കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് പൊലിസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലിസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരക്കുള്ള യാത്രക്കിടെയാണ് പിടിയിലായതെന്നാണ് സൂചന. കോഴിക്കോട് ആണ് ഇയാൾ ഒഴിവിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പൊലിസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. സുഹൃത്തുക്കളുടെ കസ്റ്റഡിയാണ് നിഖിലിന്റെ അറസ്റ്റ് ഇപ്പോൾ നടക്കാൻ കാരണമായതെന്നാണ് പൊലിസ് അറിയിക്കുന്നത്.
വിവാദമായതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
Comments are closed for this post.