
ബ്രസല്‍സ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി.എ.എ) യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റംഗങ്ങള്‍ തയ്യാറാക്കിയ പ്രമേയത്തിനു മേല്‍ ആദ്യം ചര്‍ച്ച നടക്കും. പിന്നീടാവും വോട്ടെടുപ്പിലേക്ക് നീങ്ങുക.
മുന്‍പ് കൊണ്ടുവന്ന ആറു പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അന്തിമ പ്രമേയത്തിന്റെ കരട്. സി.എ.എ കൊണ്ടുവന്നതിനെയും അത് നടപ്പിലാക്കുന്നതിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രമേയം. നിയമം വിവേചനപരവും അപകടരമായ ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്നാണ് പ്രമേയത്തിലെ പരാമര്‍ശം.
പൗരന്മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഒപ്പം സി.എ.എയും എന്‍.ആര്.സിയും തമ്മിലുള്ള ബന്ധവും വ്യക്തമാക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു.
നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ പൊലിസ് നടത്തുന്ന നരനായാട്ടിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ‘സമാധാനപരമായ പ്രതിഷേധ’ത്തെ ‘ക്രൂരമായി അടിച്ചമര്ത്തുകയാ’ണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തുന്നു. ഉദാഹരണമായി ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
‘സമാധാനപരമായ പ്രതിഷേധക്കാരെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടം ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങളില്‍ നൂറു കണക്കിന് പേരെ മര്‍ദിക്കുകയും വെടിവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു’- പ്രമേയത്തില്‍ പറയുന്നു.
പ്രമേയം പാസാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ലോക്സഭാ സ്പീക്കര്‍ പ്രമേയത്തിനെതിരെ ഇ.യു പാര്‍ലമെന്റ് പ്രസിഡന്റിന് കത്തയക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇന്ത്യയിലെ ഇ.യു അംബാസഡര്‍ ഉഗോ ആസ്റ്റുറ്റോയ്ക്ക് വിദേശകാര്യ മന്ത്രാലയം സമര്‍സ് അയക്കുകയും ചെയ്തു.
മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ- ഇ.യു കൂടിക്കാഴ്ചയ്ക്കു വേണ്ടി പോകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍.