എം. ശംസുദ്ദീൻ ഫൈസി
മലപ്പുറം • ബലിപെരുന്നാൾ ദിനത്തിൽ നടക്കുന്ന ഡി.എൽ.എഡ്, പി.എസ്.സി പരീക്ഷകളെച്ചൊല്ലി വിദ്യാർഥികളും ഉദ്യോഗാർഥികളും ആശങ്കയിൽ. ഡി.എൽ.എഡ് അറബിക്, ഉർദു മൂന്നാം സെമസ്റ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ അസി.സയന്റിസ്റ്റ്, സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുമാണ് ബലിപെരുന്നാൾ ദിനത്തിൽ വന്നിരിക്കുന്നത്.
29ന് രാവിലെ 9.45 മുതൽ 11.15വരെയാണ് ഡി.എൽ.എഡ് അറബിക്, ഉർദു മൂന്നാം സെമസ്റ്റർ പരീക്ഷ. മറ്റു ഡി.എൽ.എഡ് പരീക്ഷകൾ 24,26,27 തീയതികളിലുമായാണ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലെ നിശ്ചിത കേന്ദ്രങ്ങളിലാണ് ഡി.എൽ.എഡ് വിദ്യാർഥികൾക്ക് പരീക്ഷക്കെത്തേണ്ടത്. വിവിധ ജില്ലകളിൽ നിന്നായി എത്തുന്ന നൂറുകണക്കിനു വിദ്യാർഥികൾക്ക് ബലിപെരുന്നാൾ ദിനത്തിൽ പരീക്ഷ എഴുതി തിരിച്ചു പോവേണ്ടി വരുന്നതു കടുത്ത ദുരിതമാണ് വരുത്തിവയ്ക്കുക.
വിദൂര ദിക്കുകളിൽ നിന്ന് കോളജ് പരിസരത്ത് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവർക്കും ഇത് വലിയ പ്രതിസന്ധിയാവും.
പരീക്ഷ മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വകുപ്പ് അധികൃതർക്ക് വിദ്യാർഥികൾ മെയിൽ അയച്ചിരുന്നു.
അറബിക്, ഉർദു വിഭാഗത്തിൽ കൂടുതലും മുസ് ലിം വിദ്യാർഥികളായതിനാൽ ബലിപെരുന്നാൾ ദിനത്തിൽ പരീക്ഷ വരുന്നത് പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.ഇന്ന് ഡി.ഡി.ഇ യെ കണ്ട് നിവേദനം നൽകുമെന്ന് കോഴിക്കോട് നടക്കാവ് ടീച്ചർ ട്രെയിനിങ് കോളജ് വിദ്യാർഥി യൂനിയൻ ചെയർമാൻ ഹബീബ് പൊന്നാട് പറഞ്ഞു.
അന്നേ ദിവസം കാലത്ത് 7.15മുതൽ 9.15 വരെയാണ് അസി.സയന്റിസ്റ്റ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പി.ജി തേഡ് സെമസ്റ്റർ മൂല്യനിർണ ക്യാംപും ഇതേ ദിവസം നടക്കുന്നുണ്ട്. ഇതിനെതിരേയും വിമർശനം ശക്തമായിട്ടുണ്ട്.
Content Highlights:exam in eid day
Comments are closed for this post.