2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലി ചെങ്കോട്ടയില്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ റാലി നടത്തു കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി. പൊലിസിന്റെ സകല നിയന്ത്രങ്ങളെയും നിഷ് പ്രഭമാക്കിയാണ് കര്‍ഷകര്‍ ചെങ്കോട്ടയിലെത്തിയത്. പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇന്ന് രാവിലെ എട്ടുമുതലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിത്തുടങ്ങിയത്.

സംഘാടകരെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് മാര്‍ച്ചിലേക്കുള്ള ജന പങ്കാളിത്തം. തലസ്ഥാനം സംഘര്‍ഷ ഭരിതമായ അവസ്ഥയിലാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. പൊലിസ് നിയന്ത്രണങ്ങള്‍ തെറ്റിച്ച് മുന്നേറുന്ന കര്‍ഷകരെ പൊലിസ് അടിച്ചോടിക്കുകയാണ്.

റിപ്പബ്ലിക് ദിനപരേഡില്‍ രാജ്യത്തിന്റെ സൈനിക ശക്തി തെളിയിച്ചപ്പോള്‍ തങ്ങളുടെ കാര്‍ഷിക ഉപകരണങ്ങളും മറ്റും കര്‍ഷകര്‍ ട്രാക്റ്റര്‍ റാലികളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ റാലി നടത്താനായിരുന്നു ഡല്‍ഹി പൊലിസ് കര്‍ഷകര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നത്. 5000 ട്രാക്ടറുകള്‍ മാത്രമേ റാലിയില്‍ പങ്കെടുക്കാവു എന്നും ഒരു ട്രാക്ടറില്‍ അഞ്ചിലധികം പേര്‍ പാടില്ലെന്നും പൊലിസ് നിര്‍ദേശിച്ചിരുന്നു. റാലിക്കുള്ള റൂട്ടും പൊലിസ് നിശ്ചയിച്ചു നല്‍കിയിരുന്നു. എന്നാല്‍ പൊലിസിന്റെ എല്ലാ നിര്‍ദേശങ്ങളും തെറ്റിച്ച് കര്‍ഷക നേതാക്കള്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു രാവിലെ മുതല്‍ ആയിരക്കണക്കിന് യുവാക്കളടക്കമുള്ള കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിലേക്ക് പുറപ്പെട്ടത്.
രാവിലെ എട്ടിന് തന്നെ കര്‍ഷകര്‍ അതിര്‍ത്തികളില്‍ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു. പൊലിസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ മാറ്റി. ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഇടിച്ചുമാറ്റിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. പലയിടങ്ങളിലും കര്‍ഷകര്‍ പൊലിസുമായി ഏറ്റുമുട്ടി. കര്‍ഷകര്‍ക്കു നേരെ പൊലസി ലാത്തി ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.
ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂനിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കര്‍ഷകര്‍ വീണ്ടും സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍ അതിര്‍ത്തികളി ലേക്ക് തന്നെ മടങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. കര്‍ഷകര്‍ ചെങ്കോട്ടയിലേക്കും മാര്‍ച്ച് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്‍വാങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരുമായി 11 തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ അപാകതയില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ കാല്‍നടയായും ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ കൊവിഡ് ഭീഷണിയും കൊടുംതണുപ്പിനെയും അതിജീവിച്ച് 62 ദിവസമായി സമരം തുടരുന്ന കര്‍ഷകര്‍ ദേശീയ പതാകയും തങ്ങളുടെ കൊടികളും ഉയര്‍ത്തിയാണ് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.