2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫേസ്ബുക്കിന് തിരിച്ചടിയായി യു.എസിലെ പുതിയ കേസുകള്‍: ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും വില്‍ക്കേണ്ടി വരും

വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ ട്രേഡ് കമ്മിഷനും വിവിധ യു.എസ് സ്റ്റേറ്റുകളും നല്‍കിയ കേസ് ഫേസ്ബുക്കിന് തിരിച്ചടിയാവുന്നു. ഇതോടെ ഫേസ്ബുക്കിന് പ്രധാന സഹസ്ഥാപനങ്ങളായ വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വില്‍ക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

ചെറുകിട കമ്പനികളെ ഒഴിവാക്കുന്നതിനും എതിരാളികളെ കീഴടക്കുന്നതിനും ‘വാങ്ങുക അല്ലെങ്കില്‍ നശിപ്പിക്കുക’ എന്ന നയമാണ് സോഷ്യല്‍ മീഡിയ കമ്പനിയായഫേസ്്ബുക്ക് സ്വീകരിച്ചിരുന്നത് എന്നാരോപിച്ചാണ് എഫ്.ടി.സി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ടെക്ക് ഭീമനെതിരേ യു.എസില്‍ രണ്ടു കേസുകള്‍ ഫയല്‍ ചെയ്തത്.
ഗൂഗിളിന് ശേഷം ഏറ്റവും വലിയ നിയമ വെല്ലുവിളി നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ടെക് കമ്പനിയാണ് ഫേസ്ബുക്ക്. എതിരാളികളെ വരുതിയിലാക്കാന്‍ വിപണിയിലെ മേധാവിത്വം ഉപയോഗിച്ചുവെന്നാരോപിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട് മെന്റ് ഗൂഗിളിനെതിരേ പരാതി നല്‍കിയിരുന്നു.

2012ല്‍ 100 കോടി ഡോളറിന് ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനേയും 2014ല്‍ 1900 കോടി ഡോളറിന് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിനേയും ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. ഇത് വിപണി മേധാവിത്വം നേടാനായിരുന്നുവെന്നാണ് ആരോപണം.

ഇത്തരം ഏറ്റെടുക്കലുകള്‍ കുറ്റമറ്റതായിരിക്കണമെന്ന് ഫെഡറല്‍ സ്റ്റേറ്റ് റെഗുലേറ്റര്‍മാര്‍ പറഞ്ഞു. ഇതുവഴി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഇടപാടുകള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. ഇതോടെ ഏറ്റെടുത്ത രണ്ട് സേവനങ്ങളേയും ഫേസ്ബുക്കിന് കൈഴിയേണ്ടി വന്നേക്കാം.
ചെറിയ എതിരാളികളെ നശിപ്പിക്കാനും മത്സരമില്ലാതാക്കാനും ഒരു ദശാബ്ദക്കാലത്തോളം ഫെയ്‌സ്ബുക്ക് അതിന്റെ മേധാവിത്വം ഉപയോഗിച്ചവെന്ന് കേസില്‍ കക്ഷിചേര്‍ന്ന 46 സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജറല്‍ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.

അതേസമയം, രാജ്യത്തെ ആന്റിട്രസ്റ്റ് നിയമങ്ങള്‍ വിജയകരമായ കമ്പനികളെ ശിക്ഷിക്കുന്നതിന് വേണ്ടിയല്ലെന്ന് ഫെയ്‌സ്ബുക്കിന്റെ അഭിഭാഷക ജെനിഫര്‍ ന്യൂസ്റ്റെഡ് പറഞ്ഞു. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വിജകരമായത് ഫേസ്ബുക്ക് കോടികള്‍ നിക്ഷേപിച്ചതിന് ശേഷമാണെന്നും അവര്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.