2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഫൈസല്‍ ഫരീദിനെതിരെ യു.എ.പി.എ: എന്‍.ഐ.എ വീട്ടിലെത്തി അറസ്റ്റ് വാറണ്ട് നോട്ടീസ് പതിച്ചു

 

തൃശൂര്‍: തിരുവനന്തപുരം ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുള്ള നോട്ടീസ് എന്‍.ഐ.എ സംഘം ഫൈസല്‍ ഫരീദിന്റെ വീട്ടിലെത്തി പതിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് (36) ദുബൈ പൊലിസിന്റെ പിടിയിലാണിപ്പോള്‍. ജൂലൈ 19നാണ് ഇന്റര്‍പോള്‍ വാറണ്ട് പ്രകാരം ഇയാള്‍ ദുബൈ പൊലിസിന്റെ പിടിയിലായത്. വൈകാതെ ഇന്ത്യക്ക് കൈമാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു.

ഫൈസല്‍ ഫരീദാണ് ദുബൈയില്‍നിന്ന് നയതന്ത്ര ബാഗേജ് വഴി ഇന്ത്യയിലേക്ക് സ്വര്‍ണം അയച്ചതെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കണ്ടെത്തിയത്. ഇതനുസരിച്ച് വിദേശകാര്യമന്ത്രാലയം ഇയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇക്കാര്യം ഇന്ത്യന്‍ എംബസി യു.എ.ഇ അധികൃതരെ അറിയിച്ചു. ഇതേ തുടര്‍ന്ന് യു.എ.ഇയും ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണിയെന്ന് ആദ്യഘട്ടത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇയാള്‍ നിഷേധിച്ചിരുന്നു. ദുബൈയിലെ റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, ആഡംബര കാറുകളുടെ വര്‍ക്ക് ഷോപ്പ് എന്നിവയുടെ ഉടമയാണ്. ഇയാളുടെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്നുപീടികയിലുള്ള വീട്ടില്‍ പൂട്ട് പൊളിച്ച് കസ്റ്റംസ് പരിശോധന നടത്തുകയും ലാപ്പ്ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനും ഫൈസലുമായി ബന്ധമുണ്ടായിരുന്നോ എന്നത് കേസിന്റെ ഗതിയില്‍ നിര്‍ണായക വഴിത്തിരിവാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News