
ലണ്ടന്‍: അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ലോകരാജ്യങ്ങളില്‍ പലതും എതിര്‍പ്പുമായി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണത്തിന്റെ പുതിയ ഭാവവുമായി യൂറോപ്യന്‍ യൂനിയന്‍. ലിബിയക്ക് നല്കുന്ന ബോട്ടുകള്‍ക്ക് (കാറ്റു നിറക്കുന്ന തരത്തിലുള്ള ബോട്ടുകള്‍) നിയന്ത്രണം ഏര്‍പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചു. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ യാത്രക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് തീരുമാനം. ഇതോടെ ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിലക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കള്ളക്കടത്തു തടയാനാണ് നിയന്ത്രണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. 28 യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കഴിഞ്ഞ ദിവസം കടലില്‍ അപകടത്തില്‍പ്പെടുന്ന അഭയാര്‍ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ വംശീയവാദികളുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തിയിരുന്നു. മധ്യധരണ്യാഴിയില്‍ അപകടത്തില്‍പ്പെടുന്ന അഭയാര്‍ഥികളെ രക്ഷിക്കുന്ന ദൗത്യ സംഘത്തിനെതിരേയാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷ വിഭാഗം രംഗത്തുള്ളത്.
ഈ വര്‍ഷം മാത്രം ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് മധ്യധരണ്യാഴി കടന്നത്. ഇതില്‍ എണ്‍പത്തിനാലു ശതമാനം പേര് ഇറ്റലിയിലാണ് അഭയം തേടിയത്.