തിരുവനന്തപുരം: കോംഗോയില്‍ നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഷോപ്പിംഗ് മാളുകളും ഹോട്ടലുകളുമടക്കം ഇയാളുടെ സമ്പര്‍ക്ക പ്രദേശം വിസ്തൃതമായതിന്റെ പരിഭ്രാന്തിയിലാണ് ആരോഗ്യ വകുപ്പും.
ഇയാളുടെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു ഇയാള്‍ക്ക് അനുവദിച്ചത്. എന്നാല്‍ ഇതൊന്നും സ്വീകരിക്കാതെ ഇദ്ദേഹം പലയിടത്തും പോയി. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാം. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നു മുതല്‍ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments are closed for this post.