2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

  വീണ്ടും സ്വഫര്‍ 28: നൊമ്പരങ്ങളുടെ ഒരു വ്യാഴവട്ടക്കാലം

പൊന്മള ഫരീദ് മുസ്‌ലിയാര്‍ 13 ാമത് ഉറൂസ് നാളെ

 
ഹാരിസ് ബാഖവി കമ്പളക്കാട്
 
1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മസ്ജിദുന്നബവിയില്‍ വച്ച് തിരു പ്രവാചകന്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ടതാണ് പള്ളിദര്‍സുകള്‍. വിജ്ഞാനവ്യാപനത്തിന് ഉദാത്ത മാതൃകയായി പള്ളിദര്‍സുകള്‍ കൈരളിയുടെ വിജ്ഞാന മേഖലകളില്‍ വഹിച്ച പങ്ക് നിസ്തുലമാണ് .പ്രവാചക മാതൃകയില്‍ പള്ളിദര്‍സുകള്‍ ഭൗതികതയുടെ അതിപ്രസരം തട്ടി പോയിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ യാതൊരു തനിമയും നഷ്ടപ്പെടുത്താതെ നീണ്ട 46 വര്‍ഷം  മര്‍ക്കസുല്‍ ഉലമ ദര്‍സ്  എന്ന മഹാ പ്രസ്ഥാനത്തിന് നെടുനായകത്വം നല്‍കിയ ഒരു മഹാമനീഷിയുടെ വഫാത്തിന് 2008 ഫെബ്രുവരി 24 ന്‌ചൊവ്വാഴ്ച രാവിലെ 10. 35 ന്  മുസ്ലിം കേരളം സാക്ഷ്യംവഹിച്ചു. 1994 ല്‍ സമസ്തയുടെ മാതൃക മുദരിസ് പട്ടം തേടിയെത്തിയ പൊന്മള ഫരീദ് മുസ്‌ലിയാര്‍ ഒരു അത്യപൂര്‍വ പ്രതിഭാസം തന്നെയായിരുന്നു . ജീവിച്ച 68 വര്‍ഷത്തില്‍ 46 വര്‍ഷവും  അധ്യാപനത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത് എന്നറിയുമ്പോള്‍ പഠന കാലവും ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ ജീവിതം മുഴുവന്‍ അവര്‍ ഇല്മിന്റെ മാര്‍ഗ്ഗത്തിലായിരുന്നു.
 
ജനനം
 
 കോട്ടക്കല്‍ മലപ്പുറം റൂട്ടിലെ പൊന്മളയില്‍ പ്രശസ്തമായ കുന്നത്തൊടി തറവാട്ടിലാണ് ജനനം .സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിച്ച കാലത്ത് അത് മദ്രസ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ യാര്‍ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സാര്‍ എന്നിവര്‍ക്കൊപ്പം മലപ്പുറം ജില്ലയ്ക്ക് അകത്തും  പുറത്തും വഅള് പരിപാടികളും മറ്റും നടത്തി  കഠിനാധ്വാനം ചെയ്തിരുന്ന പ്രശസ്ത വാ ഇള പൊന്മള ള മുഹമ്മദ് മുസ്‌ലിയാരുടെയും  മരണം 1972 കുഞ്ഞാഞ്ഞ ഹജ്ജുമ്മയുടേയും മകനായി 1941 ലാണ് മഹാനവര്‍കള്‍ ജനിച്ചത് അത് 
 
വിദ്യാഭ്യാസം
 
ഓത്തുപള്ളിയില്‍ നിന്ന്  പ്രാഥമിക പഠനം .പൊന്മള  സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ ഭൗതിക പഠനം. ശേഷം കുമരംപുത്തൂര്‍ കുഞ്ഞിപ്പ മുസ്ലിയാരുടെ കൂടെ മൈലപ്പുറം ദര്‍സില്‍ രണ്ടു വര്‍ഷം .ശേഷം ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാരുടെ ദര്‍സില്‍ .പിന്നീട് ശൈഖുനാ സി. എച്ച് .ഹൈദ്രോസ് മുസ്ലിയാരുടെ കൂടെ ഊരകത്ത്. ഫത്ഹുല്‍ മുഈന്‍ മുതല്‍ ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പോകുന്നതുവരെ ചാലിയം തലക്കടത്തൂര്‍ എന്നിവിടങ്ങളിലായി സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സിലാണ് പഠിച്ചത് .ഉപരിപഠനത്തിന് ബാഖിയാത്തില്‍ എത്തിയപ്പോള്‍  അവിടെ അബൂബക്കര്‍ ഹസ്രത്ത് ,ശൈഖ് ഹസന്‍ ഹസ്രത്ത്, മുസ്തഫ ആലിം സാഹിബ് കൊല്ലം, കെ .കെ. അബൂബക്കര്‍ ഹസ്‌റത്ത്, തുടങ്ങിയവര്‍ പ്രധാന ഗുരുവര്യന്‍ മാരായിരുന്നു .ഉസ്താദിനെപോലെ  തന്നെ തന്റെ സഹപാഠികളും ഉന്നതങ്ങളില്‍ എത്തിയവരായിരുന്നു. സമസ്ത ട്രഷറര്‍ പി .പി .ഇബ്രാഹിം മുസ്‌ലിയാര്‍ ,അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ,കുഞ്ഞാണി മുസ്‌ലിയാര്‍ ,ചെര്‍ള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ,തുടങ്ങിയവര്‍ അവരില്‍ പ്രധാനികളായിരുന്നു.
 
വിവാഹം, കുടുംബം
 
1962 ല്‍ പൊന്മള കമ്മു ഹാജിയുടെ മകള്‍ ഉമ്മാച്ചു ഹജ്ജുമ്മയെ വിവാഹം ചെയ്തു. 7 മക്കളില്‍ മൂത്ത മകന്‍ അബ്ദുറഹ്മാന്‍  ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിന് ഇടയില്‍ മരണപ്പെട്ടു .കരീം ബാഖവി (മക്ക ),മുഹമ്മദ് ബഷീര്‍ ബാഖവി  (ചെമ്മാട് രണ്ടാം മുദരിസ് ),അബ്ദുറഹ്മാന്‍ ഫൈസി (പയ്യടിമീത്തല്‍ മുദരിസ് ),പെണ്‍മക്കള്‍ :ആസിയ ,ഉമ്മുസുലൈമ, ഉമ്മു ജമീല ,വിവാഹിതരാണ് . സഹോദരങ്ങള്‍: അഹമ്മദ് കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (ന.മ), മറിയം ,ആയിഷ ,ഫാത്തിമ.
 
അധ്യാപനം
 
അത്ഭുതമായിരുന്നു ഉസ്താദിന്റെ അധ്യാപന ജീവിതം  68 വര്‍ഷത്തില്‍ 46 വര്‍ഷവും ദീനി പ്രഭ വിതറുകയായിരുന്നു  ഉസ്താദ് 1964 ല്‍ 14 വിദ്യാര്‍ത്ഥികളെയും കൊണ്ട് ഊരകത്ത് ആരംഭിച്ച ദര്‍സ് വഫാത്തിന്റെ സമയത്ത് ചെമ്മാട് വലിയ ജുമാഅത്ത് പള്ളിയില്‍ ആയിരുന്നു നടന്നിരുന്നത് .ഇതിനിടയില്‍ കളരാന്തിരി ,മമ്പുറത്തിനടുത്ത കൊടിഞ്ഞി പള്ളി ,മേല്‍മുറി’ കരുവാരക്കുണ്ട് തുടങ്ങിയവ ഉസ്താദിന്റെ അധ്യാപനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് സ്ഥലങ്ങളാണ്.
ദര്‍സുകള്‍ നാമമാത്രമായി ചുരുങ്ങുമ്പോള്‍ മര്‍ക്കസുല്‍  ഉലമ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നുനിന്നു രൂപ ഭേദം വന്ന ദര്‍സു കള്‍ക്കിടയില്‍ ഇസ്ലാമിക തനിമ ഉയര്‍ത്തിപ്പിടിച്ച ഉസ്താദിന്റെ ദര്‍സ് പ്രൗഢഗംഭീരം ആയിരുന്നു. തഖ്‌വ ആയിരുന്നു ഉസ്താദിന്റെ ശക്തിയും സമ്പത്തും. നൂറുകണക്കിന് മുദരിസുമാരെയാണ്  കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് ആയി ഉസ്താദ് പടച്ചു വിട്ടത് . മുദരിസുമാര്‍ ,ഖത്തീബുമാര്‍ , മുഫത്തിശുമാര്‍, ഹാഫിളുകള്‍ ,ഹാസിബുകള്‍, മുഅല്ലിമുകള്‍ എഴുത്തുകാര്‍  പ്രഭാഷകര്‍ ,സംഘാടകര്‍ തുടങ്ങി അവിടുത്തെ ശിഷ്യഗണങ്ങള്‍ എത്താത്ത മേഖലകള്‍ ഇല്ല .അതുകൊണ്ടുതന്നെ തന്റെ ദര്‍സ് നാമം മര്‍ക്കസുല്‍ ഉലമ ഒരു അലങ്കാരം ആയിരുന്നില്ല.
   
    തഖ്‌വയും വിനയവും ആത്മാര്‍ത്ഥതയും തുളുമ്പുന്ന ജീവിതമായിരുന്നു. തന്റെ ഗുണങ്ങള്‍ മുഴുവന്‍ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത് കൊണ്ട് തന്നെ ശിഷ്യന്മാര്‍ അവിടുത്തെ യഥാര്‍ത്ഥ പിന്‍ഗാമികളാണ് .കാരണം അത്രയ്ക്ക് കണിശമായി ആയിരുന്നു തന്റെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിക്കൊണ്ടുവന്നത് .താടിയും തലപ്പാവും ജുബ്ബയും കണങ്കാലുവരെ തുണിയും ധരിക്കുന്ന ആ പ്രൗഢി ഉജ്ജ്വലമായിരുന്നു. അതുകൊണ്ടുതന്നെ മസ്ജിദുന്നബവിയില്‍ പുണ്യനബി ആരംഭം കുറിച്ച ദര്‍സിന്റെ പതിപ്പായിരുന്നു ശൈഖുനായുടെ മര്‍ക്കസുല്‍ ഉലമ ദര്‍സ്. പണ്ഡിതന്മാര്‍ അമ്പിയാ ഇന്റെ അനന്തരഗാമികള്‍ ആണെന്ന നബി വചനത്തിന് പൂര്‍ണതയും ഉസ്താദില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. അറിവും സംസ്‌കാരവും പാരമ്പര്യവും സമ്മേളിച്ചപ്പോള്‍ ആയിരുന്നു സമസ്തയുടെ മാതൃകാ മുദരിസ് പട്ടം മഹാത്മാവിനെ തേടിയെത്തിയത്.  ദര്‍സിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്വന്തം നിലയില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലും ഉസ്താദ് ശ്രദ്ധ പുലര്‍ത്തിയിരുന്നു .
 
ഇരുപത്തിമൂന്നാം വയസ്സില്‍ ആരംഭിച്ച അധ്യാപന ജീവിതത്തില്‍ കണിശ സ്വഭാവക്കാരനായിരുന്നു ശൈഖുനാ. പാടില്ലാത്തതോ, ദര്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ ഒരു പ്രവര്‍ത്തനവും നടത്താന്‍ അനുവദിച്ചില്ല .
 
കണിശത പുലര്‍ത്തുമ്പോള്‍ തന്നെ തന്റെ മുതഅല്ലിമുകളെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. തന്റെ മുതഅല്ലിമുകളെ ഇകഴ്ത്തുന്ന നടപടി ആരില്‍ നിന്നുണ്ടായാലും എതിര്‍ത്ത് ശിഷ്യന്മാരുമായുള്ള ബന്ധം  പഠന ശേഷവും നിലനിര്‍ത്തുന്നതില്‍ പ്രോത്സാഹനം നല്‍കി .കേവല പഠിപ്പിക്കല്‍ മാത്രമല്ല ശിഷ്യന്മാര്‍ക്ക് ജീവിതം പഠിപ്പിക്കുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത് .സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു
.
എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാര  അന്ധവിശ്വാസങ്ങളെ വിപാടനം ചെയ്യാന്‍ മുന്നില്‍ നിന്നു .തെറ്റെന്ന്
ബോധ്യപ്പെട്ടതിനെ എവിടെയും തുറന്നെതിര്‍ത്തു .സമസ്ത എന്ന പ്രസ്ഥാനത്തെ ജീവനോളം സ്‌നേഹിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്‍കി .സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകരെ മനസ്സുതുറന്ന് അഭിനന്ദിച്ചു. മക്കളെ പോലെ ലാളിച്ചു
 
 പൊതു പ്രശ്‌നങ്ങളിലും ഉസ്താദിന്റെ നയങ്ങള്‍ വ്യക്തമായിരുന്നു .ഓരോ മഹല്ലുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉസ്താദിന്റെ യുക്തധിഷ്ടിതവും ബുദ്ധിപൂര്‍വമായ തീരുമാനങ്ങള്‍ കേള്‍ക്കാന്‍ എത്തുന്നവര്‍ പൊന്മളകാര്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ് .എതിരഭിപ്രായം ഇല്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ആ മഹാന്‍ .ഉസ്താദ് ജോലി ചെയ്ത സ്ഥലങ്ങളിലെ നാട്ടുകാരും ഉസ്താദിനെ കുറിച്ച് നല്ലത് മാത്രം പറയുന്നു .അതിനുകാരണം ബൗദ്ധികത സ്പര്‍ശിക്കാത്ത ആ ജീവിതമായിരുന്നു .
 
അല്ലാഹുവിനെ ഭയന്ന് ദീനിന്റെ കാര്യങ്ങളെ സംരക്ഷിച്ച് ആ മഹാന്‍ മുസ്ലിം കേരളത്തിന്റെ പണ്ഡിത തറവാട്ടിലെ ചോദ്യം ചെയ്യപ്പെടാത്ത നായകനായിരുന്നു .ആ നേതൃത്വത്തിന് തുല്യം വെക്കാനും മറ്റൊരാളില്ല .ഉസ്താദിന്റെ ജീവിതം പോലെ തന്നെ അവിടുത്തെ വിയോഗം തീര്‍ത്ത വിടവും അസാധാരണമാണ് .കാരണം ഉസ്താദ് ദീനില്‍ അധിഷ്ടിതമായി ജീവിക്കുകയല്ല ദീനിനെ ജീവിപ്പിക്കുകയായിരുന്നു. വേരറ്റു പോകുന്ന ദര്‍സിനെ ജീവിപ്പിച്ച മഹാനെ കുറിച്ചുള്ള ഓര്‍മകള്‍ ഭയവും വേദനയും മാത്രമാണ് മനസ്സകങ്ങളില്‍ നല്‍കുന്നത്. ഇനി ആര് എന്ന ഒരു വ്യാഴവട്ടക്കാലമായി ഉത്തരം കിട്ടാത്ത ചോദ്യവും.നാഥന്‍ പകരക്കാരനെ തരട്ടെ. ജീവിതം ദീനിന് വേണ്ടി മാറ്റിവെച്ച മഹാമനീഷിയുടെ കൂടെ അല്ലാഹു നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ .
 
13ാമത് ഉറൂസ് ദിനമായ സ്വഫര്‍ 28 നാളെ (ബുധന്‍ ) ശിഷ്യരും സ്‌നേഹ ജനങ്ങളും ബന്ധുമിത്രാദികളും പൊന്മളയിലെ വസതിയില്‍ ഒത്തു കൂടുകയാണ്  മുഴുവന്‍ അഭ്യുദയ കാംക്ഷികള്‍ക്കും ഹൃദ്യമായ സ്വാഗതം
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.