരിപള്ളി തകര്‍ക്കുന്നതില്‍ അദ്വാനി വഹിച്ച പങ്കിനെക്കാള്‍ ശക്തമായി ഹൈന്ദവതയിലേയ്ക്ക് ഇന്ത്യയെ നയിക്കുന്നതിനും എതിര്‍പക്ഷത്തിനെ ഒറ്റപ്പെടുത്തുന്നതിനും മോദിക്ക് കഴിയുമെന്നുള്ള അവരുടെ കണക്കുകൂട്ടല്‍ വെറുതെയായില്ല.
 
ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്രയും വിഷ്വല്‍ എവിഡെന്‍സുള്ള ഒരു കേസുണ്ടാകില്ല. എല്ലാം വെള്ളിവെളിച്ചത്തിലാണ്. കലാപങ്ങള്‍, കലാപത്തിന് ആഹ്വാനങ്ങള്‍, വെല്ലുവിളികള്‍, പള്ളിപൊളിക്കാനുള്ള നിര്‍ദേശങ്ങള്‍, പൊളിക്കല്‍, അതിന് നേതൃത്വം നല്‍കിയ ആളുകള്‍, അവരുടെ ആഹ്ലാദാരവങ്ങള്‍, മധുരപലഹാരം നല്‍കല്‍. അത് പരസ്യമായി ചെയ്യുക എന്നത് തന്നൊയിരുന്നു അവരുടെ പരിപാടി. ആ കാഴ്ചയുണ്ടാക്കിയ ഹിന്ദുത്വ ഉത്തേജനമാണ് ഇന്നത്തെ ഭരണം. നീണ്ട ഇരുപത്തിയെട്ട് വര്‍ഷം. രാജ്യത്തെ ഏറ്റവും പരസ്യമായ കുറ്റകൃത്യത്തിന്റെ വിധി വരാനെടുത്ത സമയമാണിത്. എല്ലാ തെളിവുകളുമുള്ള കേസ് ഒരു തെളിവുമില്ല എന്ന വിധിയിലെത്തി ചേര്‍ന്നു. എല്‍.കെ അദ്വാനിയും എം.എം ജോഷിയും ഉമാഭാരതിയും വിനയ്കത്യാറും മുതലുള്ള എല്ലാവരുടെയും കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച സി.ബി.ഐ കോടതിയിലെ നീതിപീഠം പള്ളി പൊളിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ഈ 32 പ്രതികളും ഏര്‍പ്പെട്ടത് എന്നു കൂടി കണ്ടെത്തുന്നതോട് കൂടി നമ്മുടെ നീതി അതിന്റെ അവസാന ശ്വാസമെടുക്കുകയാണ്.
 
വിധിയുടെ വിശദാംശങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പോരാത്തതിന് ഹിന്ദിയിലാണ് വിധിന്യായം. മുഴുവന്‍ വായിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അതിലെന്താണ് വായിക്കാനുള്ളത് എന്ന് ചോദിക്കരുത്. എങ്ങനെയാണ്, എത്ര പ്രായോഗിക ബുദ്ധിയോടെയും എത്ര സൂക്ഷ്മയും കണക്കുകൂട്ടലോടെയുമാണ് ജനാധിപത്യം, മതേതരത്വം എന്നിങ്ങനെയുള്ള ആശയങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെ തന്നെയും കോടതിയുടെ സഹായത്തോടെ സംഘ്പരിവാരം ഇല്ലാതാക്കുന്നത് എന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. ഫാസിസം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന സൂക്ഷ്മ പഠനങ്ങളാണ് അതിനെ തകര്‍ത്തെറിയാന്‍ കാര്യമായി പ്രയോജനപ്പെട്ടത്.
 
അതുകൊണ്ട് തന്നെ ബാബരിപള്ളി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അതേ സ്ഥലത്ത് ക്ഷേത്രം പണിയാനായി അനുമതി നല്‍കുന്ന സുപ്രിംകോടതിയുടെയും ഭരണവര്‍ഗത്തിന്റെ തേഞ്ഞ ആയുധമായ സി.ബി.ഐ കോടതിയുടെയും വിധികളെ നമ്മള്‍ പഠിക്കുക തന്നെ വേണം. നിരാശയ്ക്കും കനത്ത വേദനയ്ക്കും ഇടനല്‍കുന്നതാണ് ഈ വിധികള്‍. പക്ഷേ ജനാധിപത്യത്തിന്റെ സമസ്തഭാവങ്ങളും പ്രകടനാത്മകതയ്ക്ക് പോലും സൂക്ഷിക്കാത്ത ഒരു ഭരണകൂടത്തിന്റെ കാലത്ത് പ്രതിരോധങ്ങള്‍ കൂടുതല്‍ ഐക്യത്തോടെയും വിപുലമായും ഉയര്‍ന്നുവരേണ്ടത് തന്നെയാണ്. നീതിക്കുവേണ്ടിയുള്ള ശബ്ദം ഇനി കൂടുതല്‍ ഉച്ചത്തില്‍ ഉയരും. അതുവരെ ബാബരി പള്ളിയെ ചരിത്രത്തില്‍ മായ്ച്ചുകളയാം എന്നുള്ള സംഘ്പരിവാറിന്റെ ശ്രമത്തെ നമ്മള്‍ നിരന്തരം പരാജയപ്പെടുത്തണം. ബാബരി പള്ളി തകര്‍ത്ത ഡിസംബര്‍ ആറ് പോലെ ഈ കോടതി വിധികളുടെ ദിവസങ്ങളും നമ്മളോര്‍ത്ത് വയ്ക്കണം. പതിറ്റാണ്ടുകളായി ഒരോ ഘട്ടത്തിലും ഈ രാജ്യത്തെ തകര്‍ക്കാനായി സംഘ്പരിവാര്‍ ചെയ്തു പോന്നിരുന്ന ഓരോ പ്രവര്‍ത്തികളും ആവര്‍ത്തിച്ച് സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. മറവിക്ക് എതിരേയുള്ള സമരമാണ് ഫാസിസത്തിനെതിരായ പോരാട്ടം. അനീതി നാം ഓര്‍ത്തിരിക്കും.
 
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.