2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക്‌

രാകേഷ് ടിക്കായത്ത്/ വി.എം ഷണ്‍മുഖദാസ്


വര്‍ധിച്ചുവരുന്ന വൈദ്യുതനിരക്കും ട്രാക്ടറുകളില്‍ ഉപയോഗിക്കുന്ന ഡീസലിന്റെ വിലവര്‍ധനയും അടക്കം പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ കർഷകർ. ചെറുതും വലുതമായ നിരവധി സമരങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഇതിനെതിരേ നടന്നിട്ടുണ്ട്. കർഷകരുടെ നിലനിൽപ്പുതന്നെ ചോദ്യചിഹ്നമാക്കിയാണ് കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ പാസാക്കിയത്. ഇതിനെതിരേ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തലസ്ഥാനത്ത് നടന്ന സമരത്തിൻ്റെ അമരത്ത് രാകേഷ് ടിക്കായത്ത് എന്ന നേതാവുണ്ടായിരുന്നു. രാകേഷ് ടിക്കായത്തിൻ്റെ മുന്നിലുണ്ടായിരുന്നത്, അദ്ദേഹത്തിന്റെ പിതാവ് മഹേന്ദ്രസിങ് ടിക്കായത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നയിച്ച കര്‍ഷകസമരങ്ങള്‍ക്കുണ്ടായ വിജയം തനിക്കും ആവര്‍ത്തിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷ ആസ്ഥാനത്തായിരുന്നില്ലെന്ന് പിന്നീട് തെളിയിച്ചു.


കര്‍ഷക മാരണ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട്, പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ച നരേന്ദ്രമോദി, കാര്‍ഷിക വിളകള്‍ക്ക് മിനിമം സഹായ വില (എം.എസ്.പി) ഉറപ്പാക്കുമെന്ന വാഗ്ദാനം ചെയ്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. കാര്യമായ നടപടികളെടുക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. ഡൽഹി പ്രക്ഷോഭം അവസാനിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കർഷകരുടെ മുഖ്യ ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിനെതിരേ വീണ്ടും ചലോ ദില്ലി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

   


കർഷകപ്രശ്നങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് രാകേഷ് ടിക്കായത്ത് സംസാരിക്കുന്നു.
വാക്ക് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ഷകർ വീണ്ടും സമരത്തിന് ഒരുങ്ങുകയാണല്ലോ. അതിനെക്കുറിച്ച്…
ന്യൂഡല്‍ഹിയിലെ കൊടും തണുപ്പും ചൂടും സഹിച്ച് ഇന്ത്യലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍ ജീവന്‍ ബലികൊടുത്ത് മാസങ്ങളോളം നടത്തിയ പ്രക്ഷോഭം ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും കണ്ടില്ലെന്ന് നടിക്കുകയാണ്. അന്ന് നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ നടപ്പാക്കാന്‍ തയാറായിട്ടില്ല. കര്‍ഷകര്‍ ഇപ്പോള്‍ വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് വിലയില്ല. മാത്രമല്ല, വിദേശങ്ങളില്‍നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന കര്‍ഷക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നികുതി ഇളവുകളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കാര്‍ഷികമേഖലയില്‍ കടന്നുകയറാന്‍ വേണ്ട ഒത്താശയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് തിരുത്തിക്കാനാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഡല്‍ഹിയിലേക്ക് മാര്‍ച്ചു നടത്തും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സമരം തുടങ്ങും. മോദിസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം.


ഇലക്ട്രിസിറ്റി ബില്‍ റദ്ദുചെയ്യണമെന്നും കര്‍ഷക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് എം.എസ്.പി നിയമം തയാറാക്കാനുള്ള സര്‍ക്കാര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരിയില്‍ ഡൽഹിയില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം.


രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണല്ലോ കാലാവസ്ഥാവ്യതിയാനം
കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എങ്ങനെ ശാസ്ത്രീയമായി കൃഷിരീതികള്‍ നടപ്പാക്കാമെന്നതിനെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പഠിക്കുകയോ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുകയോ ചെയ്തിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് കര്‍ഷകരാണ്. ഇതേക്കുറിച്ചു കര്‍ഷക സംഘടനകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ പുതിയ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാനും ശാസ്ത്രീയമാര്‍ഗങ്ങള്‍ കണ്ടെത്താനും കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.പച്ചക്കറികള്‍ക്കും പാലിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കൃത്യമായ വില, താങ്ങുവില ലഭിക്കണം. ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കു ജോലി ലഭിക്കണം.
ആദിവാസികളുടെ ഉള്‍പ്പെടെ ഭൂമി പിടിച്ചെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ക്കു നല്‍കുകയാണ്. കര്‍ഷകരുടെ ഭൂമി അവര്‍ക്ക് കൃഷി ചെയ്യാനുള്ളതാണ്. അത് പിടിച്ചെടുക്കാന്‍ പാടില്ല.

പ്ലാച്ചിമട സമരത്തെ എങ്ങനെയാണ് കാണുന്നത്?

പ്ലാച്ചിമട സമരം ലോകമറിയുന്ന സമരമാണ്. തികച്ചും ഗാന്ധിയന്‍ രീതിയില്‍ നടക്കുന്ന സമരം. വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു സമരത്തെ മാറിഭരിച്ച ഭരണകൂടങ്ങള്‍ അവഗണിക്കുന്നത് ഭീമന്‍ കൊക്കോകോളയെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജങ്ങളോടൊപ്പം നില്‍ക്കേണ്ട കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും മുഖംതിരിഞ്ഞു നില്‍ക്കുന്നു. പ്ലാച്ചിമട ട്രിബ്യൂണല്‍ ബിൽ കേരളത്തില്‍ തന്നെ പാസാക്കി കോളയില്‍ നിന്നു നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. തുടര്‍ഭരണം കിട്ടിയിട്ടും സര്‍ക്കാര്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിലെ അപാകതകള്‍ പരിഹരിച്ച് ട്രിബ്യൂണല്‍ ഉണ്ടാക്കാനുള്ള ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്നതാണ് സങ്കടകരം.
പ്ലാച്ചിമടക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരം വീണ്ടും കര്‍ഷകര്‍ ഏറ്റെടുത്ത് ദേശീയ തലത്തിലേക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കേന്ദ്ര, കേരളാ സര്‍ക്കാരുകളുടെ ഇരട്ടത്താപ്പിനെതിരേയുള്ള സമരമായിരിക്കും അത്. പ്ലാച്ചിമടയിലും പരിസരങ്ങളിലുമായി നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമി തരിശിട്ടിരിക്കുകയാണ്. കിണറുകളിലെ വെള്ളം കുടിക്കാന്‍ കഴിയാത്ത വിധം നശിച്ചുകഴിഞ്ഞതായി പ്ലാച്ചിമടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതൊക്കെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കൊക്കകോളയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കിയേ പറ്റൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.