തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താനാവാതെ പൊലിസ്. നിഖിൽ ഒളിവിലാണ് ഉള്ളതെന്ന് പൊലിസ് അറിയിച്ചു. നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്.
ഒളിവിൽ കഴിയുന്ന നിഖിൽ തോമസിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്. അതിനാൽ തന്നെ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനാവില്ല. മറ്റു വഴികൾ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പൊലിസ്.
അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലിസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലിംഗ സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ള വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നാണ് സർവകലാശാലയുടെ ആവശ്യം.
അതിനിടെ, എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചു.
വ്യാജരേഖയുണ്ടാക്കി ജോലി നേടിയ മുൻഎസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാനാവാത്തത് പൊലിസിന് നാണക്കേട് ആയിരിക്കെയാണ് നിഖിൽ തോമസ് കൂടി ഒളിവിൽ പോകുന്നത്. സിപിഎം പിന്തുണയോടെയാണ് പ്രതികൾ ഒളിവിൽ പോകുന്നതെന്നും പൊലിസ് മനഃപൂർവം പിടികൂടാത്തത് ആണെന്നുമുള്ള ആരോപണവും ശക്തമാവുകയാണ്.
Comments are closed for this post.