2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

വ്യാജചിത്രം കൊണ്ടു മറയ്ക്കാനാവാത്ത പാക് കുതന്ത്രങ്ങള്‍


 

കശ്മിരില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും ഹിതപരിശോധനയും സാധ്യമാക്കാന്‍ പാകിസ്താന്‍ ഭരണകൂടം ദീര്‍ഘകാലമായി നടത്തുന്ന നീക്കങ്ങള്‍ ഒരിക്കല്‍ കൂടി ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഐക്യരാഷ്ട്രസഭയില്‍ കള്ളം പറഞ്ഞുപോലും ലക്ഷ്യം നേടാന്‍ പാകിസ്താന്‍ നടത്തിയ നീക്കം വിജയം കണ്ടില്ലെന്നു മാത്രമല്ല ലോകത്തിന്റെ പരിഹാസം ക്ഷണിച്ചുവരുത്താന്‍ മാത്രമാണ് അത് ഉപകരിച്ചത്. കശ്മിരില്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന പാകിസ്താന്റെ പഴയ ആരോപണം ശക്തമായി ആവര്‍ത്തിച്ചുകൊണ്ടാണ് അവരുടെ സ്ഥാനപതി മലീഹ ലോധി ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ചത്. അതിനവര്‍ എടുത്തുകാട്ടിയ തെളിവ് ഏറെ രസകരമായിരുന്നു. സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ മുഖമാകെ പരുക്കേറ്റ കശ്മിരി യുവതി എന്ന പേരില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രം ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തിനിരയായ യുവതിയുടെ ചിത്രമാണ്. നിമിഷങ്ങള്‍ക്കകം ഇത് ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ലോകത്തിന്റെ എല്ലാ കോണുകളിലും പറന്നെത്തി. ഈ സംഭവം പാക് ഭരണകൂടത്തിന്റെ വിശ്വാസ്യതയ്ക്ക് ഏല്‍പിച്ച കളങ്കം ചെറുതല്ല.

അതേസമയം, പാക് കുതന്ത്രങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്ത്യയ്ക്കായതും ഏറെ ശ്രദ്ധേയമായി. ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്‍ ടെററിസ്താനായി മാറിയെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ ഐക്യരാഷ്ട്ര സഭയിയില്‍ നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടുകയുണ്ടായി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സഹമന്ത്രി എം.ജെ അക്ബറും നടത്തിയ പ്രസംഗങ്ങള്‍ പാകിസ്താന് ശക്തമായ താക്കീത് നല്‍കുന്നതായിരുന്നു. ഭീകരതയുടെ കാര്യത്തില്‍ പാകിസ്താന്‍ ആത്മവിമര്‍ശനം നടത്തേണ്ട സമയമാണിതെന്നു പറഞ്ഞുകൊണ്ട് സുഷമ നിരത്തിയ വാദങ്ങളെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. സ്വന്തം നിലപാട് ഇന്ത്യയ്ക്കു വിജയകരമായി വിശദീകരിക്കാനായതും അത് പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് ഏല്‍പിച്ച കളങ്കവുമാണ് പാക് പ്രതിനിധിയെ പ്രകോപിപ്പിച്ചത്. ഇന്ത്യയുടെ വാദങ്ങളെ ഏതു വിധേനയും നേരിടാനുള്ള തത്രപ്പാടിനിടയിലാണ് പാക് പ്രതിനിധിക്ക് കള്ളം പോലും പറയേണ്ടി വന്നത്.

ഇത്തരം കുതന്ത്രങ്ങള്‍ തുടരാന്‍ പാകിസ്താനെ പ്രേരിപ്പിക്കുന്നത് കശ്മിര്‍ ജനതയോടുള്ള സ്‌നേഹമല്ലെന്നത് പകല്‍പോലെ വ്യക്തമാണ്. ഇരു രാഷ്ട്രങ്ങളുടെയും ഉത്ഭവം മുതല്‍ ഇന്ത്യയോട് പാക് ഭരണവര്‍ഗം വച്ചുപുലര്‍ത്തുന്ന ശത്രുതയും കശ്മിര്‍ കൈയടക്കാനുള്ള ഗൂഢതന്ത്രങ്ങളുമൊക്കെയാണ് ഇതിനു പിന്നിലെന്നത് ലോകം ഇതിനകം തിരിച്ചറിഞ്ഞതാണ്. കശ്മിര്‍ സംബന്ധിച്ച പാക് വാദങ്ങളെ രാഷ്ട്രീയവും സാമ്പത്തികവുമൊക്കെയായ താല്‍പര്യങ്ങളുടെ പേരില്‍ മാത്രം ചില രാജ്യങ്ങള്‍ അനുകൂലിക്കുന്നുണ്ടെങ്കിലും ലോകജനത അതിനെതിരാണെന്നതാണ് സത്യം. എന്നിട്ടും കിട്ടുന്ന വേദികളിലെല്ലാം കശ്മിരും മറ്റും ആയുധമാക്കി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അവര്‍ തുടരുകയാണ്.
ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭരണകൂടങ്ങളുടെ സ്വഭാവമനുസരിച്ച് അതു കൂടുകയോ കുറയുകയോ ചെയ്‌തേക്കാം. അക്കൂട്ടത്തില്‍ കടുത്തതും അതിക്രൂരവുമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദിയാണ് പാകിസ്താന്‍. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറെ കുറവായിരിക്കും ഇന്ത്യയിലേത്. അതാകട്ടെ കശ്മിരില്‍ മാത്രമായി ഒതുങ്ങുന്നതുമല്ല. സാമ്പത്തികവും വംശീയവും വര്‍ഗീയവും ജാതീയവുമൊക്കെയായ കാരണങ്ങളാല്‍ അതു രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്നുണ്ട്. കശ്മിര്‍ പ്രശ്‌നസങ്കീര്‍ണമായ പ്രദേശമായതിനാല്‍ അവിടെ അതിന്റെ അളവ് അല്‍പം കൂടുകയോ കൂടുതല്‍ ലോകശ്രദ്ധ നേടുകയോ ഒക്കെ ചെയ്യുന്നത് സ്വാഭാവികം.

കശ്മിരില്‍ തീവ്രവാദത്തെ നേരിടാന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളില്‍ വരുന്ന ചില പാളിച്ചകള്‍ രാജ്യത്തിനകത്തു തന്നെ ഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം വിയോജിപ്പുകളുണ്ടാകുന്നതില്‍ ഒട്ടുമില്ല അസ്വാഭാവികത. അതിന്റെ ജനാധിപത്യ അര്‍ഥതലങ്ങള്‍ പാക് ഭരണകൂടത്തിനു മനസ്സിലാവില്ല. കശ്മിര്‍ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആ നാടിനെ സമാധാനത്തിന്റെ പാതയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് പ്രധാന വിഘാതം പാക് ഇടപെടലാണ്. ലോകത്തിനു വ്യക്തതയുള്ള ഈ യാഥാര്‍ഥ്യം വ്യാജചിത്രം കൊണ്ട് മറയ്ക്കാനാവുന്നതല്ലെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.