
ലണ്ടന്‍: ബ്രെക്സിറ്റ് കരാറിലെത്താന്‍ ബ്രിട്ടണ് സാധിക്കാതെ വന്നതോടെ സമയപരിധി നീട്ടിനല്‍കി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു). ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. പൂര്‍ണമായ കരാറിലെത്താന്‍ സമയം നീട്ടിനല്‍കണമെന്ന ബ്രിട്ടന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനയാണ് ബ്രെക്സിറ്റ്. എന്നാല്‍ ബ്രെക്സിറ്റ് കരാര്‍ കൊണ്ടുവരാന്‍ ഇതുവരെ ബ്രിട്ടണ് സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന തെരേസാ മേ രാജിവയ്ക്കുകയും പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് ചുമതലയേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ബോറിസ് ജോണ്‍സും കരാറിലെത്തുക എളുപ്പമായില്ല. ഒക്ടോബര്‍ 31ന് ഇ.യു നല്കിയ കാലാവധി അവസാനിക്കാനിരിക്കെ, കഴിഞ്ഞയാഴ്ച അദ്ദേഹം കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സ്വന്തം പക്ഷത്തു നിന്നുപോലും പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് അതും മുടങ്ങുകയായിരുന്നു. പിന്നാലെ ബോറിസ് ജോണ്സണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇ.യുവിനെ സമീപിക്കുകയായിരുന്നു.