2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ആഭ്യന്തര വകുപ്പിനെതിരെയുള്ള കുത്തുവാക്കുകള്‍ എല്ലാ സീമകളും ലംഘിച്ചു’- കാനത്തിനെതിരെ ഇ.പി ജയരാജന്‍

''എല്‍.ഡി.എഫിന്റെ മേലാവിയായി കാനത്തിനെ ചുമലപ്പെടുത്തിയിട്ടില്ല, എല്‍.ഡി.എഫ് നയം പറയേണ്ടത് മുന്നണിയില്‍ ചര്‍ച്ച് ചെയ്ത്''

നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് സംഭവത്തില്‍ പൊലിസിനെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് ഇ.പി ജയരാജന്‍ രംഗത്ത്. പൊലിസിനു നേരെയും ആഭ്യന്തര വകുപ്പിനു നേരെയും കാനം നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പൊലിസിന് നേരെയും ആഭ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ള കേരളീയര്‍ക്ക് ക്ഷമിക്കുവാന്‍ കഴിയുന്നതല്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എല്‍.ഡി.എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.

മുന്നണിക്കകത്തു യുക്തമായ വേദിയില്‍ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യന്‍ഷിപ് നേടാന്‍ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പോലീസ് നയം സുവ്യക്തമാണ്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുന്നതല്ല അത്. ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആള്‍ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം.

പഴയ കൂട്ടുകെട്ടിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പോലീസ് ഡി ജി പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാന്‍ പുറപ്പെട്ടവരെ ന്യായീകരിക്കാന്‍ എന്താണ് ന്യായം? സഖാവ് വി എസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുകയും വി എസി നെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്? വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

depositphotos_99358540-hand-click-iconവായിക്കാം… കാനം അന്ന് പറഞ്ഞത്‌


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.