
ഖത്തർ ഫുട്ബോള്‍ ലോകകപ്പിൽ അപ്രതീക്ഷിത തോൽവിയെ തുടർന്ന് പോർച്ചുഗൽ പുറത്താക്കിയ ഫെർണാണ്ടോ സാന്റോസ് പോളണ്ടിന്റെ പരിശീലകനാവും. 2024 യൂറോ കപ്പ് വരെ കരാർ കാലാവധി ഉണ്ടായിരുന്നെങ്കിലും ഖത്തറിലെ തോല്‍വിയോടെ സാന്റോസ് പുറത്താവുകയായിരുന്നു. 2026 വരെയാണ് പോളണ്ട് സാന്റോസുമായി കരാർ ഒപ്പിട്ടത്.
ഖത്തർ ലോകകപ്പിൽ സാന്റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. മൊറോക്കോയ്ക്കെതിരെ റൊണാൾഡോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ മത്സരത്തിൽ മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ പുറത്തായത്.
2014 മുതൽ പോർച്ചുഗൽ പരിശീലകനായിരുന്ന സാന്റോസിന് കീഴിൽ ക്രിസ്റ്റ്യാനോയും സംഘവും 2016ൽ യൂറോ കപ്പും 2018-19ല്‍ നേഷന്‍സ് ലീഗും നേടിയിരുന്നു.
ബെൽജിയത്തിന്റെ കോച്ചായിരുന്ന റോബർട്ടോ മാർട്ടിനസാണ് പോർച്ചുഗലിന്റെ പുതിയ പരിശീലകൻ. ആറ് വര്‍ഷം ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച മാര്‍ട്ടിനസ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പടിയിറങ്ങിയിരുന്നു.
Comments are closed for this post.