ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ആവശ്യമാണെങ്കില്‍ യൂറോപ്പ് മധ്യസ്ഥത വഹിക്കാമെന്ന് തീവ്രവലതുപക്ഷ ആശയക്കാരായ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍. മോദിസര്‍ക്കാരിന്റെ ക്ഷണപ്രകാരം കശ്മിര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് 28 അംഗ സംഘം നിലപാട് വ്യക്തമാക്കിയത്. കശ്മിരിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതു മേഖലയുടെ സാമ്പത്തികരംഗത്തെ കൂടി ബാധിക്കുകയാണ്. കൂടാതെ അപകടകരമായ ഭീകരസംഘടനകള്‍ക്ക് മേഖലയില്‍ സ്വാധീനം വര്‍ധിച്ചിട്ടുമുണ്ട്. ഭീകരപ്രവര്‍ത്തനം മനുഷ്യത്വത്തിന്റെ പുതിയ ബന്ധിയാണ്. ഏതുനിലയ്ക്കും അതിനെ ഇല്ലായ്മ ചെയ്യണം-സംഘത്തിലെ സിംന്യോക് പറഞ്ഞു.
പ്രശ്‌നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിക്കുമ്പോഴാണ്, ഇന്ത്യ നേരത്തെ തള്ളിയ വാഗ്ദാനവുമായി സംഘം രംഗത്തുവരുന്നത്. പ്രശ്‌നത്തില്‍ ഇരുകക്ഷികള്‍ക്കും സമ്മതം ആണെങ്കില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യ അതുതള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ്, കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം കശ്മിരിലെത്തിയ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളും അതേ നിലപാട് ആവര്‍ത്തിച്ചത്.
ജമ്മുകശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവലതുപക്ഷ നിലപാടുള്ള എം.പിമാര്‍ക്ക് മാത്രമായി സന്ദര്‍ശനത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിവാദമായിരുന്നു. ഇറ്റലിയിലെ ലെഗ നോര്‍ദ്, ഫ്രാന്‍സിലെ റസ്സംബ്ലിമെന്റ് നാഷനല്‍, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റിവ് എന്നിവയുടെ അംഗങ്ങളാണ് കശ്മിര്‍ സന്ദര്‍ശനത്തിനെത്തിയത്. തീവ്ര കുടിയേറ്റവിരുദ്ധതയും ഇസ്‌ലാംഭീതിയുമാണ് ഈ സംഘടനകള്‍ തമ്മിലുള്ള ഏകസാമ്യമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തു.
28 അംഗ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നലെ രാവിലെയാണ് കശ്മിരിലെത്തിയത്. ഡല്‍ഹിയില്‍ അജിത് ദോവലിന്റെ വിരുന്നില്‍ പങ്കെടുത്ത ശേഷമായിരുന്നു സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. യൂറോപ്യന്‍ എം.പിമാര്‍ കശ്മിര്‍ സന്ദര്‍ശിക്കുന്നത് വാര്‍ത്തയായതോടെ, ഇത് ഔദ്യോഗിക പ്രതിനിധി സംഘമല്ലെന്നും തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയിരുന്നു. പിന്നാലെ സ്വകാര്യ സന്ദര്‍ശനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു. മോദിസര്‍ക്കാരിന്റെ ക്ഷണംസ്വീകരിച്ചാണ് പ്രതിനിധി സംഘം എത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്യുകയുണ്ടായി.
പ്രതിപക്ഷനേതാക്കള്‍ക്ക് പലതവണ കശ്മിര്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും അവരെ തുടയുകയും ചെയ്ത സര്‍ക്കാര്‍ വിദേശ എം.പിമാര്‍ക്ക് പ്രവേശനാനുമതി നല്‍കിയതിനെ വിവിധ കക്ഷികള്‍ ചോദ്യംചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇതോടൊപ്പം കശ്മിരിലെത്തിയ യൂറോപ്യന്‍ എം.പിമാരുടെ മുന്‍ നിലപാടുകളും പുറത്തുവരികയുണ്ടായി തീവ്രവലതുപക്ഷ ആശയക്കാരും കടുത്ത ഇസ്‌ലാംഭീതി പിന്തുടരുന്നവരുമാണ് ഇവരെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുകയുമുണ്ടായി. സംഘത്തിലെ ചില എം.പിമാര്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതിനിടെ കശ്മിരിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളോട് അഭിപ്രായ വ്യത്യാസമുള്ള ബ്രിട്ടനിലെ ലിബറല്‍ ഡമോക്രാറ്റിക് എം.പി ക്രിസ് ഡേവിസിന് സന്ദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി കൂടി വാര്‍ത്തയായതോടെ യൂറോപ്യന്‍ സംഘത്തെ ക്ഷണിച്ചുവരുത്തിയ സംഭവം കൂടുതല്‍ വിവാദമാവുകയായിരുന്നു.
സര്‍ക്കാരിന്റെ നടപടിയെ അതിരൂക്ഷമായാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതില്‍ എതിര്‍പ്പില്ലെന്നും പക്ഷേ ഇന്ത്യയിലെ എം.പിമാരെ തടഞ്ഞ് എന്തുകൊണ്ട് വിദേശികള്‍ക്ക് അനുമതി കൊടുത്തുവെന്നതാണ് തങ്ങളെ ആശ്ചര്യപ്പെടുത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഇതൊരു പ്രത്യേക ദേശീയതയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും കൊളോണിയലിസത്തിന്റെ ആലസ്യതയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. യൂറോപ്പിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തെ പോലും മോദിക്കു ലഭിക്കില്ലെന്നതിന് തെളിവാണിതെന്ന് മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും എം.പിമാരെയും കൂടി കശ്മിര്‍ സന്ദര്‍ശിക്കാന്‍ മോദി അനുവദിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
യൂറോപ്യന്‍ എം.പിമാരുടെ കശ്മിര്‍ സന്ദര്‍ശനം നരേന്ദ്രമോദിയുടെ ‘പബ്ലിസിറ്റി സ്റ്റന്‍ണ്ട്’ ആണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പ്രത്യേക ആശയക്കാരായ യൂറോപ്യന്‍ എം.പിമാരെ തെരഞ്ഞെടുപിടിച്ച് കശ്മിരിലേക്കു കൊണ്ടുവന്നത് മോദിയുടെ പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ്. മൂന്നു മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള കശ്മിരി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുമ്പോഴാണ് ഈ സന്ദര്‍ശനമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Europe should mediate if India, Pakistan want, says far-right EU MP
Comments are closed for this post.