റിയാദ്: സാധാരണ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ ഭരണാധികാരിയായിരുന്ന ഉമ്മൻചാണ്ടി പ്രവാസികളുടെ ഉറ്റമിത്രമായിരുന്നെന്ന് സഊദി കെഎംസിസി. പ്രവാസികളെയും കുടുംബങ്ങളെയും ചേർത്തുപിടിക്കുന്നതിൽ പൊതുപ്രവർത്തകൻ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ജാഗ്രതപുലർത്തി. പ്രവാസികൾക്കിടയിൽ സുരക്ഷിത ബോധമുണ്ടാക്കുന്നതിൽ ഉമ്മൻചാണ്ടിയെന്ന ഭരണാധികാരി ഏറെ വിജയിച്ചിരുന്നു.
പ്രവാസി പ്രശനങ്ങളിൽ തക്ക സമയത്തുള്ള ഇടപെടലിലൂടെ പ്രവാസികളുടെ ജീവൻ വരെ അപകടത്തിലാകുന്ന കേസുകളിൽ വരെ ഇടപെട്ട് രക്ഷിച്ചത് പ്രവാസലോകത്തിന്റെ മനം കവർന്നിരുന്നു. പ്രവാസികൾക്കിടയിൽ ഒരു വിളിക്കപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. പ്രവാസികളുടെ പൊതുവിഷയങ്ങളിൽ ഏറെ ജാഗ്രതയോടെയാണ് അദ്ദേഹം ഇടപെട്ടത്. നോർക്കയെ കൂടുതൽ ജനകീയവൽക്കരിക്കുകയും പ്രവാസി വകുപ്പ് സ്ഥാപിക്കുക വഴി പ്രവാസികൾക്കായി നിരവധി പദ്ധതികൾ കൊണ്ടുവരാനും അദ്ദേഹത്തിനായി.
സഊദി ഉൾപ്പടെ വിദേശ രാജ്യങ്ങളിലെ സ്വദേശിവൽക്കരണം മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും ശാസ്ത്രീയമായ നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. വിദേശങ്ങളിലെത്തുമ്പോൾ കെഎംസിസി പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തകരെയും വളരെ ആദരവോടെ കണ്ടിരുന്ന അദ്ദേഹം പ്രവാസി വിഷയങ്ങൾ പരിഹരിക്കുന്നതിലും മറ്റും കെഎംസിസിയുടെ ഇടപെടലുകളെ അഭിമാനകാരവും കേരളത്തിന് തന്നെ മാതൃകയായതായും പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
സഊദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയുടെ ആദ്യ വിഹിത വിതരണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടിയായിരുന്നു മലപ്പുറത്ത് വെച്ച് നിർവഹിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന കാര്യങ്ങളിലും കെഎംസിസി ഇടപെടലുകളിൽ ഒരു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിസ്മരണീയമായിരുന്നെന്ന് സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, എ പി ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Comments are closed for this post.