
ഇന്ന് ലോക ജലദിനമാണ്. ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണമാണ് ഈ വര്‍ഷത്തെ ജല ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാര്‍ച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വര്‍ഷവും ഓരോ സന്ദേശമാണ് നല്‍കാറുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അളവില്‍ കൂടുതല്‍ മഴ ലഭിച്ചെങ്കിലും ഇത് ഭൂഗര്‍ഭജലമാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മഴ വെള്ളം പുഴകള്‍ വഴി കടലിലെത്തി ഉപ്പ് വെള്ളമായി തീരുന്നു. ലോകത്ത് ആകമാനം വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരുകയാണ്. ശുദ്ധജലം മലിനപ്പെടുന്നതും വര്‍ധിക്കുന്നു. ഓരോ തുള്ളി വെള്ളവും ജീവന് നിലനിര്‍ത്താനുള്ളതാണെന്ന ചിന്തയില്‍ ഉപയോഗിക്കണം.
ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലാണ്. ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.
കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ലോക ജലദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.