
തിരുവനന്തപുരം: തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യണമെന്ന വ്യാജേന മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ എല്‍.ഡി.എഫിന്റെ പരാതി. നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ മുഖ്യമന്ത്രി യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്നാണ് വ്യാജ സന്ദേശം. മുഖ്യമന്ത്രിയുടെ ചിത്രമടക്കമാണ് ഈ വ്യാജ പ്രചരണം. ഇത് നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.