2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നേരിടാനുറച്ച് തുര്‍ക്കി: യു.എസ് വൈദ്യുതോപകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഉര്‍ദുഗാന്റെ ആഹ്വാനം

ഡോളറിനെതിരെ തുര്‍ക്കിയുടെ ലിറ മുന്നേറ്റമുണ്ടാക്കിയെങ്കിലും യു.എസിനെതിരേ കര്‍ക്കശ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ദുഗാന്‍

അങ്കാറ: അമേരിക്ക- തുര്‍ക്കി കച്ചവട-വാക് പോര് രൂക്ഷമാവുന്നു. അമേരിക്കയുടെ ഉപരോധ ഭീഷണികളെ വകവയ്ക്കാതെ ശക്തമായ നീക്കങ്ങളുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തി.

അമേരിക്കന്‍ നിര്‍മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഉര്‍ദുഗാന്‍. യു.എസ് നിര്‍മിത ഐ ഫോണ്‍ ഒഴിവാക്കി പകരം കൊറിയന്‍ നിര്‍മിത സാംസങോ ടര്‍ക്കിഷ് നിര്‍മിത വെസ്‌ടെലിന്റെ ഉല്‍പന്നങ്ങളോ വാങ്ങണമെന്ന് ഉര്‍ദുഗാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു.

”അവര്‍ക്ക് ഐഫോണുണ്ടെങ്കില്‍, മറ്റൊരിടത്ത് സാംസങുണ്ട്. നമ്മള്‍ക്ക് വെസ്‌ടെല്ലുണ്ട്”- ഉര്‍ദുഗാന്‍ പറഞ്ഞു.

ലിറയുടെ മൂല്യത്തില്‍ മുന്നേറ്റം

അതേസമയം, ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യത്തിലുണ്ടായ ഇടിവില്‍ നിന്ന് ചെറിയ മുന്നേറ്റം തുടങ്ങി. ഈ വര്‍ഷം മാത്രം 45 ശതമാനത്തില്‍ അധികം ഇടിവുണ്ടായ ലിറയെ ഉണര്‍ത്താനായി ഉര്‍ദുഗാന്‍ തിങ്കളാഴ്ച പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചിരുന്നു.

 

 

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ രൂപയിലും റെക്കോര്‍ഡ് ഇടിവുണ്ടായിരുന്നു. ഡോളറിനെതിരേ 70 രൂപയ്ക്കടുത്തു വരെ ഇന്ത്യന്‍ രൂപയെത്തി. ഒറ്റ ദിവസം മാത്രം രണ്ടു ശതമാനത്തോളം ഇടിവാണുണ്ടായത്. ഇത് എക്കാലത്തേയും റെക്കോര്‍ഡ് നഷ്ടമാണ്.

ലിറയ്ക്ക് ഉന്മേഷം നല്‍കാന്‍ തങ്ങളുടെ കൈവശമുള്ള ഡോളറുകളും യൂറോകളും വില്‍ക്കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഉല്‍പാദകര്‍ ഡോളറുകള്‍ വാങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌പോര് പാസ്റ്ററുടെ തടങ്കലിനെച്ചൊല്ലി

അമേരിക്കന്‍ പാസ്റ്ററായ ആന്‍ഡ്ര്യൂ ബ്രുണ്‍സണ്‍ തുര്‍ക്കിയില്‍ തടവിലായതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോലും കച്ചവടയുദ്ധവും തുടങ്ങിയത്. ടര്‍ക്കിഷ് വിമതനായ ഗുലനെ സഹായിച്ചയാളാണ് കണ്ടെത്തിയാണ് തുര്‍ക്കി പാസ്റ്ററെ തടവിലാക്കിയത്. എന്നാല്‍ പാസ്റ്ററെ വിട്ടില്ലെങ്കില്‍ തുര്‍ക്കിക്കു മേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തി.

 

പാസ്റ്ററെ അറസ്റ്റ് ചെയ്തതു മാത്രമല്ല അമേരിക്കയുടെ പ്രശ്‌നം. സിറിയന്‍ വിഷയത്തില്‍ തുര്‍ക്കിയുടെ നിലപാടും റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള തീരുമാനവും അമേരിക്കയെ പ്രകോപിപ്പിച്ചു.

കഴിഞ്ഞ 20 മാസമായി ജയിലിലുള്ള പാസ്റ്ററെ വീട്ടു തടങ്കലിലേക്കു മാറ്റാന്‍ ജൂലൈയില്‍ കോടതി ഉത്തരവിട്ടതോടെയാണ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും രംഗത്തെത്തിയത്. എന്നാല്‍ കോടതി നടപടികള്‍ അതുപോലെ പോവുമെന്ന് തുര്‍ക്കി പ്രതികരിക്കുകയായിരുന്നു.

ഇതോടെ തുര്‍ക്കിയുടെ അലുമിനിയം ഇറക്കുമതി തീരുവ 20 ശതമാനമായും സ്റ്റീലിന്റെ ഇറക്കുമതി തീരുവ 50 ശതമാനമായും ഉയര്‍ത്തിക്കൊണ്ട് ട്രംപ് പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അയഞ്ഞുകൊടുക്കാന്‍ ഇതുവരെ ഉര്‍ദുഗാന്‍ തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ നടപടികളിലേക്കു കൂടി നീങ്ങുകയാണിപ്പോള്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.