ദുബൈ: പ്രവാസികള്‍ ഇന്ത്യയുടെ വികസനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയവരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. യു.എ.ഇയിലെ പ്രബല സമൂഹമായി ഇന്ത്യ മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യമായി യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ ചീഫ് ജസ്റ്റിസിന് അബൂദബി ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രമണ.
കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന് ആദ്യമായി ധനസഹായം അയച്ചത് ഗള്‍ഫ് സഹോദരന്മാരില്‍ നിന്നാണെന്നും അദ്ദേഹം അനുസ്മരിച്ചു. പരിപാടിയില്‍ ചീഫ് ജസ്റ്റിസിനെയും ജസ്റ്റിസ് ഹിമ കോഹ്ലിയെയും ആദരിച്ചു. തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.എ.ഇ അധികൃതരുമായി ചര്‍ച്ച ചെയ്തതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. നാടുകടത്തലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ വേഗത്തിലാക്കാന്‍ നിയമ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട. യു.എ.ഇയിലെ പ്രധാന സമൂഹമായി ഇന്ത്യക്കാര്‍ മാറിയിട്ടുണ്ട്.
മാതൃരാജ്യത്തെയും മാതൃഭാഷയെയും ഒരിക്കലും മറക്കരുത്. നമ്മുടെ സംസ്‌കാരത്തെ മുറുകെ പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഉത്സവങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നിയമസഹായ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇതിനായി എല്ലാ സഹായവും നല്‍കും. യു.എ.ഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി, യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി പ്രസിഡന്റ് മുഹമ്മദ് ഹമദ് അല്‍ ബാദി എന്നിവരുമായി ജസ്റ്റിസ് എന്‍.വി. രമണയും ജസ്റ്റിസ് ഹിമ കോഹ്ലിയും കൂടിക്കാഴ്ച നടത്തി. ജുഡീഷ്യല്‍ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ഒപ്പമുണ്ടായിരുന്നു.
Comments are closed for this post.