
നെടുമ്പാശേരി: ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പാലക്കാട് സ്വദേശി വിജയകുമാര്‍ ഇന്ന് നടുമ്പാശേരിയില് ഇറങ്ങിയത് വിങ്ങുന്ന മനസ്സുമായി. തന്റെ സഹധര്‍മിണിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് വിജയകുമാറിന്റെ ജന്മ നാട്ടിലേക്കുള്ള മടങ്ങി വരവ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ വിജയകുമാറിന്റെ ഭാര്യ ഗീത ഒരാഴ്ച്ച മുന്‍പാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. വിജയകുമാറിന്റെ മടങ്ങി വരവും കാത്ത് ഗീതയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളമായി ഇവരുടെ വിവാഹം നടന്നിട്ടെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. എല്ലാ ദുഖങ്ങളും പരസ്പരം പങ്കുവച്ചാണ് ഇതുവരെ മുന്നോട്ടു പോയത്. ഭാര്യയെ കൂടാതെ പ്രായമായ അമ്മ മാത്രമാണ് വിജയകുമാറിന്റെ കൊല്ലങ്കോട്ടെ വീട്ടിലുള്ളത്.
ഭാര്യയുടെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഏത് വിധേനയും നാട്ടിലേക്ക് മടങ്ങാന്‍ വിജയകുമാര്‍ ശ്രമം നടത്തി വരികയായിരുന്നു. പ്രവാസികളുടെ മടങ്ങി വരവിന്റെ ഒന്നാം ഘട്ട ദൗത്യ അവസാനിക്കുന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വിജയകുമാര്‍ ദുബൈ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. വിമാനത്തില്‍ ആരുടെയെങ്കിലും ഒഴിവ് വന്നാല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ദിവസം മുഴുവന്‍ വിമാനത്താവളത്തിന് മുന്നില്‍ കാത്ത് നിന്നത്. പക്ഷെ നിരാശയായിരുന്നു ഫലം. നാട്ടിലേക്കുള്ള അവസാന വിമാനവും പുറപ്പെടുമ്പോള്‍ ദുബായ് വിമാനത്താവളത്തിന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വിജയകുമാറിന്റെ അനുഭവം വാര്‍ത്തയായിരുന്നു. പിന്നീട് വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഇന്ന് വൈകീട്ട് 6.47 ന് നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വിജയകുമാറിന് യാത്രയ്ക്ക് അവസരമൊരുക്കിയത്.
മടങ്ങി വരവിന്റെ രണ്ടാം ഘട്ടത്തിലെ എ എക്സ് 434 എയര്‍ ഇന്ത്യാ എക്സ്പ്രെസ് വിമാനത്തില്‍ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ പേര് ഗര്‍ഭിണികളാണ്. ആകെ പതിനൊന്ന് വിമാനങ്ങളിലായി 2079 പേരാണ് ഇതുവരെ നാട്ടിലെത്തിയത്
Comments are closed for this post.