
ദുബൈ: രാജ്യപുരോഗതിയില്‍ പ്രവാസികള്‍ വഹിച്ച പങ്കിനെ ഓരോ വര്‍ഷവും നടക്കുന്ന ദേശീയ ദിനാഘോഷത്തില്‍ പ്രത്യേകം പരമാര്‍ശിക്കുന്ന ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയിലും വിജയത്തിലും യു.എ.ഇയെ സ്വന്തം നാടായി കാണുന്ന മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ വിജയ പാതയിലേക്ക് നയിക്കാന്‍ ആ രാജ്യത്തിലെ ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാവില്ലെന്നും അതിന് പുറത്തു നിന്നുള്ളവരുടെ കൂടി സഹായം അനിവാര്യമാണെന്നും അദ്ദേഹം നിരന്തരം പറയുമായിരുന്നു.
1950കളിലെ എണ്ണനിക്ഷേപം കണ്ടെത്തലിനു മുന്‍പ് യു.എ.ഇ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ വളര്‍ച്ചയെ ത്വരിതഗതിയിലാക്കി. ആധുനികവത്കരണത്തിനും വികസനത്തിനും അത് വഴിവച്ചു.
1971 ല്‍ അബുദബിയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് 6 എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന് രുപം കൊണ്ടത്.
പിതാവിനൊപ്പം യു.എ.ഇ.യെ പടുത്തുയര്‍ത്തുന്നതില്‍ ശൈഖ് ഖലീഫ വലിയ പങ്കാണ് വഹിച്ചത്. മലയാളികളുമായും ഇന്ത്യയുമായും ശൈഖ് ഖലീഫയുടെ ബന്ധവും ശ്രദ്ധേയമാണ്. പ്രസിഡന്റിന്റെ കൊട്ടരാത്തിലുള്പ്പെടെ നിരവധി ജോലിക്കാര്‍ മലയാളികളായി ഇപ്പോഴുമുണ്ട്.