2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സവാളയിലെ കറുത്ത പാളിയും ഫ്രിഡ്ജിലെ കറുത്ത പാടുകളും ബ്ലാക്ക് ഫംഗസ് രോഗത്തിന് കാരണമാകുമോ?

 

ബ്ലാക്ക് ഫംഗസ് രോഗം രാജ്യവ്യാപകമായി പടര്‍ന്നതോടെ ഇതുസംബന്ധിച്ച് നിരവധി വ്യാജ സന്ദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങി. അത്തരത്തിലൊന്നാണ് സവാളയിലുള്ള കറുത്ത പാളികളും ഫ്രിഡ്ജിലെ കറുത്ത പാടുകളും ബ്ലാക്ക് ഫംഗസിന് കാരണമാവുമെന്ന തരത്തിലുള്ള സന്ദേശം. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

ഇങ്ങനെയാണ് ഹിന്ദിയിലുള്ള വ്യാജ സന്ദേശം: ”ഉള്ളി വാങ്ങുമ്പോള്‍ അതില്‍ ഒരു കറുത്ത പാളി ശ്രദ്ധിച്ചിട്ടുണ്ടാവും. യഥാര്‍ഥത്തില്‍ ഇതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്റിന്റെ അകത്ത് റബ്ബറിനു മേലുള്ള കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസാണ്. ശ്രദ്ധിച്ചില്ലെങ്കില്‍, ഭക്ഷണത്തിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലേക്ക് കയറും”.

ഫ്രിഡ്ജിനുള്ളിലെ ഫംഗസ്

ഇതുസംബന്ധിച്ച് ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനിയറിങ്ങ് ആന്റ് ബയോടെക്‌നോളജി ശാസ്ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നതിങ്ങനെ:
‘റഫ്രിജറേറ്ററിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഉണ്ടാകുമെന്നത് നേരു തന്നെ. എന്നാല്‍ ഇവയ്ക്ക് ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസിന് കാരണമാവുകയും ചെയ്യില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ നീക്കം ചെയ്യുന്നത് നല്ലതാണ്’.

സവാളയിലെ ഫംഗസ്

മണ്ണില്‍ പൊതുവായി കാണപ്പെടുന്ന ആസ്പര്‍ജിലസ് നൈജര്‍ എന്ന ഫംഗസ് കാരണമാണ് ഉള്ളിയില്‍ കറുപ്പ് നിറം വരുന്നതെന്ന് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് ജബല്‍പുര്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ മൈകോളജി ഫംഗല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ആന്റ് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. ഷേ ആര്‍ ഗവാന്‍ഗെ പറയുന്നതിങ്ങനെ:
‘ഈ ഫംഗസ് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാക്കുന്നത് അപൂര്‍വ്വമാണ്. എങ്കിലും ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകുന്നത് നല്ലതാണ്’.

മ്യൂകോര്‍മൈകോസിസിന് കാരണമാകുന്ന ഫംഗസ്

‘ബ്ലാക്ക്ഫംഗസ്’ എന്ന് വിളിക്കപ്പെടുന്ന മ്യൂകോര്‍മൈകോസിസ്, മണ്ണില്‍ കാണപ്പെടുന്ന ഒരു പൂപ്പല്‍, ചീഞ്ഞ ഇലകള്‍ പോലുള്ള ജൈവവസ്തുക്കള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നതെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അഭിപ്രായപ്പെടുന്നു. ഫംഗസിന്റെ അണുക്കള്‍ ശ്വസിക്കുന്നതിലൂടെയാണ് ആളുകള്‍ക്ക് പലതരം ബ്ലാക്ക് ഫംഗസ് രോഗം വരുന്നത്. എയര്‍ ഹ്യുമിഡിഫയറുകള്‍ അല്ലെങ്കില്‍ മലിനജലം അടങ്ങിയ ഓക്‌സിജന്‍ ടാങ്കുകള്‍ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.

ബ്ലാക്ക് ഫംഗസ് എത്രത്തോളം അപകടകാരിയാണ്?

വളരെയധികം ആക്രമണകാരിയായ ഒരു ഫംഗസാണ് ‘ബ്ലാക്ക്ഫംഗസ്’ എന്ന് വിളിക്കപ്പെടുന്ന മ്യൂകോര്‍മൈകോസിസ്. ശരീരത്തിലെ ഫംഗസ് ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നതിന്, രോഗബാധ ആദ്യമേ കണ്ടുപിടിക്കേണ്ടതുണ്ട്. ചില സമയങ്ങളില്‍ ഫംഗസ് തലച്ചോറിലേക്ക് എത്തുന്നത് തടയാന്‍ ചിലപ്പോള്‍ രോഗികളുടെ മൂക്ക്, കണ്ണുകള്‍ അല്ലെങ്കില്‍ താടിയെല്ല് വരെ നീക്കം ചെയ്യേണ്ടിവരും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്ന കണക്കനുസരിച്ച് ഫംഗസ് ബാധിക്കുന്നവരുടെ ശരാശരി മരണനിരക്ക് 54 ശതമാനമാണ്.

സാധാരണയായി ശരീരത്തിന്റെ പ്രതിരോധം ഫംഗസിനെ പുറന്തള്ളുന്നു. രോഗപ്രതിരോധ ശേഷി വളരെ ദുര്‍ബലമായവരെ മാത്രമാണ് ഫംഗസ് ബാധിക്കുകയുള്ളൂ. ഉദാഹരണത്തിന് അവയവമാറ്റ ശസ്ത്രക്രിയ അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ബ്ലാക്ക്ഫംഗസ് ഒരു മാരക രോഗമാണ്.

രോഗം ബാധിച്ചുകഴിഞ്ഞാല്‍ ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കും. എങ്കിലും ഇതൊരു പകര്‍ച്ചവ്യാധിയല്ലെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. ഇന്ത്യയില്‍ സാധാരണയായി പ്രതിവര്‍ഷം ഏതാനും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.