2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പ്രതികാരം ചെയ്യാനാവരുത് അറസ്റ്റ്, അറസ്റ്റിനുള്ള കാരണം അപ്പോള്‍ തന്നെ രേഖമൂലം അറിയിക്കണം’ ഇ.ഡിക്ക് സുപ്രിം കോടതിയുടെ താക്കീത്

‘പ്രതികാരം ചെയ്യാനാവരുത് അറസ്റ്റ്, അറസ്റ്റിനുള്ള കാരണം അപ്പോള്‍ തന്നെ രേഖമൂലം അറിയിക്കണം’ ഇ.ഡിക്ക് സുപ്രിം കോടതിയുടെ താക്കീത്

   

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) സുപ്രിം കോടതിയുടെ താക്കീത്. പ്രതികാരം വീട്ടാനാവരുത് അറസ്റ്റുകളെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. താക്കീതിന്റെ സ്വരത്തിലായിരുന്നു കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.

ശത്രുതാ മനോേഭാവത്തോടെ പെരുമാറരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പരമോന്നത കോടതി ഇതുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ചത്. ധനാപഹരണക്കേസില്‍ ഗുരുഗ്രാം ആസ്ഥാനമായ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് എം3എമ്മിന്റെ ഡയറക്ടര്‍മാരായ പങ്കജ് ബന്‍സല്‍, ബസന്ത് എന്നിവരെ അറസ്റ്റു ചെയ്ത സംഭവത്തിലാണ് കോടതി വിധി. ഇരുവരുടേയും അറസ്റ്റ് നിയപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയും വേഗം ഇരുവരേയും മോചിപ്പിക്കാനും ഉത്തരവിട്ടു.

‘പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഒരു പ്രധാന ഏജന്‍സി എന്ന നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെല്ലാം സുതാര്യമായിരിക്കണം. അന്വേഷണത്തില്‍ അങ്ങേയറ്റത്തെ നിഷ്പക്ഷതയും നീതിയും കാണിക്കണം. അറസ്റ്റു ചെയ്താല്‍ അത് രേഖാമൂലം അപ്പോള്‍ തന്നെ അറിയിക്കുകയും വേണം. 2002ലെ നിയമപ്രകാരം ഇഡിക്ക് നല്‍കിയ വിപുലമായ അധികാരങ്ങള്‍ പ്രതികാരം ചെയ്യാനുള്ളതല്ല.’ വിധി പ്രസ്താവത്തില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.