2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എത്തിക്സ് അന്യമാകുന്ന പൊതുഭാഷണങ്ങള്‍

ടി.കെ ജോഷി

മലയാള സിനിമയുടെ യുവതാരങ്ങളിൽ അത്രയൊന്നും മുമ്പിൽ ശ്രീനാഥ് ഭാസിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇക്കഴിഞ്ഞ ഒരാഴ്ചയായി ഭാസി തന്നെയാണ് ഒന്നാമൻ. ഒരുദിവസം ലക്ഷക്കണക്കിന് പേരാണ് ശ്രീനാഥ് ഭാസിയുടെ വിഡിയോകളും ഇന്റർവ്യൂകളും വാർത്തകളുമൊക്കെ കാണുകയോ വായിക്കുകയോ ചെയ്യുന്നത്. ഈ യുവനടനുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങൾ കേരളത്തിലെ അച്ചടിമാധ്യമങ്ങൾ ഒറ്റക്കോളത്തിലാക്കി അവതരിപ്പിച്ചുവെങ്കിലും സമൂഹമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഇപ്പോഴും ഈ ‘ആഭാസ’ത്തരങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഓൺലൈൻ മാധ്യമങ്ങളുടെ സാംസ്‌കാരിക ഇടപെടലുകളെക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള പ്രസക്തിയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതും.

ശ്രീനാഥ് ഭാസിയുമായി മാത്രം ബന്ധപ്പെട്ടുള്ള വിഷയമല്ലിത്. സിനിമയും അതിന്റെ അണിയറപ്രവർത്തകരുമായും ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നൽകിക്കൊണ്ടിരിക്കുന്ന ഗോസിപ്പ് പുരട്ടിയ വാർത്തകൾ സൃഷ്ടിക്കുന്ന സാംസ്‌കാരിക അപചയം അതിരുവിടുകയാണോയെന്നതാണ് ഉയരുന്ന ചോദ്യം. യുവാക്കൾ ഉൾപ്പെടെ വലിയ വിഭാഗം ജനങ്ങൾ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിലായതിനാൽ എഡിറ്റിങ് ഇല്ലാത്ത ഈ മാധ്യമമേഖലയിൽ വരുത്തേണ്ടതോ പുലർത്തേണ്ടതോ ആയ നിയന്ത്രണങ്ങൾ തീർച്ചയായും ഗൗരവ ചർച്ചാവിഷയം തന്നെയാണ്. അസംബന്ധങ്ങളും ആഭാസത്തരങ്ങളും അവതരിപ്പിക്കപ്പെടുന്ന മേഖലയായി ഓൺലൈൻ മാധ്യമമേഖല മാറാതിരിക്കേണ്ടത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും അനിവാര്യമാണ്. കാരണം ഭാവിയിലെ ജനപ്രിയ മാധ്യമങ്ങളായി നിലകൊള്ളേണ്ടത് ഓൺലൈൻ മാധ്യമങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ജനാധിപത്യ സംവിധാനത്തിൽ അവയ്ക്കുള്ള പങ്ക് ഏറെ വലുതുമാണ്. എന്നാൽ ജനാധിപത്യപ്രക്രിയയിലെ ആ ഇടത്തെക്കുറിച്ച് തിരിച്ചറിവില്ലാത്തവരാണ് ഇപ്പോൾ ഓൺലൈൻ മാധ്യമ അധിപൻമാരിലും എഡിറ്റോറിയൽ സ്റ്റാഫിലും ഏറെയുമുള്ളതെന്നാണ് വസ്തുത. വിമർശനമപരായി സമൂഹത്തെ കാണുക എന്നതാണ് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം തന്നെ, പകരം ഇക്കിളിപ്പെടുത്താനുള്ള ഉപാധിയായി അതിനെ മാറ്റിയാൽ ഫലം ആശ്വാസകരമാകില്ല.

ശ്രീനാഥ് ഭാസിയുമായുള്ള രണ്ട് ഓൺലൈൻ മാധ്യമങ്ങളുടെ അഭിമുഖങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒന്ന് ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് വേണ്ടി രണ്ടു പെൺകുട്ടികൾ നടത്തിയ അഭിമുഖം, മറ്റൊന്നു ഒരു റേഡിയോ ജോക്കി സ്റ്റുഡിയോ റൂമിൽവച്ചു നടത്തിയ അഭിമുഖം. ഇതിൽ പെൺകുട്ടികളുമായി നടത്തിയ അഭിമുഖത്തിനിടെ നടൻ ആഭാസകരമായ പദപ്രയോഗങ്ങൾ നടത്തിയത് ഇപ്പോൾ കേസിലും ശ്രീനാഥ് ഭാസിയുടെ അറസ്റ്റിലും എത്തിനിൽക്കുകയാണ്. അഭിമുഖങ്ങൾ അനുവദിക്കപ്പെട്ട അരമണിക്കൂറത്തെ ജോലി മാത്രമാണെന്ന് കരുതുന്ന മാധ്യമപ്രവർത്തകയും റേഡിയോ ജോക്കിയും സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കിയ ഈ ആഭാസത്തരത്തിന് ഭാസിയോളം തന്നെ പങ്കുണ്ടെന്നാണ് രണ്ട് അഭിമുഖങ്ങളും വ്യക്തമാക്കുന്നത്.

ഓൺലൈൻ ചാനലിന്റെ റേറ്റിങ് ഉയരാനും നിർമാതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് സിനിമയുടെ പ്രമോഷനും മാത്രം ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളാണ് അഭിമുഖങ്ങളിൽ നിഴലിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്നിടത്താണ് മാധ്യമപ്രവർത്തനത്തിന് മൂല്യശോഷണം സംഭവിക്കുന്നതും. മുമ്പിലിരിക്കുന്ന എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും ചോദ്യം മറുപടി അർഹിക്കുന്നതാണെന്ന ബോധ്യമുയർത്താൻ മാത്രമുള്ള കരുത്തുണ്ടെങ്കിൽ മാത്രമേ മാധ്യമപ്രവർത്തനത്തിന്റെ തല ഉയർന്നുനിൽക്കൂവെന്ന പാഠം ഭാസിയിലൂടെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നുണ്ട്. ഭാസി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ അത് ഏതെങ്കിലും ഒരാൾക്ക് തന്റെ സാംസ്‌കാരികമോ കലാപരമോ ആയ വളർച്ചയ്ക്കുള്ള ഉത്തേജനമാകാൻ കഴിഞ്ഞെങ്കിൽ ആ അഭിമുഖം തീർച്ചയായും ഉപകരിക്കും. എന്നാൽ മറ്റു താരങ്ങളുടെ ചട്ടമ്പിത്തരത്തിന്റെ അളവുകോൽ തേടുകയോ അറിയാത്ത പാട്ട് പാടാൻ ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ ബാക്കിയാകുന്നത് സാംസ്‌കാരിക മലിനീകരണമാണെന്ന് ചുരുങ്ങിയത് ഇത്തരം മാധ്യമപ്രവർത്തകർ എങ്കിലും തിരിച്ചറിയണം. മാധ്യമപ്രവർത്തന ക്ലാസുകളിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിലെ എത്തിക്സ് പാഠങ്ങൾ മീഡിയകളിൽനിന്ന് അന്യമാവുന്ന കാലം കൂടിയാണിത്. ആവിഷ്കാരത്തിൻ്റെ പരിധികൾ റേറ്റിങ്ങുകൾക്കായി ഇല്ലാതാക്കുന്നതാണ് മാധ്യമമേഖല ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ജീർണതകളിലൊന്ന്

ഇനി ഭാസിയെപ്പോലുള്ളവരിലുമുണ്ട് ജീർണതകൾ. ഒരു പൊതുഇടത്തിൽ തങ്ങളൊക്കെ എത്രമാത്രം മാന്യരും സ്വീകാര്യരും ആവണമെന്ന ബോധം ഓരോ സെലിബ്രിറ്റികൾക്കും തീർച്ചയായും ഉണ്ടാകണം. ഇവിടെ ഭാസിമാർക്ക് കൈമോശംവന്നതും അതാണ്. തീർത്തും അവഗണിക്കാവുന്ന ചോദ്യങ്ങൾക്കാണ് അസഭ്യവാക്കുകളിലൂടെ മറുപടി നൽകുന്നത്. തന്റെ മുമ്പിൽ ഇരിക്കുന്നത് ഒരു സ്ത്രീയാണെന്ന പരിഗണന പോലും കൊടുക്കാതെ തെറിയഭിഷേകം നടത്തിയതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഇത് ചട്ടമ്പിത്തരം തന്നെയാണ്. സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉന്നതസ്ഥാനം കൽപ്പിക്കപ്പെട്ടവർക്ക് അവർ തീരുമാനിക്കുന്നതാണ് അതിരുകൾ എന്ന മനോഭാവത്തിന്റെ പ്രതിഫലനം ഭാസിയുടെ ഈ വാക്കുകളിലുമുണ്ട്.
ഇത് സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സാംസ്‌കാരിക രംഗത്തും ഉദ്യോഗസ്ഥതലത്തിലും വ്യക്തിസംഭാഷണങ്ങളിലും കാണാനാകും. ജാതീയമായ അടിച്ചമർത്തലിൽ നിന്നും ആക്ഷേപ ചൊരിച്ചിലിൽ നിന്നും സമൂഹം മുക്തമായെന്ന് അവകാശപ്പെടുമ്പോഴും ഇത് മറ്റൊരു രീതിയിൽ തുടരുന്നുവെന്നാണ് ഇതൊക്കെ അടിവരയിടുന്നത്. അതിനാൽ തന്നെ ഇനിയും തിരുത്താൻ വൈകികൂടാ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.