2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എത്ര പെട്ടെന്നാണു നമ്മള്‍ വര്‍ഗീയവാദികളാവുന്നത്

എ. സജീവന്‍

തലേദിവസം മരണം നടന്ന ഒരു വീട്ടില്‍ പോയപ്പോഴാണു ഞെട്ടിക്കുന്ന ആ യാഥാര്‍ഥ്യം ബോധ്യമായത്; നാം അതിഭീകരമായി മതഭ്രാന്തന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥലവും സമയവും നോക്കാതെ മിക്കവരും സംസാരിച്ചുപോകുന്നതു വര്‍ഗീയവിദ്വേഷം നിറഞ്ഞ വര്‍ത്തമാനങ്ങളാണ്. ആ മരണവീട്ടില്‍പ്പോലും അതാണു സംഭവിച്ചത്.

മരണം നടന്ന ആ വീടിന്റെ പശ്ചാത്തലം പറഞ്ഞുകൊണ്ട് ഇക്കാര്യം വിശദീകരിക്കുമ്പോഴേ നമ്മെ കീഴടക്കിക്കൊണ്ടിരിക്കുന്ന സാമുദായികതയുടെ ഭീകരത ബോധ്യമാകൂ. ഓര്‍ക്കാപ്പുറത്താണ് ആ വീട്ടിലെ ഗൃഹനാഥ മരിച്ചത്. ഹൃദയാഘാതമായിരുന്നു. ഭാര്യയുടെ അകാലത്തിലുള്ളതും ആകസ്മികവുമായ വേര്‍പാട് ഗൃഹനാഥനെ ആകെ തളര്‍ത്തിയിരുന്നു.
അദ്ദേഹത്തെ സമാശ്വസിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിലാണ് നാട്ടുകാരായ മറ്റു ചിലര്‍ വന്നത്. അവരും വിഷാദമൂകമായ ആ അന്തരീക്ഷത്തിന്റെ ഭാഗമായി കുറച്ചുനേരം ഇരുന്നു. പിന്നെ പരസ്പരം സംസാരമായി. ക്രമേണ ദിവസങ്ങള്‍ക്കു മുമ്പു നടന്ന അപ്രഖ്യാപിത ഹര്‍ത്താലിലേയ്ക്കും അതുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിലേയ്ക്കും സംസാരം നീണ്ടു.
”ബേപ്പൂരില്‍ ഇത്ര വര്‍ഗീയത പണ്ടുണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം എത്ര സൗഹാര്‍ദത്തില്‍ കഴിഞ്ഞ നാടായിരുന്നു. മതപ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കി മറ്റുള്ളവരെ രക്ഷിച്ചത് അതേ മതക്കാരായ ആളുകള്‍ തന്നെയായിരുന്നില്ലേ.” ആ കൂട്ടത്തില്‍ പ്രായമേറെയുള്ള ആള്‍ പറഞ്ഞു.
മദ്യപിച്ചു ബഹളമുണ്ടാക്കിയ മൂന്നുപേര്‍ ലഹരിയുടെ ആധിക്യത്തില്‍ ഒരു മുസ്‌ലിമിനെ ഒരു കാരണവുമില്ലാതെ അടിച്ചതും അതു പ്രതികാരനടപടിയിലേയ്ക്കും വര്‍ഗീയവിരോധത്തിലേയ്ക്കും എത്തിയതുമായ പഴയകാല സംഭവം അദ്ദേഹം അനുസ്മരിച്ചു. അടികൊണ്ടയാള്‍ ചാലിയത്തുകാരനായിരുന്നു. വിവരമറിഞ്ഞു പകരം ചോദിക്കാനായി കുറേപ്പേര്‍ ചാലിയത്തുനിന്നു ബേപ്പുരിലേയ്ക്കു കുതിച്ചു.

ഈ വിവരമറിഞ്ഞ ബേപ്പൂരിലെ ഒരു മുസ്‌ലിം കാരണവരാണ് പെട്ടെന്നുതന്നെ ആ മദ്യപന്മാരെ അവിടെ നിന്നു മാറ്റാന്‍ നിര്‍ദേശം കൊടുത്തത്.
”അന്ന് ആ കാരണോര് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അതു സാമുദായിക ചോരക്കളിയായി മാറ്വായിരുന്നു.” സംഭവം വിവരിച്ചയാള്‍ പറഞ്ഞു.
അവിടത്തെ സംസാരം പണ്ടുകാലത്തു കോളിളക്കം സൃഷ്ടിച്ച നടുവട്ടം വെടിവയ്പ്പുകേസിലേയ്ക്കും അതിനു കാരണമായ വര്‍ഗീയസംഘര്‍ഷത്തിലേയ്ക്കും നീണ്ടു.
”ശരിയാണ്.., അന്നും പ്രശ്‌നണ്ടാക്കാന്‍ ബോധപൂര്‍വം ചിലര്‍ രണ്ടുപക്ഷത്തും ശ്രമിച്ചിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് രാഷ്ട്രീയവിരോധം വച്ചു കള്ളക്കേസില്‍ കുടുക്കിയ സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.” പഴയകാലത്തെ അത്തരം ഓര്‍മകളിലേയ്ക്ക് ഒരാളുടെ വാക്കുകള്‍ നീണ്ടു.

ബേപ്പൂരില്‍ അക്കാലത്തു ബാപ്പുട്ടി എന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ ഉണ്ടായിരുന്നു. വര്‍ഗീയചിന്ത ലവലേശം തീണ്ടാത്ത മനുഷ്യസ്‌നേഹി. പക്ഷേ, നടുവട്ടം വര്‍ഗീയഅക്രമക്കേസില്‍ അദ്ദേഹം പ്രതിയാക്കപ്പെട്ടു. കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
”നടുവട്ടം വെടിവയ്പ്പുസംഭവമുണ്ടാകുമ്പോള്‍ ബാപ്പുട്ടിക്ക സ്ഥലത്തേ ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ ചില ഫാസിസ്റ്റ് മനസ്സുകള്‍ അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു.” സംഭവം വിവരിച്ചയാള്‍ പറഞ്ഞു.

ആ മരണവീട്ടിലെ സംസാരത്തിലെ ഇത്രയും ഭാഗം വര്‍ഗീയതയെ ചെറുത്ത നല്ല മനസ്സുകളെക്കുറിച്ചായിരുന്നെങ്കില്‍ പിന്നീട് അവരുടെ സംസാരത്തില്‍ സാമുദായികവിരോധത്തിന്റെ ഛായ തെളിഞ്ഞുവരാന്‍ തുടങ്ങി. കശ്മിരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതിലുള്ള പ്രതിഷേധമായി സോഷ്യല്‍ മീഡിയയിലൂടെ ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമത്തിലേയ്ക്കു തിരിഞ്ഞതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള സംസാരം.

ഒരു മതവിഭാഗത്തിലുള്ളവരുടെ കടകളും വാഹനങ്ങളും തെരഞ്ഞുപിടിച്ചു തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വം എതിര്‍മതക്കാര്‍ നടത്തിയ ഹര്‍ത്താലായിരുന്നു അതെന്നായി അവരില്‍ പലരും. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളും വിവരണങ്ങളും തങ്ങളുടെ നിലപാടു ന്യായീകരിക്കാന്‍ വേണ്ട തെളിവുകളായി അവര്‍ നിരത്തി.
ആ സംസാരം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നപ്പോള്‍ പേടിപ്പെടുത്തുന്ന ഒരു സത്യം മനസ്സില്‍ തറച്ചുനിന്നു. ആരോ സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചതും മറ്റുള്ളവര്‍ ഏറ്റുപിടിച്ചു വ്യാപകമായി പ്രചരിപ്പിച്ചതും അതിന്റെ മറവില്‍ ചില മതഭ്രാന്തന്മാരും സാമൂഹ്യദ്രോഹികളും അഴിഞ്ഞാടിയതുമായ ഒരു ഹര്‍ത്താല്‍ എത്രയോ മനസ്സുകളില്‍ അതിഭീകരമായ തരത്തില്‍ വര്‍ഗീയചിന്ത പതിപ്പിച്ചിരിക്കുന്നു.സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മിക്ക ദൃശ്യങ്ങളിലും കുറിപ്പുകളിലും നിറഞ്ഞുനില്‍ക്കുന്നതു സാമുദായിക പകയുടെ തീക്കനലുകളാണ്. അതു വായിക്കുകയും കാണുകയും ചെയ്യുമ്പോള്‍ ഏതൊരു മനസ്സിലും വര്‍ഗീയത പത്തിവിടര്‍ത്തും. ഒരിക്കലും വര്‍ഗീയമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്ന പല സുഹൃത്തുക്കളുടെയും വാക്കുകള്‍ പില്‍ക്കാലത്തു വിഷലിപ്തമാകുന്നതു കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.

കത്‌വയിലെ കൊച്ചുപെണ്‍കുട്ടിയുടെ ദുര്‍വിധിയെക്കുറിച്ച് എഴുതിയ കുറിപ്പ് വാട്‌സ്ആപ്പില്‍ പലര്‍ക്കും അയച്ചുകൊടുത്തപ്പോഴുണ്ടായ പല പ്രതികരണങ്ങളും മനസ്സിനെ കീറിമുറിക്കുന്നതായിരുന്നു. തികഞ്ഞ മതേതരവാദിയെന്നു കരുതിയ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെ: ‘ഈ സംഭവം കൊട്ടിഘോഷിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് ഈ കേരളത്തിലെ ചില മതംപഠിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു മിണ്ടുന്നില്ല. അപ്പോള്‍ നിങ്ങളുടെ പേനയിലെ മഷി ഉണങ്ങിപ്പോകുകയാണോ.’
ഇതിന്റെ തന്നെ വളരെ കൂടിയതും അതിക്രൂരവുമായ പ്രതികരണമാണല്ലോ, ബാങ്ക് മാനേജരായ ഫാസിസ്റ്റ് തീവ്രവാദി ഫേസ് ബുക്കിലൂടെ നടത്തിയത്. ‘കൂട്ടബലത്സംഗം ചെയ്തു കൊന്നില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടി നാളെ ഇന്ത്യയ്‌ക്കെതിരേ മനുഷ്യബോംബായി മാറുമായിരുന്നു’ എന്നൊക്കെ ചിന്തിക്കാന്‍ മാത്രം കുടിലമനസ്‌കരായി മാറിയിരിക്കുന്നു നമ്മളില്‍ പലരും. പീഡിപ്പിച്ചു കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ മുഖത്തു സ്വന്തം മകളെയോ പെങ്ങളെയോ ദര്‍ശിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ മതഭ്രാന്തിന്റെ തിമിരം നമ്മുടെ അകക്കണ്ണുകളെ ബാധിച്ചിരിക്കുന്നു. അവിശ്വാസവും പകയും ജാതിമതഭേദമില്ലാതെ പടര്‍ന്നു പിടിക്കുകയാണ്.

ഹാ കഷ്ടം.., എത്ര പെട്ടെന്നാണ് നമ്മള്‍ വര്‍ഗീയവാദികളായി മാറുന്നത്.

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.