2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Fact Chek: ഓണത്തിന് കൂടുതല്‍ മദ്യം വില്‍പ്പന നടന്നത് മലപ്പുറത്തോ? വാസ്തവം ഇതാണ്

Fact Chek: ഓണത്തിന് കൂടുതല്‍ മദ്യം വില്‍പ്പന നടന്നത് മലപ്പുറത്തോ? വാസ്തവം ഇതാണ്

മലപ്പുറം: ഈ ഓണത്തിന് കൂടുതല്‍ മദ്യവില്‍പ്പന നടന്നത് മലപ്പുറത്ത് ആണെന്ന പ്രചാരണത്തില്‍ വാസ്തവം ഉണ്ടോ? നമുക്ക് പരിശോധിക്കാം. ഈ ഓണ സീസണിലെ പത്തുദിവസം കൊണ്ട് 757 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടത്. അവിട്ടംദിനത്തില്‍ മാത്രം ബെവ്‌കൊയില്‍ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് മലപ്പുറം ജില്ലയിലെ തിരൂര്‍ ഔട്ട്‌ലെറ്റിലാണെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതിനൊരു മറുവശം ഉണ്ട്.

 

 

കണക്കുകള്‍ ഇങ്ങനെ:
കേരളത്തില്‍ ബെവ്‌കോക്ക് ആകെ 14 ജില്ലകളിലായി 272 ഔട്ട്‌ലെറ്റുകള്‍ ആണുള്ളത്. എന്നാല്‍ ജനസംഖ്യാനുപാതികമായി അല്ല പ്രവര്‍ത്തിക്കുന്നത്. അതായത്, കൂടുതല്‍ ജനസംഖ്യയുള്ള ജില്ലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ എന്ന ആനുപാതത്തില്‍ അല്ല. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 34 ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. കൊല്ലത്ത് 32, പത്തനംതിട്ടയില്‍ 14, ആലപ്പുഴയില്‍ 20, കോട്ടയത്ത് 24, ഇടുക്കിയില്‍ 20, എറണാകുളത്ത് 37, തൃശൂരില്‍ 23, പാലക്കാട്ട് 21, മലപ്പുറത്ത് 8, കോഴിക്കോട് 11, വയനാട്ടില്‍ 6, കണ്ണൂരില്‍ 11, കാസര്‍കോട്ട് 8 എന്നിങ്ങനെയാണ് ഔട്ട് ലെറ്റുകള്‍ ഉള്ളത്. ജനസംഖ്യാനുപതിതമായി അല്ല മദ്യശാലകള്‍ ഉള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. തിരുവനന്തപുരത്ത് ഓരോ ലക്ഷം ആളുകള്‍ക്ക് ഒരു ഔട്ട്‌ലെറ്റ് എന്ന വിധത്തിലാണുള്ളത്. എറണാകുളത്ത് ആകട്ടെ, 90,000 പേര്‍ക്ക് ഒരു ഔട്ട്‌ലെറ്റ് ആണ്. എന്നാല്‍ കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്താകട്ടെ കേവലം എട്ട് ഔട്ട്‌ലെറ്റുകളാണുള്ളത്. അതായത് 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ഔട്ട്‌ലെറ്റുകളുടെ ആനുപാതം 5.5 ലക്ഷം ആണ്. അതായത് അഞ്ചരലക്ഷം പേര്‍ക്ക് ഒരു ഔട്ട് ലെറ്റ്. അതിനാല്‍ ഉള്ള ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ആളുകള്‍ മദ്യം വാങ്ങാനെത്തിയതിനാലാണ് തിരൂര്‍ ഔട്ട്‌ലെറ്റ് വാര്‍ത്തയില്‍ ഇടംപിടിച്ചതെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്.

മദ്യ ഉപഭോഗത്തിലെ സമുദായ സ്വാധീനം
കേരളത്തില്‍ മദ്യം ഉപയോഗിക്കന്നവരുടെ സമുദായ അടിസ്ഥാനത്തിലുള്ള കണക്കും ലഭ്യമാണ്. എസ്. ഇരുദയരാജന്‍, ജോര്‍ജ് ജോസഫ്, രാജേഷ് മണി എന്നിവര്‍ ചേര്‍ന്ന് 2016ല്‍ തയ്യാറാക്കിയ പഠനം അനുസരിച്ച് കേരളത്തില്‍ മദ്യം ഉപയോഗിക്കുന്നവരില്‍ ഏറ്റവും കുറവ് മുസ്ലിംകളില്‍ ആണെന്നാണ്. മുസ്‌ലിം മതവിഭാഗത്തില്‍ 0.99 ശതമാനം വ്യക്തികള്‍ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്. അതായത് നൂറില്‍ ഒരാള്‍ പോലും മദ്യം സേവിക്കുന്നില്ല എന്നര്‍ത്ഥം.

കേരളത്തില്‍ മദ്യ ഉപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ് എന്നും പഠനം പറയുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ 6.86 ശതമാനവും മദ്യം ഉപയോഗിക്കുന്നവരാണ്. ഹിന്ദുക്കളില്‍ 6.52 ശതമാനം വ്യക്തികളും മദ്യപിക്കുന്നു. ഹിന്ദുമതത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായി മദ്യപിക്കുന്നത്. ഈ വിഭാഗത്തില്‍ 10.15 ശതമാനം മദ്യപര്‍. പിന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ 6.39 ശതമാനവും മുന്നാക്ക സമുദായത്തില്‍പ്പെട്ടവരില്‍ 4.71 ശതമാനവും മദ്യം ഉപയോഗിക്കുന്നു. ക്രിസ്തുമതത്തില്‍ ദളിത് ക്രിസ്ത്യാനികളാണ് കൂടുതലായി മദ്യപിക്കുന്നത്. ഇവരില്‍ 11.47 ശതമാനം മദ്യപിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.