റഹ്മാന്‍ നെല്ലാങ്കണ്ടി
മസ്‌കത്ത്:കൊറോണ കേസുകളുടെ വര്‍ദ്ധനവ് കാരണം, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഒമാന്‍ അനിശ്ചിതകാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ട് ഒന്നര മാസമായി. കഴിഞ്ഞ ഏപ്രില്‍ 26 മുതലാണ് യാത്രവിലക്ക് പ്രാബല്യത്തില്‍ വന്നത്.
അടുത്ത ബന്ധുക്കളുടെ മരണത്തതിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമായി നാട്ടില്‍ പോയ നിരവധി പേരാണ് എന്ന് തിരിച്ച് വരാന്‍ കഴിയുമെന്നറിയാതെ നിരാശയില്‍ കഴിയുന്നത്. വിസ കാലാവധി കഴിയാനായവര്‍ക്ക് അധികൃതര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ഇവരില്‍ പലരുടെയും ഭാവി അപകടത്തിലാണ്. ജോലി നഷ്ടപ്പെടാനും ബിസിനസ് നഷ്ടത്തിലേക്ക് നീങ്ങാനും സാധ്യത കൂടുതലാണ്.
ആദ്യമൊക്കെ സാമ്പത്തിക ശേഷിയുള്ളവര്‍ മറ്റ് രാജ്യങ്ങള്‍ വഴി ഒമാനില്‍ എത്തിയിരുന്നു.ജിസിസി രാജ്യങ്ങളും ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആ വാതിലുമടഞ്ഞു.തന്നെയുമല്ല ഇത് വളരെ ചെലവേറിയതിനാല്‍ ചുരുങ്ങിയ ശമ്പളക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല. കമ്പനികള്‍ ഈ ചിലവ് ഏറ്റെടുക്കാന്‍ തയ്യാറുമല്ല.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലാണെങ്കിലും നിലവിലുണ്ടായിരുന്ന രാത്രി വ്യാപാരവില ക്കടക്കം നീക്കിയത് അല്പം പ്രതീക്ഷ നല്‍കുന്നതാണ്.ചുരുങ്ങിയത് റെസിഡന്റ് വിസ ഉടമകള്‍ക്ക് എങ്കിലും പ്രവേശന നിയന്ത്രണം അധികൃതര്‍ നീക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നു.
ഒമാനിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് മസ്‌കറ്റിലെ ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. യാത്രവിലക്ക് നീങ്ങുന്നത് സംബന്ധിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിയന്ത്രണങ്ങള്‍ നീക്കുന്നത് അധികൃതര്‍ ഉടന്‍ പരിഗണിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ‘അല്‍ഹിന്ദ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റീന അബ്ദുള്‍റഹ്മാന്‍ പറഞ്ഞു.
Comments are closed for this post.