
പാരീസ്: യൂറോ കപ്പ് കൈപ്പിടിയിലൊതുക്കി പറങ്കിപ്പട ചരിത്ര നേട്ടം കുറിച്ചു. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ ഒരു ഗോളിന് കീഴടക്കിയാണ് പോര്‍ച്ചുഗല്‍ യൂറോ കിരീടം ഉയര്‍ത്തിയത്. ആദ്യമായാണ് പറങ്കിപ്പട അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടം സ്വന്തമാക്കുന്നത്. അതിനാല്‍ തന്നെ പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ സുവര്‍ണ നേട്ടം കൂടിയായിരുന്നു ഇന്നലെ.
എക്സ്ര്ടാ ടൈമില്‍ എഡര്‍ നേടിയ മനോഹരമായ ഗോളാണ് പോര്‍ച്ചുഗലിന് തുണയായത്. സാഞ്ചസിനു പകരക്കാരനായാണ് എഡര്‍ ഗ്രൗണ്ടിലെത്തിയത്. 24ാം മിനിറ്റില്‍ കാല്‍മുട്ടിനേറ്റ പരുക്കിനെതുടര്‍ന്ന് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരഞ്ഞുകൊണ്ട് കളി മതിയാക്കി ഗ്രൗണ്ട് വിട്ടു. ശേഷം ബെഞ്ചിലെത്തിയ ക്രിസ്റ്റ്യാനോ സഹകളിക്കാര്‍ക്ക് നിര്‍ദേശവും ആവേശവുമായി ടീമിനൊപ്പം കൂടുകയായിരുന്നു.
ഏഴാം മിനിറ്റില്‍ ഫ്രാന്‍സ് താരം ദിമിത്രി പായെറ്റിന്റെ ഫൗളിനെതുടര്‍ന്ന് ഗ്രൗണ്ടില്‍ വീണ ക്രിസ്റ്റ്യാനോ ചികിത്സതേടി തിരിച്ചവവന്നെങ്കിലും 25ാം മിനിറ്റില്‍ കടുത്ത വേദന മൂലം സ്ട്രെക്ചറില്‍ ഗ്രൗണ്ട് വിടുകയായിരുന്നു. ഇത് പോര്‍ച്ചുഗല്‍ ആരാധകരെ കടുത്ത നിരാശയിലാക്കിയെങ്കിലും റൊണോള്‍ഡോയുടെ വേദനക്കും ആരാധകരുടെ നിരാശക്കുമുള്ള മറുപടി കൂടിയായിരുന്നു പോര്‍ച്ചുഗലിന്.
90 മിനിറ്റിലും ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ 19ാം മിനിറ്റിലാണ് പോര്‍ച്ചുഗലിനായി എഡര്‍ ഗോള്‍ വല കുലിക്കിയത്. മത്സരത്തിലുടനീളം നിരവധി സുവര്ണാവസരങ്ങള് ഫ്രാന്‍സിനെ തേടിയെത്തിയെങ്കിലും ഒന്നിനും ലക്ഷ്യം കാണാനായില്ല. തോല്‍വിയോടെ ഫ്രാന്‍സിന്റെ മൂന്നാമത്തെ യൂറോ കിരീടം എന്ന സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. 2004ല്‍ യൂറോ കപ്പ് ഫൈനല്‍ വരെയെത്തിയ പോര്‍ച്ചുഗലിനെ ഭാഗ്യം തുണച്ചില്ല. ഫ്രാന്‍സുമായി അവസാനം കളിച്ച പത്തുമത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ പോര്‍ച്ചുഗലിന്റെ മധുര പ്രതികാരം കൂടിയായിരുന്നു ഇന്നലെ. ആറു ഗോളേുകള് നേടി ഫ്രാന്‍സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച അന്റോണിയോ ഗ്രീസ്മാനാണ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്.