2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മഴക്കാലത്ത് കൃഷി ഗംഭീരമാക്കാം

കൂണ്‍

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ്‌വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്.

കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിടുകൂടി ചേര്‍ത്തോ മാധ്യമം തയാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍നിന്നു വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയാറാക്കാം.

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്കു മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയാറാക്കുന്നതിനു വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് 30 ശതമാനം ഈര്‍പ്പവും നല്‍കണം.

ഇവ പിന്നീട് ഒരു മണിക്കൂറോളം ആവികൊള്ളിക്കണം. ഇതു മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്.

പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ചു 10 മുതല്‍ 12 വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

 

curryleaves
കറിവേപ്പ്

അല്‍പ്പം ശ്രദ്ധവച്ചാല്‍ വീടുകളില്‍ വളര്‍ത്തിയെടുക്കാവുന്നതാണ് കറിവേപ്പ്. നടുന്നതിനും പരിചരണത്തിനും കാര്യമായ ശ്രദ്ധ ആവശ്യമാണ്. വേരുകളില്‍നിന്നു വളരുന്ന ചെടിയാണ് വളര്‍ച്ചയില്‍ മുന്നിട്ടുനില്‍ക്കുന്നത്. നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് രണ്ടരയടി നീളത്തിലും വീതിയിലും രണ്ടടി ആഴത്തിലുമുള്ള കുഴിയെടുക്കണം. കുഴിയുടെ ചുറ്റും അടിവശംമുതല്‍ മേലറ്റംവരെ ചികിരി മേല്‍പ്പോട്ടാക്കി അടുക്കിവയ്ക്കണം. ഓരോ നിരയിലും കുറച്ചു മണ്ണിട്ടുനിരത്തണം.

കുഴിയുടെ മധ്യഭാഗത്ത് ഒഴിവുള്ള സ്ഥലത്ത് മേല്‍മണ്ണും ഉണക്കിപ്പൊടിച്ച കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് 2:1 അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറച്ചുകൊടുക്കണം. മധ്യഭാഗത്ത് തൈ നടാം. ആഴ്ചയില്‍ ഒരുതവണ നന്നായി നയ്ക്കണം.

 ചകിരിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതുകൊണ്ട് ആവശ്യത്തിനുള്ള വെള്ളം ലഭിക്കും. വേരിന് സ്വതന്ത്രമായി വളരാനും കഴിയും. ചുറ്റും അടുക്കിയ ചകിരി ദ്രവിക്കുന്നതിനുസരിച്ച് മണ്ണ് താഴ്ന്ന് ചുറ്റും ചാലുകള്‍ ഉണ്ടാകുന്നതിനുസരിച്ച് കാലിവളവും ചാരവും ഈ ചാലുകളില്‍ ചേര്‍ത്തുകൊടുക്കാം. കറിവേപ്പിന്റെ വേരുകള്‍ക്ക് ക്ഷതം ഉണ്ടാകുന്നതരത്തില്‍ ആഴത്തില്‍ കിളയ്ക്കാന്‍ പാടില്ല. 4-5 മാസംകൊണ്ട് ഇല നുള്ളിയെടുക്കാം.

ചെടി വളരുന്നതിനുസരിച്ച് ചെറുശിഖരത്തോടെ ഇല നുള്ളിയെടുക്കുന്നത് കൂടുതല്‍ കമ്പുകളും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന സുഗന്ധപത്രം മാത്രമല്ല, ഔഷധഗുണംകൂടി കറിവേപ്പിനുണ്ട്. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും അതിസാരം, വയറുകടി, മേദസ് ഇവ കുറയ്ക്കുന്നതിനും വായു ശമിപ്പിക്കുന്നതിനും നേത്രാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കറിവേപ്പ് ഉപകരിക്കും

 

Papaya
പപ്പായ

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം, കുടല്‍പ്പുണ്ണ് തുടങ്ങിയ അസുഖമുള്ളവര്‍ക്കും കഴിക്കാം.

പാകമായ പഴത്തില്‍നിന്നു വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്‍ത്തി തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി മൂന്നു മാസം കഴിയുമ്പോള്‍ മാറ്റി നടാം. 10 പെണ്‍ചെടിക്ക് ഒരു ആണ്‍ചെടി എന്ന അനുപാതത്തില്‍ വളര്‍ത്തണം.

ബാക്കിയുള്ള ആണ്‍ചെടികള്‍ വെട്ടിക്കളയണം. വെള്ളംകെട്ടി നില്‍ക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ തൈകളാണ് നടുന്നതെങ്കില്‍ രണ്ടര മീറ്റര്‍ അകലത്തില്‍ നടണം.

മുക്കാല്‍ മീറ്റര്‍ ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതിന്മേല്‍ മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തൈ നട്ട് ഒരു മാസം നനയ്ക്കണം. വര്‍ഷത്തില്‍ രണ്ടുതവണ വീതം അരക്കിലോ വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ഒരു കുട്ട ചാണകവും നല്‍കുന്നതു നല്ലതാണ്.

നട്ട് ആറാംമാസം മുതല്‍ വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്‍ഷം വിളവു തരും. പപ്പായ നേരിട്ടു കഴിക്കുന്നതോടൊപ്പം പപ്പായ ജാം, ടൂറിഫ്രുട്ടി എന്നിവ നിര്‍മിക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി വിഭവങ്ങള്‍ ഉണ്ടാക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.