2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവേശന പരീക്ഷകള്‍ അഗ്‌നിപരീക്ഷണമാവുന്നു

അഷറഫ് ചേരാപുരം

 

 

കോഴിക്കോട്: കടുത്ത മത്സരം നടക്കുന്ന പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ മത്സരപരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശ നിഷേധവും മാനസിക പീഡനവുമാവുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍, എന്‍ജിനീറിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്കും മറ്റ് ഉന്നത പഠനങ്ങള്‍ക്കുമുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് ദുരിതാനുഭവങ്ങളായും അവകാശലംഘനങ്ങളുമാവുന്നത്. പരീക്ഷ എഴുതാനുള്ള കോച്ചിങ്ങുകള്‍ മുതല്‍ അപേക്ഷ നല്‍കലും പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള കടുത്ത നിബന്ധനകള്‍ക്കും പുറമേ പരീക്ഷാ ഹാളിലുണ്ടാവുന്ന അവകാശ ലംഘനങ്ങളുമാണ് ചര്‍ച്ചയായിരിക്കുന്നത്. ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് ഹാളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ചോദ്യപ്പേപ്പര്‍ അറ്റന്റ് ചെയ്യാനുള്ള സമയം പലപ്പോഴും അപഹരിക്കപ്പെടുന്നതായുള്ള പരാതികളാണ് വ്യാപകമായി ഉയരുന്നത്.

ഇക്കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിലും ഇത്തരം അനുഭവങ്ങള്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായി. പരീക്ഷയ്ക്ക് മൂന്നു മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്. 180 ഓളം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ സമയത്തിനുള്ളില്‍ ഒരു വിദ്യാര്‍ഥി ചെയ്തു തീര്‍ക്കണം. കണക്കു പ്രകാരം ഒരു ചോദ്യത്തിന് ഒരു മിനിറ്റാണ് ലഭിക്കുക.സര്‍വ പരിശോധനകള്‍ക്കും ശേഷം പരീക്ഷാ ഹാളിലെത്തുന്ന വിദ്യാര്‍ഥിക്ക് ഓരോ മിനിറ്റും വിലപ്പെട്ടതാണ്. എന്നാല്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതും വ്യക്തിപരമായ രേഖകള്‍ ബബ്ള്‍ ചെയ്ത് നല്‍കുന്നതും ഒപ്പിടുന്നതും വിരല്‍ മുദ്ര പതിപ്പിക്കുന്നതു മുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒന്നില്‍കൂടുതല്‍ തവണ ചെയ്യേണ്ടതുണ്ട്. ദീര്‍ഘ സമയം ഇതിനായി ചെലവാക്കേണ്ടി വരുന്നുവെന്നാണ് വിദ്യാര്‍ഥികളില്‍ പലരും പരാതിപ്പെടുന്നത്.

തങ്ങള്‍ക്ക് ചോദ്യങ്ങള്‍ അറ്റന്റ് ചെയ്യേണ്ട സമയം ഇത്തരത്തില്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് പലരും ഭയം മൂലം പുറത്തു പറയാനോ പരാതിപ്പെടാനോ പോവാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്‍വിജിലേറ്റര്‍മാരുടെ കാര്യശേഷിക്കുറവും അവരുടെ പേടിയുമാണ് ഇത്തരത്തില്‍ സമയം നഷ്ടപ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്. പല ഇന്‍വിജിലേറ്റര്‍മാരും പരീക്ഷാര്‍ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന നയങ്ങളാണ് സ്വീകരിക്കാറുള്ളത്. അറിവില്ലായ്മകൊണ്ടോ ബോധപൂര്‍വമോ ആയ ഇത്തരം നടപടികള്‍ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. വര്‍ഷങ്ങളോളം കടുത്ത പരിശീലനം നടത്തി മത്സരപ്പരീക്ഷകള്‍ക്കെത്തുന്ന വിദ്യാര്‍ഥികളില്‍ വലിയ മാനസിക പ്രത്യാഘാതങ്ങളാണ് ഇതുകൊണ്ടുണ്ടാവുന്നത്.

കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ ഒരു സെന്ററില്‍ പരീക്ഷാ ഹാളിലുണ്ടായ സംഭവം ഇത്തരം പ്രശ്‌നങ്ങളുടെ വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്‍വിജിലേറ്റര്‍ ക്ലാസ്സില്‍ വന്നപ്പോള്‍ ഒരു കാര്യവും ഞാന്‍ നിര്‍ദേശിക്കുന്നത് വരെ ചെയ്തു തുടങ്ങരുതെന്നായിരുന്നു ആദ്യം തന്നെ കര്‍ശന നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ അത് അക്ഷരം പ്രതി പാലിച്ചു. വ്യക്തിവിവരങ്ങള്‍ പൂരിപ്പിക്കാനും . പിന്നെ താന്‍ പറയുമ്പോള്‍ മാത്രം ചോദ്യ കടലാസിന്റെ പാക്കറ്റ് തുറക്കണമെന്നും അതിന്നു ശേഷം താന്‍ പറയുമ്പോള്‍ ഉത്തരം എഴുതി തുടങ്ങണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആദ്യ രണ്ട് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ ഇന്‍വിജിലേറ്റര്‍ മൂന്നാമത്തെ കാര്യം സമയത്തിന്ന് പറയാന്‍ വിട്ടു പോവുകയായിരുന്നു. സ്വാഭാവികമായും കുട്ടികള്‍ എല്ലാവരും ഉത്തരം എഴുതി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നത് കാത്തിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇന്‍വിജിലേറ്റര്‍ക്ക് ഇക്കാര്യം ഓര്‍മ വന്നതത്രെ. എന്നാല്‍ ഇങ്ങിനെ നഷ്ടപ്പെടുന്ന സമയം പിന്നീട് വകവെച്ചു നല്‍കിയതുമില്ല.

പരീക്ഷകള്‍ സമ്മര്‍ദ്ദമില്ലാതെ അനായാസമായി എഴുതാനുള്ള സംവിധാനങ്ങളിലേക്ക് വിദ്യാഭ്യാസ അധികൃതരും മറ്റും പോകുന്ന ഇക്കാലത്ത് കൃത്യമായ പരിശീലനം ലഭിക്കാത്ത ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കുന്നതിലെ അശാസ്ത്രീയത കണ്ടറിയണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്. എല്ലാം ശാസ്ത്രീയവും എളുപ്പവുമായി മാറുമ്പോള്‍ പ്രവേശന പരീക്ഷകളിലെ സാങ്കേതിക നൂലാമാലകള്‍ അഗ്‌നി പരീക്ഷകളാക്കാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.