കേരള പൊലിസിനെ വട്ടംകറക്കിയ കുപ്രസിദ്ധ മോഷ്ടാവാണ് ആട് ആന്റണിയെന്ന ആന്റണി വര്‍ഗീസ്. 200ല്‍പരം മോഷണക്കേസുകളിലെ മുഖ്യസൂത്രധാരന്‍. അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളി. മണിയന്‍പിള്ളയെന്ന പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് ആട് ആന്റണി.
ആട് ആന്റണി ഇനി മോഷ്ടിക്കില്ല. കുറ്റവാളിയാകാനില്ല. ഒരെഴുത്തുകാരനാകാന്‍ ഒരുങ്ങിയിരിക്കുകയാണ് അയാള്‍. ഇതിനകം ആന്റണിയുടെ ആത്മകഥ പുറത്തിറങ്ങിക്കഴിഞ്ഞു. വിപണിയില്‍ സൂപ്പര്‍ഹിറ്റായ തിരുടാ തിരുടാ ഒന്നരവര്‍ഷത്തിനകം മൂന്നുപതിപ്പുകള്‍ പിന്നിട്ടു. ഇതിനു പിന്നാലെ 15പുസ്തകങ്ങളാണ് ജയിലില്‍ നിന്ന് എഴുതിതീര്‍ത്തത്. ആദ്യ പുസ്തകം തന്നെ ഹിറ്റായതിന്റെ ത്രില്ലിലാണ് ആന്റണി എഴുത്തുതുടരുന്നത്.
എഴുതുന്നതെല്ലാം സിനിമയെ വെല്ലുന്ന ജീവിതകഥകളാണ്. അനുഭവങ്ങളെ കലര്‍പ്പില്ലാതെ കടലാസിലേക്കു പകര്‍ത്തുന്നു. ആത്മകഥയും നോവലും എല്ലാം ഉണ്ട് അതില്‍. എഴുതി തീര്‍ത്ത രചനകളെല്ലാം നിരവധി പ്രസാധകര്‍ക്ക് അയച്ചു കൊടുത്തു. ആദ്യം ആരും പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. ആന്റണി വ്യക്തമാക്കുന്നു.
ആറാം ക്ലാസുകാരന്റെ എഴുത്തല്ലേ. എങ്കിലും കഷ്ടപ്പെട്ട് എഴുതുന്നതില്‍ ജീവിതമുണ്ട്. അമ്പരപ്പിക്കുന്ന സസ്‌പെന്‍സുണ്ട്. പത്താമത്തെ വയസില്‍ ദുര്‍ഗുണ പാഠശാലയില്‍ തുടങ്ങിയ കുറ്റവാളിയുടെ ജീവിതമാണ്. പിന്നെ പൊലിസും കോടതിയും ജയിലും തന്നെയായിരുന്നു ആന്റണിയുടെ ജീവിതത്തിലുടനീളം. നിഗൂഢതകള്‍ നിറഞ്ഞ ജീവിതം. അവിശ്വസനീയം എന്നു പറഞ്ഞ് നിങ്ങള്‍ തള്ളിപ്പറഞ്ഞെന്നും വരാം. എന്നാല്‍ സത്യമാണ്. അതുകൊണ്ടാണ് പല ജീവിതകഥകളേയും നോവലിന്റെ കാന്‍വാസിലേക്കു പകര്‍ത്തിയത്.
ആത്മകഥ പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിന്റെ പരിഗണനയിലാണ് ആന്റണിയുടെ പല പുസ്തകങ്ങളും. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട്ടെ പേരക്ക ബുക്‌സാണ്.
എല്ലാവരും കൈവിട്ടു, കാഴ്ചയും പോയി
ഞാന്‍ ജയിലിലായതോടെ എല്ലാവരും എന്നെ കൈവിട്ടു. അതിനു മുമ്പ് എല്ലാവരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഞാന്‍ വാരിക്കോരി പണം കൊടുത്തു. സമ്മാനങ്ങള്‍ നല്‍കി. പക്ഷേ ഇപ്പൊ ആരുമില്ല. കാണാനും വരാറില്ല. കാഴ്ച ഏതാണ്ടുപോയി. അഞ്ചു വര്‍ഷം മുമ്പാണ് കണ്ണിന് അസുഖം ബാധിച്ചത്. യഥാസമയം ചികിത്സ ലഭിക്കാതായതോടെ കാഴ്ച മങ്ങിത്തുടങ്ങി. പടിപടിയായി കുറഞ്ഞ് ഇപ്പോള്‍ എഴുപത് ശതമാനം കാഴ്ചയും നഷ്ടപ്പെട്ടു. എഴുതുന്നതുപോലും വായിക്കാന്‍ ആകുന്നില്ല എന്ന പ്രയാസമാണിദ്ദേഹത്തിനിപ്പോഴുള്ളത്
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ലൈബ്രറിയിലെ മികച്ച വായനക്കാരനാണിപ്പോള്‍ ആന്റണി വര്‍ഗീസ്. അവിടെ നിന്നാണ് മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ ആന്റണി വായിക്കുന്നത്. ഒരച്ഛന്‍ മകള്‍ക്കയച്ച നെഹ്‌റുവിന്റെ പുസ്തകവും മദര്‍ തെരേസയുടെ പുസ്തകങ്ങളുമൊക്കെ വായിച്ചു.
എങ്ങനെയാണ് ആട് ആന്റണിയായത് ?
കൊല്ലം ജില്ലയിലെ കുമ്പളം ഗ്രാമത്തിലാണ് ആന്റണി ജനിച്ചത്. ദരിദ്ര കുടുംബത്തിലെ ആറാമത്തെ സന്തതി. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് കിടപ്പുരോഗിയായി. പട്ടിണി മാറ്റാന്‍ അമ്മയ്ക്കുകിട്ടുന്ന വരുമാനം തികഞ്ഞിരുന്നില്ല.
ആറാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. കുറ്റകൃത്യങ്ങളുടെ തുടക്കം ബാല്യകാല സുഹൃത്തായ ജോണിനൊപ്പമായിരുന്നു. ജോണിന്റെ വീട്ടിലെ ആടിനെ രണ്ടുപേരും ചേര്‍ന്ന് ചന്തയില്‍ കൊണ്ടുപോയി വിറ്റു. കിട്ടിയ പണം കൊണ്ട് കൊല്ലം ടൗണില്‍ ചുറ്റിക്കറങ്ങി. ആടിനെ വിറ്റ ആളുടെ കയ്യില്‍ നിന്നും വീണ്ടും മോഷ്ടിച്ച് അടുത്തയാള്‍ക്ക് മറിച്ചുവിറ്റു. ഈ മോഷണ പരമ്പര തുടരുന്നതിനിടെയാണ് പത്താം വയസ്സില്‍ ആദ്യമായി പോലിസിന്റെ പിടിയിലായത്.
പുതിയ മനുഷ്യനാകണം
ചെയ്തുപോയ പാപങ്ങളെല്ലാം തടവറക്കുള്ളില്‍ കഴുകിക്കളഞ്ഞ് പുതിയൊരു ജന്മവുമായി പുറത്തിറങ്ങാനാണ് ആന്റണിയുടെ ആഗ്രഹം. ഇനിയുള്ള കാലം ഒരെഴുത്തുകാരനാകണം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇല്ലെങ്കില്‍ ഒറ്റപ്പെടുകയേയുള്ളൂ. തെറ്റിലേക്ക് പിച്ചവെക്കുകയേയുള്ളൂ. ആ സാഹചര്യം ഇല്ലാതാക്കണമെന്നതാണ് ആവശ്യം. പ്രായമായി. കണ്ണിന്റെ കാഴ്ചപോയി. ഇനി മറ്റൊരു തൊഴിലെടുത്ത് ജീവിക്കാനാവില്ല. ആട് ആന്റണി പുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രസാധകര്‍ക്കയച്ച കത്തില്‍പറയുന്നു.
Comments are closed for this post.