2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭക്ഷണം നന്നായാല്‍ നന്നായി കാണാം

ഡോ. ലൈല മോഹന്‍ (ചീഫ് മെഡിക്കല്‍ ഓഫിസര്‍ കോംട്രസ്റ്റ് കണ്ണാശുപത്രി)

ശരീരത്തിന്റെ ആരോഗ്യം കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. കണ്ണിന്റെ ആരോഗ്യത്തിന് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ അത്യാവശ്യമാണ് അതിനാല്‍ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം.

വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. പാല്‍ ഉല്‍പ്പന്നങ്ങളിലും മുട്ടയിലും മത്സ്യ എണ്ണയിലും ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതുപോലെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം.

കണ്ണിന്റെ ആരോഗ്യത്തിന് ദിവസേന 40 മില്ലി ഗ്രാം വിറ്റാമിന്‍ സി വേണം. ദിവസേന ഒരു ഓറഞ്ച് കഴിച്ചാല്‍ 80 മില്ലി ഗ്രാം വിറ്റാമിന്‍ സി ലഭിക്കും. പാലുല്‍പ്പങ്ങള്‍, മുട്ട മത്സ്യം, ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ ആരോഗ്യം നമ്മുക്ക് നിലനിര്‍ത്താം.

കണ്ണുകളുടെ പരിപാലനത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് കണ്ണുകളുടെ സ്വയം ചികിത്സ ഒഴിവാക്കുക എന്നത്. തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കാഴ്ച ശക്തി കുറയുക, ദൂരെയുള്ള വസ്തുക്കളില്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉടനെ ഡോക്ടറെ കാണുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ കൂടി വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നേത്രരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ചികിത്സിക്കാനും ഏറെ സഹായകമാകും.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.