2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വിദ്യാലയങ്ങളിൽ വിളയുന്ന തിന്മ



പാഠപുസ്തകങ്ങളില്‍നിന്നുള്ള അറിവുകള്‍ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങള്‍ മാത്രമല്ല കലാലയങ്ങള്‍. വ്യക്തിയുടെ രാഷ്ട്രീയ, സാമൂഹിക, പൊതുബോധത്തെ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണവ. അതിന് അവസരമൊരുക്കേണ്ട ഉത്തരവാദിത്വം അധ്യാപകര്‍ക്കെന്നതുപോലെ വിദ്യാര്‍ഥിസമൂഹത്തിനുമുണ്ട്. അത്തരം നല്ല പാഠങ്ങളാണ് വിദ്യാര്‍ഥികള്‍ കാംപസുകളില്‍നിന്ന് പകര്‍ത്തേണ്ടതും സമൂഹത്തിന് പകര്‍ന്നുനല്‍കേണ്ടതും. എന്നാല്‍ കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളജില്‍ ഒരധ്യാപകന്‍ ചില വിദ്യാര്‍ഥികളാല്‍ അപമാനിക്കപ്പെട്ടത് ‘സാംസ്‌കാരിക’ കേരളത്തിന്റെ തലയ്‌ക്കേറ്റ പെരുംപ്രഹരമാണ്. ‘രാഷ്ട്രീയം’ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുതന്നെ ഇത്തരമൊരു അന്യായം ഉണ്ടായത് പൊറുക്കാന്‍ പറ്റാത്തതാണ്.


മഹാരാജാസിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.യു പ്രിയേഷിനെയാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ അപമാനിച്ചത്. അധ്യാപകന്‍ പഠിപ്പിക്കുന്നതിനിടെ കളിചിരികളും അപശബ്ദങ്ങളുമായി ക്ലാസ് അന്തരീക്ഷം അസ്വസ്ഥമാക്കുകയായിരുന്നു അവര്‍. അതിനിടെ ചില വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുകയും ചെയ്തു. ഇവ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ‘റീല്‍സ്’ ആയി പ്രചരിപ്പിക്കാനും ‘റീച്ച്’ കൂട്ടാനും ഈ കുട്ടികള്‍ക്ക് മടിയുണ്ടായില്ല. അധ്യാപകനെ അപമാനിക്കുന്ന വിഡിയോ പ്രചരിച്ചതിനു പിന്നാലെ പൊലിസ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയും സംഭവത്തിലുള്‍പ്പെട്ട ആറുപേരെ കോളജ് അധികൃതർ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അവിടംകൊണ്ട് തീരേണ്ടതല്ല ഈ തെറ്റിന്റെ ശിക്ഷയും ചര്‍ച്ചയും.


ഭിന്നശേഷി സമൂഹത്തോട് ശരാശരി മലയാളി പുലര്‍ത്തുന്ന പൊതുബോധത്തിന്റെ പുളിച്ചുതികട്ടലാണ് മഹാരാജാസില്‍ കണ്ടത്. ഇരുണ്ട നിറക്കാരോടും ഉയരം കുറഞ്ഞവരോടും, കൂടിയവരോടും തന്നേക്കാള്‍ തടിയുള്ളവരോടും മലയാളി നിരന്തരം പ്രയോഗിക്കുന്ന പരിഹാസത്തിന്റെ കാംപസ് പതിപ്പാണ് ആ ക്ലാസ്മുറി. ബോഡിഷെയിമിങ് എന്നത് ഈ അടുത്തകാലത്തു മാത്രമാണ് നമ്മള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്. എന്നാല്‍, കാലങ്ങളായി നിറത്തിന്റെ പേരില്‍, അല്‍പം തടി കൂടിയതിന്റെ പേരില്‍, കണ്ണ് ചെറുതായതിന്റെ പേരില്‍, മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ നിരന്തരം പരിഹസിക്കപ്പെടുകയാണ്. നാട്ടില്‍ രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത്, ‘നീ അങ്ങ് മെലിഞ്ഞുപോയല്ലോ’ എന്നോ നീ തടിച്ച് വീപ്പക്കുറ്റിപോലെയായല്ലോ എന്നോ ഒക്കെയായിരിക്കും. യാത്ര ചെയ്ത് ക്ഷീണിച്ചു വരുന്ന ഒരാളെ കണ്ടാല്‍ ഉടന്‍ വരും, ആകെ കറുത്ത് കരിക്കട്ടപോലെയായല്ലോ എന്ന ചോദ്യം. ഇത്തരത്തിലുള്ള ഓരോ ചോദ്യവും വരുന്നത് നിറത്തെയും ശരീരത്തെയും സംബന്ധിച്ചുള്ള വികലധാരണകളിൽനിന്നാണ്. അധ്യാപകരെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതും മുണ്ടിന്റെ മടിക്കുത്തഴിച്ചിടുന്നതും പഴയ ശീലങ്ങളാണ്. അതിന്റെ നന്മ-തിന്മകളെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്യുന്നതിനുമുമ്പ്, അവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും പുതുതലമുറ ശീലിച്ചേ മതിയാകൂ. നിറത്തിന്റെയോ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ആരെയും അകറ്റിനിര്‍ത്തരുതെന്ന് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്നില്‍ നില്‍ക്കേണ്ടവരാണ് വിദ്യാര്‍ഥിസമൂഹം. അതില്‍ ചിലരെങ്കിലും ഇത്തരം പ്രതിലോമ ചിന്തകളിലേക്ക് വഴുതിപ്പോകുന്നത് ഖേദകരമാണ്.


അനുകമ്പ അല്ല, വ്യത്യസ്തതകളെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള മനസ് ആണ് ഭിന്നശേഷി സമൂഹം പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്നായിരുന്നു ഡോ. പ്രിയേഷ് പ്രതികരിച്ചത്. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതെന്നും മറ്റ് അധ്യാപകരുടെ ക്ലാസുകളില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നുമുള്ള പ്രിയേഷിന്റെ സങ്കടം ഇനിയെങ്കിലും വിദ്യാര്‍ഥിസമൂഹം തിരിച്ചറിയണം. കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കേ മനസ്സിലാകുകയുള്ളൂ. ഒരു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് രണ്ട് മണിക്കൂര്‍ തയാറെടുപ്പ് നടത്തണമെന്ന് പ്രിയേഷ് പറയുമ്പോൾ എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം ആ മനുഷ്യന്‍ അധ്യാപകവൃത്തിയിൽ എത്തിപ്പെട്ടത് എന്ന് അദ്ദേഹത്തെ അപമാനിച്ച ഓരോ വിദ്യാർഥിയും ഓർക്കണം. അത്രയൊക്കെ പ്രയാസപ്പെട്ട് ക്ലാസെടുക്കുമ്പോള്‍ കുട്ടികളുടെ ഭാഗത്തുനിന്ന് ഇത്തരം അപമാനം കൂടി ഏൽക്കേണ്ടിവരിക എന്നത് ക്രൂരമാണ്. കുട്ടികള്‍ തെറ്റ് മനസിലാക്കണമെന്ന പ്രിയേഷിൻ്റെ വാക്കുകളിൽ, ഭിന്നശേഷിക്കാരോട് നമ്മില്‍ പലരും പുലര്‍ത്തുന്ന നിന്ദാമനോഭാവം തിരുത്തണമെന്ന അപേക്ഷ കൂടിയാണ് അടങ്ങിയിരിക്കുന്നത്. 2016ലെ മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം ഡോ. പ്രിയേഷിനായിരുന്നു എന്നറിയുമ്പോഴാണ് ആ അധ്യാപകന്റെ മഹത്വം ബോധ്യമാകുക.


ഭിന്നശേഷിക്കാരെ ഒരു ചുവട് അകറ്റിനിർത്താൻ സമൂഹം എക്കാലവും ജാഗരൂകമായിരുന്നു. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ലോകമൊട്ടുക്ക് ഈ അസ്പൃശ്യത കാണാം. ജർമനിയിൽ നാസി ഭരണകാലത്ത് ആയിരക്കണക്കിന് ഭിന്നശേഷിക്കാരെയും രോഗികളേയും അനാരോഗ്യമുള്ളതായി കരുതുന്ന കുഞ്ഞുങ്ങളേയുമാണ് അഡോൾഫ് ഹിറ്റ്ലർ കൂട്ടക്കശാപ്പ് ചെയ്തത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ തുല്യഎണ്ണം അനാരോഗ്യവാന്മാരെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു നാസികളുടെ നീതിശാസ്ത്രം. ഭിന്നശേഷിക്കാരായതിൻ്റെ പേരിലുള്ള ശാരീരിക പീഡനങ്ങൾക്ക് പുതിയകാലത്ത് അറുതിവന്നെങ്കിലും മാനസികപീഡനങ്ങളും കളിയാക്കലുകളും നിർബാധം തുടരുകതന്നെയാണ്. അതിന്റെ ഒടുവിലത്തെ ഇരയാണ് ഡോ. പ്രിയേഷ്. ഒരു കോളജ് അധ്യാപകൻ ഇത്തരത്തിൽ അവഹേളിക്കപ്പെടുന്നുവെങ്കിൽ അത്രയൊന്നും ഉന്നതിയിലെത്താത്ത ആയിരക്കണക്കിന് ഭിന്നശേഷിക്കാർ ഏതൊക്കെ ഇടങ്ങളിൽ നിരന്തരം പരിഹാസ്യരാവുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ചികിത്സ വേണ്ടത് നമ്മുടെ അസഹ്യമായ പൊതുബോധത്തിനു തന്നെയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.